കരിപ്പൂര്‍ വിമാനത്താവള വികസനം നിയമോപദേശം തേടി
text_fieldsകരിപ്പൂര്‍: വിമാനത്താവള വികസനത്തിന് ഭൂമിയേറ്റെടുക്കുന്നത് സംബന്ധിച്ച് റവന്യു വകുപ്പ് നിയമോപദേശം തേടി. ആഗസ്റ്റ് എട്ടിന് മലപ്പുറം കലക്ടറേറ്റില്‍ മന്ത്രി കെ.ടി. ജലീലിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥലമേറ്റെടുക്കുന്നതിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു.
ഭൂമി വിട്ടു നല്‍കാന്‍ തയാറുള്ളവരില്‍ നിന്ന് സമ്മതപത്രം സ്വീകരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭൂമിയേറ്റെടുക്കുന്നതില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി നിയമോപദേശം തേടിയിരിക്കുന്നതെന്ന് റവന്യു അധികൃതര്‍ അറിയിച്ചു.
പള്ളിക്കല്‍ വില്ളേജില്‍ നിന്ന് 137 ഏക്കര്‍ ഏറ്റെടുക്കുന്നതിനായി 2014ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനമാണ് നിലവിലുള്ളത്. വിജ്ഞാപനം ഇറങ്ങുന്ന സമയത്ത് 2013ല്‍ പാര്‍ലമെന്‍റ് പാസാക്കിയ പുതിയ ഭൂമിയേറ്റെടുക്കല്‍ നിയമം സംസ്ഥാനത്ത് നടപ്പിലായിട്ടുണ്ടെങ്കിലും ചട്ടം നടപ്പില്‍ വന്നിരുന്നില്ല. പിന്നീടാണ് പുതിയ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്‍െറ ചട്ടം തയാറായത്. പുതിയ നിയമപ്രകാരമാണോ ഭൂമിയേറ്റെടുക്കലിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്ന വിഷയത്തില്‍ അവ്യക്തതയുള്ളതിനാലാണ് നിയമോപദേശം തേടുന്നത്.
പുതിയ നിയമപ്രകാരമാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതെങ്കില്‍ ഭൂമിയേറ്റെടുക്കുന്നതിന് മുന്നോടിയായി സാമൂഹികാഘാതപഠനം നടത്തണം. ഇതിനായി നിയോഗിക്കുന്ന ഏജന്‍സിയാണ് സര്‍വേ നടത്തേണ്ടതും പാക്കേജിന് അന്തിമരൂപം നല്‍കേണ്ടതും ഭൂവുടമകളില്‍ നിന്ന് സമ്മതപത്രം വാങ്ങേണ്ടതെന്നും റവന്യു ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പുതിയ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും പുതുതായി ആരും സമ്മതപത്രം നല്‍കിയിട്ടില്ല. നേരത്തെ 70 പേര്‍ ഭൂമി വിട്ടു നല്‍കുന്നതിന് തയാറായി വിമാനത്താവളത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ലാന്‍ഡ് അക്വിസിഷന്‍ ഓഫിസില്‍ നല്‍കിയ സമ്മതപത്രം മാത്രമാണ് ഇപ്പോഴുമുള്ളത്.
സ്ഥലം വിട്ടു നല്‍കുന്നവര്‍ക്ക് സെന്‍റിന് മൂന്ന് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയാണ് സര്‍ക്കാര്‍ പുതുതായി പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേ സമയം, പുതിയ പാക്കേജ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കരിപ്പൂര്‍ കുടിയൊഴിപ്പിക്കല്‍ പ്രതിരോധസമിതിയുടെ നേതൃത്വത്തില്‍ പ്രാദേശികമായി ആറ് കണ്‍വെന്‍ഷനുകള്‍ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.