സ്വാശ്രയ ഡെന്‍റല്‍ പ്രവേശം: മാനേജ്മെന്‍റുകള്‍ക്ക് കോടികളുടെ അധിക നേട്ടം
text_fieldsതിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ ഡെന്‍റല്‍ കോളജുകളില്‍ ഏകീകൃത ഫീസ് ഘടന നടപ്പാക്കുന്നതിലൂടെ മാനേജ്മെന്‍റുകള്‍ക്ക് കോടികളുടെ അധിക നേട്ടം.
മെറിറ്റിലെ 44 ശതമാനം സീറ്റുകളില്‍ കഴിഞ്ഞ വര്‍ഷം വരെ വാങ്ങിയിരുന്ന 23,000 രൂപയും 56 ശതമാനം സീറ്റുകളില്‍ വാങ്ങിയിരുന്ന 1.75 ലക്ഷം രൂപയുമാണ് ഇപ്പോള്‍ നാലു ലക്ഷമായി മാറുന്നത്. ഇതില്‍ 10 ശതമാനത്തില്‍ മാത്രം ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് 50,000 രൂപക്ക് പ്രവേശം നല്‍കും. 100 സീറ്റുള്ള ഡെന്‍റല്‍ കോളജുകളിലെ 50 മെറിറ്റ് സീറ്റുകളിലേക്കായി മാനേജ്മെന്‍റുകള്‍ക്ക് കഴിഞ്ഞ വര്‍ഷം വരെ ലഭിച്ചിരുന്ന ആകെ ഫീസ് 54.06 ലക്ഷമായിരുന്നു.
ഏകീകൃത ഫീസായി നാലു ലക്ഷം രൂപ വരുന്നതോടെ മെറിറ്റ് സീറ്റില്‍ മാത്രം ലഭിക്കുന്നത് രണ്ടു കോടിയും-കഴിഞ്ഞ വര്‍ഷം ലഭിച്ചതിന്‍റ മൂന്നിരട്ടി.10 ശതമാനം സീറ്റില്‍ ഫീസ് ഇളവ് അനുവദിച്ചാല്‍ പോലും ഒന്നേകാല്‍ കോടിയിലധികമാണ് മെറിറ്റിലെ പ്രവേശത്തില്‍ ഓരോ കോളജിനും അധികനേട്ടം. 18 സ്വാശ്രയ ഡെന്‍റല്‍ കോളജുകള്‍ക്കും ഈ ഗുണമുണ്ടാകും. മുഴുവന്‍ സീറ്റുകളിലേക്കും അലോട്ട്മെന്‍റ് നടത്താനുള്ള തീരുമാനത്തിന്‍െറ ദുരന്തം മെറിറ്റ് സീറ്റില്‍ പ്രവേശം നേടുന്ന വിദ്യാര്‍ഥികളാവും അനുഭവിക്കേണ്ടി വരുക. മെഡിക്കല്‍ പ്രവേശത്തിലും സമാന അവസ്ഥ സംഭവിക്കുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും.
മുഴുവന്‍ സീറ്റുകളിലേക്കും സര്‍ക്കാര്‍ അലോട്ട്മെന്‍റ് എന്ന നിലപാടിനോട് മാനേജ്മെന്‍റുകള്‍ അനുകൂല സമീപനം സ്വീകരിച്ചാല്‍ ഏകീകൃത ഫീസ് ഘടന നിലവില്‍ വരും. ഇതുവഴി മെഡിക്കല്‍ മെറിറ്റ് സീറ്റിലും സ്വാശ്രയ കോളജുകള്‍ക്ക് അധിക നേട്ടമുണ്ടാകും. കഴിഞ്ഞ വര്‍ഷം 14 ശതമാനം മെറിറ്റ് സീറ്റുകളില്‍ 25,000 രൂപയും ബാക്കിയുള്ള മെറിറ്റ് സീറ്റുകളില്‍ 1.85 ലക്ഷവുമായിരുന്നു ഫീസ്.
സ്വാശ്രയ മാനേജ്മെന്‍റുകള്‍ ആവശ്യപ്പെടുന്ന ഏകീകൃത ഫീസാകട്ടെ 15 ലക്ഷവും. നൂറ് സീറ്റുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ 50 മെറിറ്റ് സീറ്റുകളിലേക്ക് കഴിഞ്ഞ വര്‍ഷം വരെ മാനേജ്മെന്‍റുകള്‍ക്ക് ലഭിച്ചിരുന്നത് 81.3 ലക്ഷമായിരുന്നു.10 ലക്ഷം ഏകീകൃത ഫീസായി ഏര്‍പ്പെടുത്തിയാല്‍ പോലും ഓരോ കോളജിനും അഞ്ചു കോടിയായിരിക്കും ലഭിക്കുക. ഇതാകട്ടെ കഴിഞ്ഞ വര്‍ഷത്തില്‍നിന്ന് 4.18 കോടിയോളം അധികവും.
നൂറുശതമാനം സീറ്റിലേക്കും അലോട്ട്മെന്‍റ് നടത്താനുള്ള തീരുമാനം നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്ന ആശങ്കയാണ് എങ്ങും. രക്ഷാകര്‍ത്താക്കള്‍ ആരോഗ്യമന്ത്രിയെ നേരില്‍ കണ്ട് ഇത് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.