വിജിലന്‍സ് ചമഞ്ഞ് കവര്‍ച്ച: എന്‍.ഐ.എ അന്വേഷിക്കുന്നു
text_fieldsപെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ബിസിനസുകാരന്‍െറ വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ചനടത്തിയ കേസ് എന്‍.ഐ.എ അന്വേഷിക്കുന്നു. കേസിലെ ഒന്നാം പ്രതിയും തടിയന്‍റവിട നസീറിന്‍െറ കൂട്ടാളിയുമായ പെരുമ്പാവൂര്‍ എം.എച്ച് കവല ചെന്താര അജിംസ് (36) ഉള്‍പ്പെടെ മൂന്നു പേരെ ഇന്നലെ വൈകീട്ട് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനിലത്തെി ചോദ്യംചെയ്തു. കളമശ്ശേരി ബസ് കത്തിക്കല്‍ ഉള്‍പ്പെടെയുള്ള കേസില്‍ ഇവര്‍ക്ക് ബന്ധമുണ്ടോ എന്നും എന്‍.ഐ.എ പരിശോധിക്കുന്നുണ്ട്. മുമ്പ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ അജിംസ് ഉള്‍പ്പെടെ മൂന്നുപേരുടെ അറസ്റ്റ് പൊലീസ് തിങ്കളാഴ്ച രേഖപ്പെടുത്തി. കോട്ടപ്പുറം ആലങ്ങാട് മുത്തങ്ങല്‍ വീട്ടില്‍ സനൂബ് (26), കടങ്ങല്ലൂര്‍ മുപ്പത്തടം വട്ടപ്പനപറമ്പില്‍ റഹീസ് (26) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇവരും തടിയന്‍െറവിട നസീറിന്‍െറ കൂട്ടാളികളാണ്. നസീര്‍ പ്രതിയായ ചില കേസില്‍ മൂവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അജിംസാണ് കവര്‍ച്ചയുടെ സൂത്രധാരന്‍. എന്നാല്‍ ഇയാളടക്കം അറസ്റ്റിലായവര്‍ക്ക് കവര്‍ച്ചയില്‍ നേരിട്ട് പങ്കില്ല. അതേസമയം, കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്ത എട്ടംഗ സംഘത്തിലെ പ്രധാനി അടക്കമുള്ളവര്‍ പൊലീസ് വലയിലായതായാണ് വിവരം. അജിംസും കൂട്ടുകാരും സഞ്ചരിച്ച ആള്‍ട്ടോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടപ്പുറം സ്വദേശിയില്‍നിന്ന് വാടകക്കെടുത്തതാണിത്. കാര്‍ ഓടിച്ചിരുന്നത് റഹീസാണ്. പാറപ്പുറം പാളി സിദ്ദീഖിന്‍െറ വീട്ടില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്കാണ് കവര്‍ച്ച നടന്നത്. 55 പവനും 25,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും ഐപാഡും ബൈക്കിന്‍െറ താക്കോലുമാണ് കവര്‍ന്നത്.
അറസ്റ്റിലായവരില്‍ നിന്നാണ് എട്ടംഗ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. അറസ്റ്റിലായ അജിംസ് കവര്‍ച്ച നടന്ന വീടിനു സമീപത്ത് കുറെനാള്‍ വാടകക്ക് താമസിച്ചിരുന്നു. നാലു മാസം മുമ്പാണ് ഇയാള്‍ ഇവിടെനിന്ന് താമസം മാറിയത്. സിദ്ദീഖിന്‍െറ പക്കല്‍ കണക്കില്ലാത്ത പണവും സ്വര്‍ണവും ഉണ്ടെന്ന് അജിംസ് സംഘത്തിന് വിവരം നല്‍കി. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് അറിയിച്ചു. സുഹൃത്തുക്കളായ സനൂബിന്‍െറയും റഹീസിന്‍െയും സഹായത്തോടെയാണ് അജിംസ് കവര്‍ച്ച ആസൂത്രണം ചെയ്തത്.
