വേദനയുടെ ബാല്യം വിടാതെ ഷഫീഖ്
text_fieldsതൊടുപുഴ: അടിമാലിയില്‍ മാതാപിതാക്കളുടെ പീഡനത്തിനിരയായ ഒമ്പതു വയസ്സുകാരന്‍ നൗഫല്‍ ഇടുക്കിയുടെ മറ്റൊരു വേദനയാകുമ്പോള്‍ മൂന്നു വര്‍ഷം മുമ്പ് സമാന അനുഭവങ്ങളിലൂടെ കടന്നുപോയ ഷഫീഖ് എന്ന ഏഴു വയസ്സുകാരനെ നാട് ഇനിയും മറന്നിട്ടില്ല. വേദനകളുടെ ബാല്യം വിട്ടുമാറാത്ത ഷഫീഖ് അന്ന് കേരളത്തിന്‍െറ ആകെ പ്രാര്‍ഥനയായിരുന്നു. അതിലൂടെ അവന്‍ ജീവിതത്തിലേക്ക് തിരിച്ചുനടന്നു. സഹതാപവും സമ്മാനപ്പൊതികളുമായി കാണാനത്തെുന്ന വി.ഐ.പികളുടെ തിരക്കൊഴിഞ്ഞ കൊച്ചുമുറിയില്‍ അവനുണ്ട്; പോറ്റിവളര്‍ത്തിയവരുടെ കണ്ണില്ലാത്ത ക്രൂരതയുടെ നൊമ്പരക്കാഴ്ചയായി.
പിതാവിന്‍െറയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തിലൂടെ കേരളത്തെ കരയിച്ച ജീവിതമാണ് ഷഫീഖിന്‍േറത്.
തൊടുപുഴയില്‍ അല്‍-അസ്ഹര്‍ മെഡിക്കല്‍ കോളജിന്‍െറ സംരക്ഷണയില്‍ കഴിയുന്ന ഷഫീഖിന് പരസഹായമില്ലാതെ പിച്ചവെക്കാന്‍ പോലും കഴിയുന്നില്ല. സ്റ്റീല്‍ കൊണ്ട് നിര്‍മിച്ച സ്റ്റാന്‍ഡില്‍ അരമണിക്കൂര്‍ മാത്രം പിടിച്ചുനില്‍ക്കാം. തലക്കേറ്റ ക്ഷതം മൂലം ശരീരം അമിതമായി വളരുന്ന പ്രവണതയുണ്ടെന്ന് ഷഫീഖിനെ ചികിത്സിക്കുന്ന ഡോ. ഷിയാസ് പറഞ്ഞു. ആഴ്ചയില്‍ രണ്ടു ദിവസം എല്‍.കെ.ജി ക്ളാസില്‍ പോയിരിക്കും. തല ഇപ്പോഴും ഉറച്ചിട്ടില്ല. എവിടെയെങ്കിലും ഇരുത്തിയാല്‍ തല ചാഞ്ഞുപോകും. മൂന്നു വര്‍ഷമായി ഷഫീഖിനെ പരിചരിക്കുന്ന രാഗിണി നിഴലുപോലെ ഒപ്പമുണ്ട്. കുമളി ഒന്നാംമൈല്‍ പുത്തന്‍പുരക്കല്‍ ഷരീഫിന്‍െറ മകന്‍ ഷഫീഖിനെ 2013 ജൂലൈ 15നാണ് കട്ടപ്പന സെന്‍റ് ജോണ്‍സ് മിഷന്‍ ആശുപത്രിയിലത്തെിച്ചത്. വീണുപരിക്കേറ്റെന്നാണ് കൊണ്ടുവന്ന ഷരീഫും രണ്ടാനമ്മ അനീഷയും ആശുപത്രി അധികൃതരോട് പറഞ്ഞത്. ഒറ്റനോട്ടത്തില്‍തന്നെ ഞെട്ടിക്കുന്നതായിരുന്നു അപ്പോള്‍ ഷഫീഖിന്‍െറ രൂപമെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ ഓര്‍ക്കുന്നു. തലയിലും വലതു പുരികത്തും ഇരുമ്പ് വടികൊണ്ട് അടിച്ചതിന്‍െറ മുറിവുകള്‍. ശരീരത്തില്‍ പലയിടത്തും ചട്ടുകംകൊണ്ട് പൊള്ളിച്ച പാടുകള്‍. ഒടിഞ്ഞു തൂങ്ങിയ കാലുകള്‍. ഭക്ഷണം കഴിക്കാതെ ശോഷിച്ച ശരീരം.
കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച രക്ഷിതാക്കള്‍ പൊലീസ് പിടിയിലായി.കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ദിവസങ്ങളോളം മരണവുമായി അവന്‍ മല്ലിട്ടു. ആ പ്രായത്തില്‍ ഒരു കുട്ടിയും ഇത്രമാത്രം വേദന അനുഭവിച്ചിട്ടുണ്ടാകില്ല. ചികിത്സിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാര്‍ തന്നെയത്തെി. വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞതോടെ കേരളം ഒട്ടാകെ അവനെ പ്രാര്‍ഥനകളോടെ നെഞ്ചിലേറ്റി. അത്യാസന്നനിലയില്‍ കഴിയുന്ന സ്വന്തം കുഞ്ഞിനുവേണ്ടിയെന്ന പോലെ ഓരോ വീട്ടമ്മയും പ്രാര്‍ഥിച്ചു, കണ്ണീരൊഴുക്കി. പിന്നീട് വെല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഒടുവില്‍ ജില്ലാ ശിശുക്ഷേമ സമിതിയുടെ മേല്‍നോട്ടത്തില്‍ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജിനെ സംരക്ഷണം ഏല്‍പിക്കുകയായിരുന്നു. ഷഫീഖിന് എഴുന്നേറ്റു നടക്കാന്‍ കഴിയുമെന്ന ഉറച്ചപ്രതീക്ഷയിലാണ് ഡോ. ഷിയാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.