നിര്‍മിതികള്‍ക്ക് ഗുണനിലവാരം ഉറപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പിന്‍െറ മെയിന്‍റനന്‍സ്
text_fieldsതിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ മെയിന്‍റനന്‍സ് വിഭാഗം (എം.ഡബ്ള്യൂ) രൂപവത്കരിക്കുന്നു. റോഡുകളുടെ പരിപാലനമാണ് ഇവരുടെ പ്രധാന ചുമതല. നിര്‍മാണത്തില്‍ ഗുണനിലവാരം ഉറപ്പാക്കുക, റോഡുകളുടെ ഈടും ഉറപ്പും വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട്. ചീഫ് എന്‍ജിനീയറുടെ മേല്‍നോട്ടത്തില്‍ മെയിന്‍റനന്‍സ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് മന്ത്രി ജി. സുധാകരന്‍െറ തീരുമാനം. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.
നിലവില്‍ റോഡുകളും പാലങ്ങളും കെട്ടിടം, ദേശീയപാത, ഡിസൈന്‍ എന്നീ നാലുവിഭാഗങ്ങളാണ് വകുപ്പിലുള്ളത്. ചീഫ് എന്‍ജിനീയര്‍മാരാണ് ഇതിന്‍െറ തലപ്പത്തുള്ളത്. ഇതിനുപുറമെയാണ് പുതുതായി എം.ഡബ്ള്യൂ രൂപവത്കരിക്കുന്നത്. ആദ്യപടിയായി റോഡ് നിര്‍മാണത്തിലും പരിപാലനത്തിലും കരാറുകാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കും . ഒരു റോഡ് പണിതാല്‍ മൂന്നുവര്‍ഷം വരെയാണ് കരാറുകാരന്‍െറ ബാധ്യത. ഇത് എ.എം.സി അടിസ്ഥാനത്തില്‍ ഏഴുവര്‍ഷത്തേക്ക് നീട്ടാന്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി.
ഇതിനുള്ളില്‍ റോഡിനുണ്ടാവുന്ന കേടുപാടുകള്‍ കരാറുകാരന്‍ സ്വന്തം ചെലവില്‍ പരിഹരിക്കണം. ഈ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാകും പുതിയ ടെന്‍ഡറുകള്‍ വിളിക്കുക. പദ്ധതി നടപ്പാക്കും മുമ്പ് കരാറുകാര്‍ക്കായി പരിശീലന പരിപാടിയും നടത്തും. ഉദ്യോഗസ്ഥരുമായി ഒത്തുകളിക്കുന്ന കരാറുകാരുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നേരിട്ടറിയിക്കാനാണ് മന്ത്രിയുടെ തീരുമാനമെന്നറിയുന്നു. താക്കോല്‍സ്ഥാനങ്ങളില്‍ തുടരുന്ന അഴിമതിക്കാരായ ചില എന്‍ജിനീയര്‍മാരെ ഉടന്‍ മാറ്റുമെന്നാണ് സൂചന.
ഇതുവരെ, റോഡുകളും പാലങ്ങളും വിഭാഗം ചീഫ് എന്‍ജിനീയര്‍ക്കായിരുന്നു ഭരണവിഭാഗത്തിന്‍െറ മേല്‍നോട്ടം. ഈ ചുമതല ഡിസൈന്‍ ചീഫ് എന്‍ജിനീയര്‍ക്ക് നല്‍കിയത് പരിഷ്കാരങ്ങളുടെ ഭാഗമായാണ്. ജീവനക്കാരുടെ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ളവ അഴിമതിമുക്തമാക്കാനും അഴിമതിക്കാര്‍ക്കെതിരായ റിപ്പോര്‍ട്ടുകള്‍ മുക്കാതിരിക്കാനും ഭരണവിഭാഗം കുറ്റമറ്റതാക്കുന്നതിന്‍െറ ഭാഗമാണ് നടപടികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.