കുട്ടിമാക്കൂല്‍ സംഭവം: നാലു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം; പ്രതികളില്‍ 17കാരനും
text_fieldsതലശ്ശേരി: കുട്ടിമാക്കൂലിലെ ദലിത് പെണ്‍കുട്ടികളെ ആക്രമിച്ചെന്ന ഏറെ വിവാദമായ കേസില്‍ നാലു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോണ്‍ഗ്രസ് തലശ്ശേരി ബ്ളോക് സെക്രട്ടറി കുട്ടിമാക്കൂലിലെ നടമ്മല്‍ രാജന്‍, മക്കളായ അഖില, അഞ്ജുന എന്നിവരെ രാഷ്ട്രീയവിരോധം കാരണം ആക്രമിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത കേസിലാണ് തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് ഏബ്രഹാമിന്‍െറ നേതൃത്വത്തില്‍ അന്വേഷണസംഘം തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടിമാക്കൂല്‍ ശ്രീലകം വീട്ടില്‍ റിനില്‍ പ്രകാശ് (19), മനയത്ത് വീട്ടില്‍ ഷിജില്‍ (28), പെരിങ്കളത്തെ ലിനേഷ് (33), ചാലില്‍ വയലോമ്പ്രന്‍ സരീഷ് (23) എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയത്. അഞ്ചാം പ്രതി ഷെറിന്‍ലാലിന്‍െറ കുറ്റപത്രം പിന്നീട് സമര്‍പ്പിക്കും. കേസില്‍ ആറു പ്രതികളാണുള്ളത്. അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
മൂന്നാം പ്രതിയായ 17കാരന്‍െറ കുറ്റപത്രം ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ സമര്‍പ്പിക്കും.അതിക്രമിച്ചുകടക്കുക, തടഞ്ഞുവെക്കല്‍, മര്‍ദിക്കല്‍, മാരകായുധങ്ങള്‍കൊണ്ട് ആക്രമിക്കല്‍, മാനഭംഗം, നാശനഷ്ടം വരുത്തല്‍, പട്ടികജാതി-വര്‍ഗ നിരോധ നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റംചുമത്തിയിട്ടുള്ളത്. തലശ്ശേരി ഡിവൈ.എസ്.പിയായിരുന്ന സാജു പോളാണ് ആദ്യം കേസ് അന്വേഷിച്ചത്. രാഷ്ട്രീയവിരോധം കാരണം സി.പി.എമ്മുകാരായ പ്രതികള്‍ അഖിലയെയും അഞ്ജുനയെയും ആക്രമിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നുമാണ് കുറ്റപത്രത്തിലുള്ളത്. അഞ്ജുനയുടെ പരാതിയിലാണ് കേസെടുത്തത്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത് ചോദ്യംചെയ്യാന്‍ കുട്ടിമാക്കൂലിലെ സി.പി.എം ഓഫിസില്‍ എത്തിയ യുവതികളെ മര്‍ദിക്കുകയും ഇവരുടെ വീട്ടിനുനേരെ ആക്രമണം നടത്തിയതായും കുറ്റപത്രത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.