കലാ-കായിക അധ്യാപക നിയമനം: സംസ്ഥാനം 382.92 കോടി രൂപ പാഴാക്കി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ കലാ-കായിക, പ്രവൃത്തി പരിചയ അധ്യാപക (സ്പെഷലിസ്റ്റ് അധ്യാപകര്‍) നിയമനത്തിനായി കേന്ദ്രമാനവശേഷി മന്ത്രാലയം അനുവദിച്ച 382.92 കോടി സംസ്ഥാനം പാഴാക്കി. 2010 -11 മുതലുള്ള തുകയാണ് അധ്യാപക നിയമനം നടത്താതെ പാഴാക്കിയത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പാഠ്യക്രമത്തില്‍ കലാകായിക, പ്രവൃത്തി പരിചയ പഠനം നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് ഈ ഇനത്തില്‍ ഫണ്ട് അനുവദിച്ചത്. എന്നാല്‍ ഇതുവരെ ഒരു അധ്യാപകനെപ്പോലും സര്‍ക്കാര്‍ നിയമിച്ചിട്ടില്ല.
2010 മുതല്‍ 2016 വരെ 478.40 കോടിയാണ് അനുവദിച്ചത്. 2010 -11ല്‍ 28 കോടിയും 2011 -12ല്‍ 84.02 കോടിയും 2012 -13ല്‍ 26.25 കോടിയും 2013 -14ല്‍ 80.10 കോടിയും 2014 -15ല്‍ 88.11 കോടിയും 2015 -16ല്‍ 88.53 കോടിയുമാണ് അനുവദിച്ചത്. നടപ്പു അധ്യയന വര്‍ഷം അധ്യാപക നിയമനത്തിനായി 87.9 കോടിയും അനുവദിച്ചു. 2012 -13ല്‍ അനുവദിച്ച തുകയില്‍നിന്ന് 9.55 കോടിയും 2013 -14ല്‍ 70.53 കോടിയും 2014 -15ല്‍ 15.40 കോടിയും സര്‍ക്കാര്‍ ട്രഷറിയിലേക്ക് മാറ്റി ചെലവഴിച്ചതായി കണക്കുണ്ടാക്കി. ഇങ്ങനെ മൂന്നുവര്‍ഷം കൊണ്ട് ട്രഷറിയിലേക്ക് മാറ്റിയ 95.48 കോടി ചെലവഴിക്കാതെ കിടക്കുമ്പോള്‍ 382.92 കോടി നഷ്ടപ്പെടുകയും ചെയ്തു.
സ്കൂളുകളില്‍ അധ്യാപകര്‍ അധികമാണെന്ന കാരണം പറഞ്ഞാണ് ഫണ്ട് അനുവദിച്ചിട്ടും സ്പെഷലിസ്റ്റ് അധ്യാപകരുടെ താല്‍ക്കാലിക നിയമനം സര്‍ക്കാര്‍ തടഞ്ഞത്. അധികമുള്ള അധ്യാപകര്‍ക്ക് പരിശീലനം നല്‍കി അധ്യാപകരായി നിയമിക്കാനായിരുന്നു നീക്കം. അധികമുള്ള അധ്യാപകര്‍ക്ക് ശമ്പളം മുടങ്ങാതെ നല്‍കുന്നെന്നും ഇവരെ കലാ-കായിക പ്രവൃത്തി പരിചയ അധ്യാപകരായി നിയമിക്കുന്നെന്ന കാരണവും പറഞ്ഞാണ് 95.48 കോടി ട്രഷറിയിലേക്ക് മാറ്റിയത്.
കോടിക്കണക്കിന് രൂപ വര്‍ഷംതോറും പാഴാകുന്ന സാഹചര്യത്തില്‍ 4500 താല്‍ക്കാലിക സ്പെഷലിസ്റ്റ് അധ്യാപകരെ നിയമിക്കാന്‍ എസ്.എസ്.എ സ്റ്റേറ്റ് പ്രോജക്ട് ഓഫിസ് 2012 -13ല്‍ സര്‍ക്കാറിന് പദ്ധതി സമര്‍പ്പിച്ചെങ്കിലും ഇത് പൊതുവിദ്യാഭ്യാസ വകുപ്പ് തള്ളി. ആ വര്‍ഷം മുതലാണ് ഒരു അധ്യാപകനെപ്പോലും നിയമിക്കാതെ അനുവദിച്ച തുകയില്‍നിന്ന് ഒരു വിഹിതം ട്രഷറിയിലേക്ക് മാറ്റിയത്. 2014ല്‍ അധികമുള്ള അധ്യാപകര്‍ക്ക് പരിശീലനം നല്‍കി സ്പെഷലിസ്റ്റ് അധ്യാപകരാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ നീക്കം ഉപേക്ഷിച്ചു.
ഈ അധ്യയന വര്‍ഷത്തേക്ക് 87.9 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും അധ്യാപകരെ നിയമിച്ചില്ളെങ്കില്‍ ആ തുകയും പാഴാകും. തുക പാഴാക്കുന്നത് സംസ്ഥാനത്തിന് ഈ ഇനത്തിലുള്ള ഫണ്ട് കുറവ് വരുത്താനും ഇടയാക്കും. സംസ്ഥാനത്തെ പരിഷ്കരിച്ച പാഠ്യപദ്ധതിയില്‍ കലാ-കായിക പഠനം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പഠനം മാത്രം നടക്കുന്നില്ല. സര്‍ക്കാര്‍ മാറിയ സാഹചര്യത്തില്‍ സ്പെഷലിസ്റ്റ് അധ്യാപകരുടെ നിയമനത്തിന് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയില്‍നിന്ന് കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.