വന്ധ്യംകരണം; ചെലവിടേണ്ടത് കോടികള്‍
text_fieldsകൊച്ചി: തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിന് സര്‍ക്കാര്‍ ചെലവിടേണ്ടത് കോടികള്‍. ശസ്ത്രക്രിയക്കുള്ള മരുന്ന്, ഉപകരണങ്ങള്‍ എന്നിവക്ക് മാത്രം 30 കോടി ചെലവിടേണ്ടി വരും. പുറമെ, നായ്ക്കളെ പുനരധിവസിപ്പിക്കാനും പദ്ധതിക്ക് നിയമിക്കുന്ന ഡോക്ടര്‍മാരുടെയും ഇതര ജീവനക്കാരുടെയും ശമ്പളം, വാഹനം തുടങ്ങിയ ചെലവുകള്‍ കൂടി കണക്കിലെടുത്താല്‍ ചെലവ് 100 കോടിയോളമാകും. കേരളത്തില്‍ 2.5 ലക്ഷത്തോളം തെരുവ് നായ്ക്കള്‍ ഉണ്ടെന്നാണ് ജസ്റ്റിസ് സിരിജഗന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍, തെരുവ് നായ്ക്കളുടെ എണ്ണം ഇതിലും വര്‍ധിച്ചിട്ടുണ്ടാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരു നായയെ വന്ധ്യംകരിക്കാന്‍ ഏകദേശം 1200-1500 രൂപവരെ ചെലവാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അനസ്തേഷ്യ, സ്വയംകരിഞ്ഞു പോകുന്ന അബ്സോര്‍ബബ്ള്‍ നൂല്‍, മരുന്ന്, സിറിഞ്ച് എന്നിവക്കാണ് കൂടുതല്‍ ചെലവ്. വന്ധ്യംകരണത്തിനുശേഷം ഇവയുടെ പരിപാലനവും ബുദ്ധിമുട്ടേറിയതാണ്. ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലും ഇവയെ പ്രത്യേക നിരീക്ഷണത്തില്‍ വെക്കണം. ഇക്കാര്യങ്ങള്‍ക്കൊന്നും മൃഗാശുപത്രികളില്‍ നിലവില്‍ സൗകര്യങ്ങളില്ല. മിക്ക ആശുപത്രികളിലും ഓപറേഷന്‍ തിയേറ്ററുമില്ല.
പുറമെ, നിലവിലെ ഡോക്ടര്‍മാരെ ഉപയോഗപ്പെടുത്തി വന്ധ്യംകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയാല്‍ മൃഗാശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുമെന്നും പറയുന്നു. വന്ധ്യംകരണ പദ്ധതിക്കായി പ്രത്യേക പരിശീലനം നേടിയ ഡോക്ടര്‍മാരെ ഉടന്‍ നിയമിച്ചാല്‍ മാത്രമാണ് പ്രശ്ന പരിഹാരം സാധ്യമാകൂ. ഇതിലും രൂക്ഷമാണ് പട്ടിപിടിത്തക്കാരുടെ കുറവ്. കേരളത്തില്‍ ആകെ 70 പട്ടിപിടിത്തക്കാര്‍ മാത്രമാണുള്ളത്. വൈദഗ്ധ്യം നേടിയവര്‍ക്കുമാത്രമാണ് പട്ടികളെ പിടികൂടി ആശുപത്രികളിലത്തെിക്കാന്‍ കഴിയുക. ഒരു കേന്ദ്രത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍ ജോലി ചെയ്താല്‍ മാത്രമാണ് ദിവസം ചുരുങ്ങിയത് 20എണ്ണത്തിനെയെങ്കിലും വന്ധ്യംകരിക്കാന്‍ സാധിക്കുക.
സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പാക്കുന്ന അനിമല്‍ ബര്‍ത് കണ്‍ട്രോള്‍ പദ്ധതിയില്‍ കൊച്ചി ബ്രഹ്മപുരത്തെ പ്രത്യേക ക്യാമ്പില്‍ 1960 നായ്ക്കളെയാണ് വന്ധ്യംകരിച്ചത്. ദിവസം എട്ടു നായ്ക്കളെ വീതമാണ് വന്ധ്യംകരിക്കുന്നത്. ഇതിനായി നാല് ഡോക്ടര്‍മാരെയും നാലു പട്ടിപിടിത്തക്കാരും രണ്ടുസഹായികളും ജോലി ചെയ്യുന്നുണ്ട്. കേരളത്തില്‍ ഇതുവരെ വന്ധ്യംകരിച്ചത് 10000ത്തില്‍ താഴെ മാത്രം നായ്ക്കളെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.