സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ പൂഴ്ത്തുന്നു –വിജിലന്‍സ്
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തന്ത്രപ്രധാന വിഭാഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഫയലുകള്‍ പൂഴ്ത്തിവെക്കുന്നെന്ന് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ. ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ വിധേയത്വവും അഴിമതിയുമാണ് പ്രശ്നകാരണമെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് സര്‍ക്കാറിനയച്ച കത്തില്‍ പറയുന്നു. വിജിലന്‍സിന്‍െറ അന്വേഷണ പരിധിയിലിരിക്കുന്ന ചില കേസുകളില്‍ ആവശ്യപ്പെട്ട ഫയലുകള്‍ ലഭ്യമാക്കുന്നില്ളെന്നും ഡയറക്ടര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
ഇവര്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളായി ഉദ്യോഗസ്ഥര്‍ പൂഴ്ത്തിവെച്ചിട്ടുള്ള ഫയലുകളില്‍ ചിലത് സെക്രട്ടേറിയറ്റില്‍നിന്ന് വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. കൃത്യനിര്‍വഹണത്തില്‍ ബോധപൂര്‍വം വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ അനുമതി തേടിയതായും സൂചനയുണ്ട്. അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി വിജിലന്‍സ് മേധാവിക്ക് അനുമതി നല്‍കിയതായും അറിയുന്നു.
അതേസമയം, ഭക്ഷ്യ കമീഷണറേറ്റ് മുതല്‍ റേഷന്‍ കടകള്‍ വരെയും മെഡിക്കല്‍ കോളജുകള്‍ മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വരെയും കലക്ടറേറ്റ്, പബ്ളിക് ഓഫിസ് തുടങ്ങിയ ഓഫിസുകളിലും അഴിമതി തുടരുന്നതായാണ് വിജിലന്‍സ് ഇന്‍റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ വിവിധ ഓഫിസുകളില്‍ മിന്നല്‍പരിശോധനകള്‍ ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്. അഴിമതിക്ക് കുപ്രസിദ്ധമായ ചില ഓഫിസുകള്‍ ഉള്‍പ്പെടുത്തി താക്കോല്‍സ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥരെ നിരീക്ഷണവിധേയമാക്കാനും നിര്‍ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.