തച്ചങ്കരിയെ ഉടന്‍ മാറ്റിയേക്കും
text_fieldsകോഴിക്കോട്: വകുപ്പ് മന്ത്രിയെ വകവെക്കാതെ സ്വന്തം നിലയില്‍ തീരുമാനങ്ങളെടുക്കുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്യുന്ന ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയെ ഉടനെ മാറ്റിയേക്കും. തച്ചങ്കരിയെ മാറ്റണമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ നേരില്‍കണ്ട് അഭ്യര്‍ഥിച്ചു. എന്‍.സി.പി സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് ശശീന്ദ്രന്‍ ഈ ആവശ്യമുന്നയിച്ചത്. വെള്ളിയാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
മന്ത്രിയുമായി കൂടിയാലോചിക്കാതെ പ്രഖ്യാപനങ്ങള്‍ നടത്തുന്ന തച്ചങ്കരി എല്‍.ഡി.എഫ് സര്‍ക്കാറിന് തുടക്കം മുതലേ തലവേദന സൃഷ്ടിച്ചിരുന്നു. ആഗസ്റ്റ് ഒന്നുമുതല്‍ ഹെല്‍മറ്റില്ലാതെ വരുന്ന ബൈക്ക് യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കില്ളെന്ന പ്രഖ്യാപനം തച്ചങ്കരി സ്വന്തം നിലക്കാണ് നടത്തിയത്.
വകുപ്പ് മന്ത്രിയുമായോ മറ്റാരെങ്കിലുമായോ കൂടിയാലോചിക്കുക പോലും ചെയ്തില്ല. മന്ത്രി അറിയാതെ ട്രാന്‍സ്പോര്‍ട്ട് വകുപ്പില്‍ ജനറല്‍ ട്രാന്‍സ്ഫര്‍ ഉത്തരവും കമീഷണര്‍ ഇറക്കി. ഇതു വലിയ പരാതിക്ക് ഇടയാക്കി. മന്ത്രി ഇടപെട്ട് പിന്നീട് ഉത്തരവ് മരവിപ്പിച്ചു.
ഏറ്റവുമൊടുവില്‍ സ്വന്തം ജന്മദിനം വകുപ്പിനുകീഴിലെ ഓഫിസുകളില്‍ ആഘോഷിച്ച തച്ചങ്കരിയുടെ നടപടി വലിയ വിമര്‍ശം ക്ഷണിച്ചുവരുത്തി. ജന്മദിനം ആഘോഷിക്കാനും മധുരം നല്‍കാനും ഒൗദ്യോഗിക സര്‍ക്കുലറിലൂടെയാണ് ആവശ്യപ്പെട്ടത്. ഇത് വിവാദമായപ്പോള്‍ മധുരപലഹാര വിതരണത്തിന്‍െറ ചെലവ് കമീഷണര്‍ വഹിക്കുമെന്നുകാണിച്ച് ജോയന്‍റ് കമീഷണര്‍ സര്‍ക്കുലര്‍ അയച്ചു. തച്ചങ്കരിയുടെ ആഗ്രഹപ്രകാരം ആര്‍.ടി.ഒ ഓഫിസുകളില്‍ ജന്മദിനാഘോഷം നടക്കുകയും അദ്ദേഹത്തെ അനുകൂലിച്ചു കീഴ്ജീവനക്കാര്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
ഒട്ടേറെ വിവാദങ്ങളില്‍ പെടുകയും പലതവണ സസ്പെന്‍ഷനിലാവുകയും ചെയ്ത തച്ചങ്കരിയെ മുന്‍ യു.ഡി.എഫ് സര്‍ക്കാറാണ് സുപ്രധാന പദവിയായ ഗതാഗത കമീഷണറാക്കിയത്.
സി.പി.എം നേതൃത്വവുമായി അടുപ്പമുള്ളയാള്‍ എന്ന നിലയിലാണ് ഉദ്യോഗസ്ഥ വൃന്ദങ്ങളില്‍ തച്ചങ്കരി അറിയപ്പെടുന്നത്. തന്നെ സി.പി.എം നേതൃത്വം സംരക്ഷിച്ചുകൊള്ളുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം മന്ത്രിയെ ഗൗനിക്കാതെ വകുപ്പില്‍ സ്വന്തം ഭരണം ഏര്‍പ്പെടുത്തിയതെന്നാണ് സിവില്‍ സര്‍വിസ് വൃത്തങ്ങളിലെ സംസാരം. എന്നാല്‍, മന്ത്രി ശശീന്ദ്രന്‍ നീരസം പ്രകടിപ്പിച്ചതു കൂടാതെ, മുഖ്യമന്ത്രി പിണറായി വിജയനും തച്ചങ്കരിയെ വിളിച്ചുവരുത്തി അനിഷ്ടം അറിയിച്ചു. ഇതിനിടയില്‍ ചേര്‍ന്ന എന്‍.സി.പി സംസ്ഥാന കമ്മിറ്റി യോഗം ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ തന്നിഷ്ട ഭരണത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും അദ്ദേഹത്തെ മാറ്റാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടാന്‍ മന്ത്രി ശശീന്ദ്രനെ ചുമതലപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.