ജപ്തിഭീഷണി നേരിടുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ കടാശ്വാസപദ്ധതി
text_fieldsതിരുവനന്തപുരം: അഞ്ചുലക്ഷം രൂപ വരെ വായ്പ എടുത്ത് തിരിച്ചടയ്ക്കാനാകാതെ ജപ്തി ഭീഷണി നേരിടുന്നവര്‍ക്ക് ഒറ്റത്തവണ കടാശ്വാസം നല്‍കാന്‍ പദ്ധതി.
വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. സര്‍ക്കാറിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്ത10000ത്തോളം പേര്‍ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള പദ്ധതിയുടെ ഗുണം ലഭിക്കും. 40 കോടിയോളം രൂപയുടെ അധിക ബാധ്യത ഇതിലൂടെ വരും. വായ്പ തിരിച്ചടയ്ക്കാനാകാതെ ജപ്തി ഭീഷണി നേരിടുന്നവരുടെ നിരവധി നിവേദനങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പദ്ധതി തയാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഭവന നിര്‍മാണ ബോര്‍ഡ്, പട്ടിക വിഭാഗ, പിന്നാക്ക ക്ഷേമ കോര്‍പറേഷനുകള്‍, വനിതാ വികസന കോര്‍പറേഷന്‍, വികലാംഗ കോര്‍പറേഷന്‍, റവന്യൂ വകുപ്പ് എന്നിവിടങ്ങളില്‍നിന്ന് വായ്പ എടുത്തവര്‍ക്ക് പലിശ-പിഴപ്പലിശ ഇളവും കടാശ്വാസവും അനുവദിക്കും.
അഞ്ചുലക്ഷംവരെയുള്ള വായ്പകളില്‍ മുതലും പലിശയും പിഴപ്പലിശയും ചേര്‍ത്ത് മുതലിന്‍െറ ഇരട്ടിയെങ്കിലും തിരിച്ചടച്ചവരുടെ വായ്പകളാണ് എഴുതിത്തള്ളുക. മുതലിന്‍െറ ഒന്നര ഇരട്ടിയെങ്കിലും തിരിച്ചടച്ചിട്ടും ജപ്തി ഭീഷണിയിലായ സാധാരണക്കാര്‍ക്ക് പലിശ-പിഴശ്ശലിശ ഇളവ് അനുവദിക്കും.
ബാക്കി വായ്പാ തുക രണ്ടുവര്‍ഷം കൊണ്ട് തിരിച്ചടയ്ക്കാവുന്ന വിധം പുന$ക്രമീകരിച്ച് നല്‍കുകയും ചെയ്യും. ധനവകുപ്പാണ് നോഡല്‍ ഏജന്‍സി. കടാശ്വാസ അപേക്ഷകളില്‍ രണ്ടു മാസത്തിനകം തീര്‍പ്പുണ്ടാകും. തീയതി മുന്‍കൂട്ടി അറിയിച്ച് ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ എല്ലാ ഈടുകളും തിരികെ നല്‍കും. പദ്ധതി നടത്തിപ്പിന് ഗുണഭോക്താവില്‍നിന്ന് അപേക്ഷയൊഴികെ മറ്റു സര്‍ട്ടിഫിക്കറ്റുകളൊന്നും ആവശ്യപ്പെടില്ല. സ്വര്‍ണ ഈടിലെ വായ്പ, സര്‍ക്കാര്‍ ജീവനക്കാര്‍ എടുത്ത വായ്പകള്‍, വ്യക്തികള്‍ക്കല്ലാതെ നല്‍കിയ വായ്പ, അഞ്ചുലക്ഷത്തില്‍ കൂടുതലായെടുത്ത വായ്പകള്‍, ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തീയതിയില്‍ കടബാധ്യതയില്ലാത്ത വായ്പകള്‍ എന്നിവ പദ്ധതിയില്‍ പെടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.