ഉണ്യാല്‍ സാധാരണ നിലയിലേക്ക്; മുഖ്യപ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു
text_fieldsതിരൂര്‍: പൊലീസിനെ ആക്രമിക്കുകയും വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടാകുകയും ചെയ്ത ഉണ്യാലില്‍ സമാധാനം തെളിയുന്നു. ഞായറാഴ്ച രാത്രിയിലെ സംഭവങ്ങള്‍ക്ക് ശേഷം പുതിയ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീരദേശ മേഖലയില്‍ വന്‍തോതില്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
വീടാക്രമണ പരമ്പരക്ക് നേതൃത്വം നല്‍കിയ മുഖ്യപ്രതികളെ തിരിച്ചറിഞ്ഞതായി ഈ കേസുകള്‍ അന്വേഷിക്കുന്ന താനൂര്‍ സി.ഐ അലവി അറിയിച്ചു. ലീഗ് പ്രവര്‍ത്തകരുടെ ഇരുപതോളം പരാതികളും സി.പി.എം പ്രവര്‍ത്തകരുടെ ഏഴ് പരാതികളുമാണ് ലഭിച്ചത്. സ്വര്‍ണവും പണവും കവര്‍ന്നുവെന്ന് മിക്ക പരാതികളിലും ആക്ഷേപമുണ്ട്. ഇതു സംബന്ധിച്ച് വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, കെട്ടിച്ചമച്ച കണക്കുകള്‍ പരാതിക്കൊപ്പം സമര്‍പ്പിക്കുന്നതായി പൊലീസിന് സംശയമുണ്ട്. പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ നാല് ലീഗ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തിരൂര്‍ സി.ഐ എം.കെ ഷാജിയാണ് ഈ കേസ് അന്വേഷിക്കുന്നത്. ആക്രമണ കേസുകളില്‍ പ്രതികളെ കീഴടങ്ങാന്‍ അനുവദിക്കേണ്ടെന്നും നേരിട്ട് പിടികൂടാനുമാണ് പൊലീസ് തീരുമാനം. രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന പട്ടിക പരിഗണിക്കാതെ സംഭവങ്ങളില്‍ പ്രതികള്‍ക്കുള്ള പങ്ക് ഉറപ്പ് വരുത്തിയ ശേഷം മാത്രം കേസിലുള്‍പ്പെടുത്തിയാല്‍ മതിയെന്നും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
പ്രതികള്‍ക്കായി വീടുകളില്‍ തിങ്കളാഴ്ച രാത്രിയും പൊലീസ് പരിശോധന നടത്തി. വിവിധ സംഘങ്ങളായി 28 വീടുകളിലാണ് പരിശോധന നടന്നത്. എല്ലാ വീടുകളിലും സ്ത്രീകളും കുട്ടികളും മാത്രമാണുണ്ടായിരുന്നത്. പ്രതികള്‍ കടലില്‍ ചാടി രക്ഷപ്പെട്ടാല്‍ പിടികൂടുന്നതിന് സ്പീഡ് ബോട്ട് ഉള്‍പ്പെടെ പൊലീസ് എത്തിച്ചിരുന്നു. കോഴിക്കോട് നിന്ന് രണ്ട് സ്പീഡ് ബോട്ടാണ് എത്തിച്ചത്. പ്രതികളുടെ മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ട് തേടി;
തൊഴില്‍തട്ടിപ്പ് അന്വേഷിക്കാനും ഉത്തരവ്
തിരൂര്‍: ഉണ്യാലില്‍ സി.പി.എം-മുസ്ലിം ലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ മനുഷ്യാവകാശ കമീഷന്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ടാവശ്യപ്പെട്ടു. രണ്ടാഴ്ചക്കകം നല്‍കണമെന്നാണ് കമീഷനംഗം അഡ്വ. കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടത്. തിരൂരില്‍ നടന്ന മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്ങിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമീഷന്‍ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്നും പാര്‍പ്പിടം, തൊഴിലിടം, വാഹനങ്ങള്‍ എന്നിവ നഷ്ടമായവര്‍ക്ക് സഹായത്തിന് നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. അണികളെ നിലക്കുനിര്‍ത്താന്‍ പാര്‍ട്ടികള്‍ തയാറാകണമെന്നും കമീഷന്‍ വ്യക്തമാക്കി. പെരിന്തല്‍മണ്ണ മാര്‍ക്കറ്റിങ് സഹകരണ സംഘത്തില്‍ താല്‍ക്കാലിക ജീവനക്കാരിയെ മാറ്റിയ സംഭവത്തില്‍ ജോ. രജിസ്ട്രാറോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. സെക്രട്ടറി അടുത്ത സിറ്റിങ്ങില്‍ നേരിട്ട് ഹാജരാകണമെന്ന് കമീഷന്‍ ഉത്തരവിട്ടു.
ഫ്രാന്‍സില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് റഷ്യയിലേക്ക് കൊണ്ടുപോയി യുവാക്കളെ വഞ്ചിച്ച കേസില്‍ ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കാനാവശ്യപ്പെട്ടു. കൊല്ലം സ്വദേശിക്കെതിരെ തേഞ്ഞിപ്പലം സ്വദേശി വിനീഷ്, അഴിഞ്ഞിലം സ്വദേശികളായ മോഹന്‍ദാസ്, സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കമീഷന്‍ അന്വേഷണത്തിന് ആവശ്യപ്പെട്ടത്. സിറ്റിങ്ങില്‍ 37 പരാതികള്‍ പരിഗണിച്ചതില്‍ 12 എണ്ണം തീര്‍പ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.