സ്വയരക്ഷക്ക് പെണ്‍കുട്ടികള്‍ ആയോധനമുറകള്‍ പരിശീലിക്കണം –ഋഷിരാജ് സിങ്
text_fieldsപടന്നക്കാട്: പെണ്‍കുട്ടികള്‍ സ്വയരക്ഷക്കായി ആയോധനവിദ്യകള്‍ പരിശീലിക്കണമെന്ന് എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത്തരം പരിശീലന പരിപാടികള്‍ തുടങ്ങാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പടന്നക്കാട് നെഹ്റു കോളജില്‍ നടന്ന മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗത്തിനെതിരെ എക്സൈസ് വകുപ്പ് നടത്തുന്ന ബോധവത്കരണം യുദ്ധസന്നാഹത്തോടെയാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം സംസ്ഥാനത്ത് 70 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ സാധാരണമായ പാന്‍ ഉല്‍പന്നങ്ങള്‍ സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ കൊച്ചി മൂന്നാമതാണ്. രണ്ടു മാസത്തിനിടയില്‍ 700 കേസുകളാണ് എക്സൈസ് രജിസ്റ്റര്‍ ചെയ്തത്. ബോധവത്കരണം കൊണ്ട് മാറ്റാന്‍ പറ്റാത്തതായി ഒന്നുമില്ല. ഉത്തരേന്ത്യയില്‍ ഭ്രൂണഹത്യകള്‍ ഇന്നും സര്‍വസാധാരണമാണ്. പക്ഷേ, കേരളത്തില്‍ നടക്കുന്നില്ല. ഇത് ബോധവത്കരണംകൊണ്ട് സാധിച്ചതാണ്. സഹോദരങ്ങളോ സുഹൃത്തുക്കളോ സഹപാഠികളോ വിദ്യാര്‍ഥികളോ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് കണ്ടാല്‍ അറിയിക്കേണ്ടവരെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കളോടോ അധ്യാപകരോടോ ഇത് തുറന്നുപറയാം. 9447178000, 9061178000 എന്നീ നമ്പറുകളില്‍ വിളിച്ചും ഇത്തരം പരാതികള്‍ അറിയിക്കാം.
പരാതി പറയുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കിവെക്കും. ഇത്തരം പ്രവണതകള്‍ ശ്രദ്ധയില്‍പെട്ടിട്ടും പരാതിപ്പെട്ടില്ളെങ്കില്‍ അത് വലിയ അപകടത്തിലേക്ക് വഴിവെക്കും. പെണ്‍കുട്ടികള്‍ക്കുനേരെ ഉണ്ടാകുന്ന അതിക്രമങ്ങളും മൂടിവെക്കേണ്ടതില്ല. നടപടി ഉണ്ടായില്ളെങ്കില്‍ ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും -അദ്ദേഹം പറഞ്ഞു. മാനേജര്‍ ഡോ. കെ. വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.