കാമറയില്‍ തെളിഞ്ഞ നഗരത്തിലെ കാണാക്കാഴ്ചകള്‍
text_fieldsകോഴിക്കോട്: വര്‍ണവെളിച്ചം ചിതറിത്തിളങ്ങുന്ന രാത്രിയിലെ മാനാഞ്ചിറക്കുളം, തിരക്കിലും ബഹളത്തിലുമലിഞ്ഞ മിഠായിത്തെരുവോരം, റോഡരികത്തെ ഉന്തുവണ്ടിയില്‍നിന്ന് ആവിപറക്കുന്ന കട്ടന്‍ചായ, രാവേറെ വൈകിയും ചുമടിറക്കിയും കയറ്റിയും സജീവമായ വലിയങ്ങാടി, പാളയം മാര്‍ക്കറ്റുകള്‍, അര്‍ധരാത്രിയിലും ഉറങ്ങാതിരിക്കുന്ന കെ.എസ്.ആര്‍.ടി.സി, പുതിയ സ്റ്റാന്‍ഡ് പരിസരങ്ങള്‍, ചരിത്രമുറങ്ങുന്ന കുറ്റിച്ചിറ കുളം, ദീപപ്രഭയില്‍ കുളിച്ചുനില്‍ക്കുന്ന ബീച്ചും മണല്‍ത്തരികളും, മധുരം കിനിയും ഹല്‍വാ ബസാര്‍... ലോകഫോട്ടോഗ്രഫി ദിനമായ വെള്ളിയാഴ്ച വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ മള്‍ട്ടീമീഡിയ വിദ്യാര്‍ഥികള്‍ കോഴിക്കോട് കടപ്പുറത്ത് ഒരുക്കിയ ഫോട്ടോപ്രദര്‍ശനത്തില്‍ നിന്നുള്ള കാഴ്ചകളാണിത്.
നഗരത്തിന്‍െറ കാണാക്കാഴ്ചകളും രാത്രിയുടെ സൗന്ദര്യവും ഒപ്പിയെടുത്ത ഒരുപിടി ചിത്രങ്ങളാണ് ‘കാണാപ്പുറം’ എന്ന് പേരിട്ട പ്രദര്‍ശനത്തില്‍ നിറഞ്ഞുനിന്നത്. നഗരത്തിന്‍െറ നിശാസൗന്ദര്യത്തിനൊപ്പം നൊമ്പരങ്ങളുടെയും നിസ്സഹായതയുടെയും നന്മയുടെയും ചില അപൂര്‍വം ഫ്രെയിമുകളും ഈ കാമറകള്‍ തേടിപ്പിടിച്ചിട്ടുണ്ട്. ആഗസ്റ്റ് 11ന് രാത്രിയും 12ന് പകലും മള്‍ട്ടീമീഡിയ വിഭാഗം മേധാവി പി. നയീമിന്‍െറ നേതൃത്വത്തില്‍ ക്ളാസിലെ 18 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് കാമറയുമായി ഇറങ്ങിയപ്പോള്‍ ലഭിച്ച 40 ചിത്രങ്ങളാണ് ഇവ. 12ന് നടന്ന സ്വാഭിമാന ഘോഷയാത്രയിലെ ദൃശ്യങ്ങളും പ്രദര്‍ശനത്തിലുണ്ട്.
പ്രസ്ക്ളബ് സെക്രട്ടറി എന്‍. രാജേഷ് ഫോട്ടോപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. സ്വര്‍ണകുമാരി, അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ സെറീന, വിദ്യാര്‍ഥികളായ ആദിത്യന്‍, നബീല്‍, റമീസ്, ആശിഖ് ഹിഷാം, ഷമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തിങ്കളാഴ്ച ജെ.ഡി.ടി കോളജിലും പ്രദര്‍ശനം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.