സമാധാനം, മാനവികത : ജമാഅത്തെ ഇസ്ലാമി കാമ്പയിന്‍ ഒന്നിന് തുടങ്ങും
text_fieldsകോഴിക്കോട്: സമാധാനം, മാനവികത എന്ന പ്രമേയത്തില്‍ ജമാഅത്തെ ഇസ്ലാമി ദേശീയതലത്തില്‍ നടത്തുന്ന കാമ്പയിന് സെപ്റ്റംബര്‍ ഒന്നിന് കേരളത്തിലും തുടക്കമാവും. സെപ്റ്റംബര്‍ 15 വരെ നീളുന്ന കാമ്പയിന്‍െറ ഭാഗമായി സംസ്ഥാനത്ത് വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തെ സാമുദായിക സൗഹൃദം ശക്തിപ്പെടുത്തുക, ബഹുസ്വരതയുടെയും സാഹോദര്യത്തിന്‍െറയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, സമാധാനത്തിന്‍െറയും മാനവികതയുടെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിയാണ് കാമ്പയിന്‍. സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ ഒന്നിന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ അഖിലേന്ത്യ ഉപാധ്യക്ഷന്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി നിര്‍വഹിക്കും.
സെപ്റ്റംബര്‍ ഒമ്പതിന് ‘മലബാറിന്‍െറ സൗഹൃദ പാരമ്പര്യം’ എന്ന വിഷയത്തില്‍ മലപ്പുറത്ത് സെമിനാറും 10ന് പറവൂരില്‍ സാഹോദര്യ സമ്മേളനവും നടത്തും. സെപ്റ്റംബര്‍ നാലിന് കാസര്‍കോട്ട് ടേബ്ള്‍ ടോക്കും 15ന് കണ്ണൂരില്‍ മാധ്യമ സെമിനാറും നടക്കും. മതസൗഹാര്‍ദ രംഗത്ത് മികച്ച സേവനങ്ങള്‍ അര്‍പ്പിച്ച വ്യക്തികള്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. കാലുഷ്യങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേകം പരിപാടികള്‍ നടത്തും. ഓണം, ബലിപെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് പ്രത്യേക പരിപാടികളും സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ അസി. അമീര്‍മാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, പി. മുജീബ്റഹ്മാന്‍, ജന. സെക്രട്ടറി എം.കെ. മുഹമ്മദലി, കാമ്പയിന്‍ ജന. കണ്‍വീനര്‍ ടി.കെ. ഹുസൈന്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.