അടുത്ത ഹജ്ജ് സര്‍വിസ് കരിപ്പൂരില്‍ നിന്ന് –മുഖ്യമന്ത്രി
text_fieldsനെടുമ്പാശ്ശേരി: അടുത്ത ഹജ്ജ് സര്‍വിസ് കരിപ്പൂരില്‍ നിന്നാക്കാന്‍ നടപടികള്‍ ത്വരിതഗതിയിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ വിമാനങ്ങള്‍ ഇറക്കാന്‍ അനുമതിയില്ലാത്തതിനാലാണ് ഹജ്ജ് സര്‍വിസ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്. വിമാനത്താവളത്തിന്‍െറ വികസനം സാധ്യമാകണമെങ്കില്‍ സ്ഥലം ഏറ്റെടുക്കണം.ഭൂവുടമകളില്‍ നിന്ന് ബലംപ്രയോഗിച്ച് ഭൂമി ഏറ്റെടുക്കാനല്ല സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തും. വര്‍ഷങ്ങളായി കൈവശമുള്ള ഭൂമി വിട്ടുകൊടുക്കേണ്ടിവരുമ്പോള്‍ വിഷമമുണ്ടാകാം.
പക്ഷേ, പൊതുസമൂഹത്തിന്‍െറ നന്മക്കുവേണ്ടി വിട്ടുവീഴ്ച ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സ്ഥലമേറ്റെടുക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചാല്‍ വലിയ വിമാനങ്ങള്‍ക്കിറങ്ങാന്‍ താല്‍ക്കാലിക അനുമതിക്കുവേണ്ടി ശ്രമം നടത്താന്‍ കഴിഞ്ഞേക്കും. സ്ഥലമേറ്റെടുക്കാന്‍ കഴിയുന്നതുവരെ താല്‍ക്കാലിക അനുമതിക്കുവേണ്ടി സര്‍ക്കാര്‍ അഭ്യര്‍ഥിച്ചുവെങ്കിലും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇത് കഴിയില്ളെന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹംപറഞ്ഞു.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്നസെന്‍റ് എം.പി, എം.എല്‍.എമാരായ എസ്.ശര്‍മ, അന്‍വര്‍ സാദത്ത്, വി.കെ. ഇബ്രാഹിംകുഞ്ഞ്, എ.എം. ആരിഫ്, മുന്‍ എം.പി പി.രാജീവ്, ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസുഫലി, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ബി.എ. അബ്ദുല്‍ മുത്തലിബ്, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി, സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, മുനവ്വറലി ശിഹാബ് തങ്ങള്‍, എം.എം. മുഹ്യിദ്ദീന്‍ മൗലവി, ടി.പി.അബ്ദുല്ലക്കോയ മദനി, സലാഹുദ്ദീന്‍ മദനി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കുഞ്ഞിമുഹമ്മദ് പറപ്പൂര്, മലപ്പുറം ജില്ലാ കലക്ടര്‍ എ. ഷൈനമോള്‍, എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പുമുസ്ലിയാര്‍, ഇ.സി. മുഹമ്മദ്, വിമാനത്താവള കമ്പനി എം.ഡി. വി.ജെ.കുര്യന്‍, എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരായ എ.എം.ഷബീര്‍, എ.സി.കെ. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.