ഈര്‍ക്കിലുകള്‍ കൊണ്ട് ജീവിതതാളം വീണ്ടെടുത്ത് രമേശന്‍
text_fieldsവടകര: വേദനക്കിടയിലും കരകൗശലത്തില്‍ പുതുജീവിതം വെട്ടുകയാണ് മേപ്പയില്‍ മൂരിയോടന്‍ കണ്ടിയില്‍ രമേശന്‍. ശരീരത്തില്‍ പൊടുന്നനെ വന്ന വേദന ഇരുകാലുകളുടെയും ശേഷിയെയാണ് ബാധിച്ചത്. ഇതോടെ രമേശന്‍െറ ജീവിതം വീടിനകത്തായി. എന്നാല്‍, ഈര്‍ക്കിലുകള്‍ കൊണ്ട് മനോഹരരൂപങ്ങള്‍ തീര്‍ത്ത് നാട്ടുകാരെ വിസ്മയിപ്പിക്കുകയാണ് ഇപ്പോള്‍ ഈ 42കാരന്‍.
നാട്ടുകാരനായ ഇലക്ട്രീഷ്യന്‍ ഇ.എം. ചന്ദ്രന്‍ യാദൃശ്ചികമായി രമേശന്‍െറ കരവിരുത് കാണാനിടയാവുന്നു. ഇതോടെയാണ് രമേശന്‍െറ കഴിവ് നാട്ടുകാര്‍ അറിയുന്നത്. സ്വര്‍ണപ്പണിക്കാരനായി നല്ല നിലയില്‍ കഴിയുമ്പോള്‍ 18 വര്‍ഷം മുമ്പാണ് രമേശന്‍െറ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി ഇരുകാലുകളുടെയും ശേഷി നഷ്ടപ്പെടുന്നത്. കേരളത്തിനകത്തും പുറത്തും പലയിടത്തായി ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ജ്യേഷ്ഠന്‍ രവീന്ദ്രന്‍െറ മകള്‍ സൂര്യനന്ദക്ക് ഈക്കില്‍ കൊണ്ട് നക്ഷത്രം നിര്‍മിച്ച് നല്‍കിയാണ് കരകൗശലലോകത്ത് ചുവടുറപ്പിച്ചത്. നിലവിളക്ക്, പാത്രങ്ങള്‍ തുടങ്ങി പലതും ഈര്‍ക്കില്‍ കൊണ്ട് നിര്‍മിച്ചു. ഈര്‍ക്കില്‍ കൊണ്ട് കരകൗശലവസ്തുക്കള്‍ ഉണ്ടാക്കണമെങ്കില്‍ ഏറെ ക്ഷമവേണമെന്ന് രമേശന്‍ പറയുന്നു. പാകമായി തെങ്ങില്‍നിന്ന് താനെ താഴെ വീഴുന്ന ഈര്‍ക്കിലുകളാണ് കൂടുതല്‍ ഉപയോഗിക്കുക. ഫ്ളക്സ് ക്വിക്ക് പശ ഉപയോഗിച്ചാണ് ഒട്ടിക്കുക. പിന്നെ സ്ളീക് സ്പ്രേ പെയിന്‍റ് ചെയ്യുന്നതോടെ കൂടുതല്‍ സുന്ദരമാകും.
വെള്ളിയാഴ്ച രമേശന്‍െറ ജീവിതത്തിലെ മറക്കാനാവാത്ത ദിനമായിരുന്നു. രാവിലെ 11ഓടെ തന്‍െറ പ്രിയപ്പെട്ട വിദ്യാലയമായ മേപ്പയില്‍ എസ്.ബി.ജെ.ബി സ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ഥികളെയും കൂട്ടി പ്രധാനാധ്യാപിക വി.കെ. പ്രമീളയും അശ്വിന്‍ മാസ്റ്ററും പൊതുപ്രവര്‍ത്തകനായ വി.പി. പ്രേമനും രമേശന്‍െറ വീട്ടില്‍ലത്തെി. സ്കൂളിന്‍െറ ഉപഹാരവും കൈമാറി. കൈവിട്ടുപോകുന്ന ജീവിതം ഈര്‍ക്കിലുകള്‍ കൊണ്ട് തിരികെ പിടിക്കുകയാണ് ഈ പോരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.