വെള്ളിയാഴ്ച ഉച്ചക്ക് സിദ്ദീഖ് ജുമുഅ നമസ്കാരത്തിന് പോയ സമയത്താണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് എട്ടംഗ സംഘം വീട്ടില്‍ കയറിയത്. ഈ സമയത്ത് സിദ്ദീഖിന്‍െറ ഭാര്യയും മകളുമാണ് ഉണ്ടായിരുന്നത്. പള്ളിയില്‍നിന്ന് സിദ്ദീഖ് വന്നശേഷവും തൃശൂരില്‍നിന്ന് വന്ന ഉദ്യോഗസ്ഥരാണെന്ന വ്യാജേന പരിശോധന തുടര്‍ന്നു. സംഘത്തില്‍ ഒരാള്‍ പൊലീസ് വേഷത്തിലായിരുന്നു. പരിശോധനക്കുശേഷം പുറത്തിറങ്ങിയ സംഘം അവര്‍ എത്തിയ ഇന്നോവ കാറിലേക്ക് കയറുന്നതിനിടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാഗ് സിദ്ദീഖിന്‍െറ ശ്രദ്ധയില്‍പെട്ടു. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായ സിദ്ദീഖ് സംഘത്തിന്‍െറ പിറകെ ഓടിയെങ്കിലും രക്ഷപ്പെട്ടു. മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടതിനാല്‍ പൊലീസില്‍ വിവരം അറിയിക്കാന്‍ വൈകി. പിന്നീട് അയല്‍വാസിയുടെ ഫോണില്‍നിന്നാണ് വിവരം അറിയിച്ചത്. കവര്‍ച്ചാസംഘം ആയുര്‍വേദ ആശുപത്രി വഴി പോവുകയാണുണ്ടായത്. ഈ സമയം അജിംസും സുഹൃത്തുക്കളും ഇവരെ കാത്ത് കടുവാളില്‍ നിന്നതായി പൊലീസ് പറഞ്ഞു. എട്ടംഗ സംഘം വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
മുഖ്യ പ്രതികള്‍ അറസ്റ്റിലായത് മൂന്ന് ദിവസത്തിനകം
പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ ബിസിനസുകാരന്‍െറ വീട്ടില്‍നിന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതികളെ പിടികൂടാനായത് പൊലീസിന്‍െറ തൊപ്പിയില്‍ തൂവലായി. കേസില്‍ നിര്‍ണായക പങ്കുവഹിച്ച മൂന്നുപേരെ മൂന്ന് ദിവസത്തിനകം പിടികൂടാനായത് പൊലീസിന്‍െറ അന്വേഷണ മികവാണ്. സംഭവം നടന്നതിന് സമീപത്തെയും എം.സി റോഡിലെയും സി.സി ടി.വി ദൃശ്യങ്ങളാണ് പൊലീസ് ആദ്യം പരിശോധിച്ചത്. വെള്ളിയാഴ്ച വൈകീട്ട് കവര്‍ച്ച നടന്ന വീട്ടിലത്തെിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. ശനിയാഴ്ച രാവിലെ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് വാഹനത്തെക്കുറിച്ച് ധാരണ ലഭിച്ചിരുന്നു.
തുടര്‍ന്നാണ് ജില്ലയിയും സമീപ ജില്ലയിലും മോഷണക്കേസില്‍ പ്രതികളായവരെയും ഗുണ്ടാ സംഘത്തില്‍പെട്ട ചിലരെയും ചോദ്യം ചെയ്തത്. ഇതിനിടെ അജീംസിനെക്കുറിച്ച് ലഭിച്ച നിര്‍ണായക വിവരം അന്വേഷണത്തിന് വഴിത്തിരിവായി. റൂറല്‍ എസ്.പി ഉണ്ണിരാജയുടെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി സുദര്‍ശനന്‍, സി.ഐ ബിജു പൗലോസ്, എസ്.ഐ പി.എ. ഫൈസല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
തീവ്രവാദ ബന്ധത്തിന് സ്ഥിരീകരണമില്ല
പെരുമ്പാവൂര്‍: ബിസിനസുകാരന്‍െറ വീട്ടില്‍ വിജിലന്‍സ് ചമഞ്ഞ് കവര്‍ച്ച നടത്തിയവരുടെ തീവ്രവാദ ബന്ധത്തിന് സ്ഥിരീകരണമായില്ല. കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്ത എട്ടംഗ സംഘത്തെ പിടികൂടിയാലേ ഇത് വ്യക്തമാവൂ എന്ന നിലപാടിലാണ് ലോക്കല്‍ പൊലീസ്.
കവര്‍ച്ചാസംഘം ക്വട്ടേഷന്‍ സംഘത്തില്‍പെട്ടവരോ, കുപ്രസിദ്ധ മോഷ്ടാക്കളോ ആകാമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, വടക്കന്‍ ജില്ലക്കാരായതിനാലാണ് തടിയന്‍റവിട നസീറുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നത്. ഗുണ്ടകളാണെന്ന ആദ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് ഒന്നാം പ്രതിയായ അജീംസിനെ പിടികൂടിയത്. പ്രദേശത്തുനിന്ന് അടുത്തിടെ സ്ഥലം മാറിയവരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് അജീംസിലേക്ക് എത്തിയത്. മുമ്പ് സ്വര്‍ണക്കടത്ത് കേസില്‍പ്രതിയായിരുന്ന വിവരംകൂടി ലഭിച്ചതോടെ അജിംസിനെ കസറ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സനൂബും റഹീസും പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.