എയര്‍ഹോസ്റ്റസ് ഉറങ്ങുന്നതിന്‍െറ വിഡിയോ; കാരന്തൂര്‍ സ്വദേശിക്കെതിരെ കേസ്
text_fieldsകോഴിക്കോട്: എയര്‍ ഇന്ത്യ വിമാനത്തില്‍ ഉറങ്ങുന്ന എയര്‍ഹോസ്റ്റസിന്‍െറ വിഡിയോയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഗള്‍ഫ് മലയാളിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. പൊതുസ്ഥലത്ത് സ്ത്രീകളെ അവഹേളിക്കുന്ന രീതിയില്‍ പെരുമാറിയതിന് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേരള പൊലീസ് ആക്ട് 119ാം വകുപ്പ് പ്രകാരമാണ് കേസ്. കാരന്തൂര്‍ സ്വദേശി സലീമിനെതിരെ എയര്‍ഹോസ്റ്റസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത നടക്കാവ് പൊലീസ് കേസ് പിന്നീട് കരിപ്പൂര്‍ പൊലീസിന് കൈമാറി. അതേസമയം, സംഭവം മൊബൈലില്‍ പകര്‍ത്തിയതും ഡ്യൂട്ടിക്കിടെ ഉറങ്ങുന്നതിനെ വിമര്‍ശിച്ച് പോസ്റ്റിട്ടതും മലബാര്‍ ഡെവലപ്മെന്‍റ് ഫോറം ചെയര്‍മാനും ഗള്‍ഫ് മലയാളിയുമായ കെ.എം. ബഷീറാണെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ടെന്നിരിക്കെ സലീമിനെതിരെ യുവതി പരാതി നല്‍കിയതില്‍ അവ്യക്തതയുണ്ട്. യുവതിക്ക് പേര് തെറ്റിയതാകാമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
മാര്‍ച്ച് 27ന് രാത്രി 9.20ന് ദുബൈയില്‍നിന്ന് കരിപ്പൂരിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്. പിന്നിലെ വാതിലിനും ബാത്റൂമിനുമടുത്ത ഭാഗത്ത് സീറ്റില്‍ ബ്ളാങ്കറ്റു പുതച്ചാണ് എയര്‍ഹോസ്റ്റസ് ഉറങ്ങിയത്. ഇത് പകര്‍ത്തിയ ബഷീര്‍ എയര്‍ ഇന്ത്യക്ക് പരാതി നല്‍കിയിരുന്നു. പിന്നീട് യുവതിയുടെ സമ്മതമില്ലാതെ അവഹേളിക്കുന്ന കുറിപ്പോടുകൂടി വിഡിയോ ദൃശ്യം ഫേസ്ബുക്കിലും വാട്സ്ആപിലും ഇട്ടതായാണ് പരാതി.
കോട്ടൂളിയില്‍ താമസിക്കുന്ന വര്‍ക്കല സ്വദേശിയായ എയര്‍ഹോസ്റ്റസ് ആഗസ്റ്റ് 16നാണ് നടക്കാവ് പൊലീസില്‍ പരാതിപ്പെട്ടത്. സംഭവം നടന്നത് കരിപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേക്ക് കൈമാറിയതായി നടക്കാവ് എസ്.ഐ ജി. ഗോപകുമാര്‍ അറിയിച്ചു. കേസ് ഫയല്‍ ലഭിച്ചാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് കരിപ്പൂര്‍ എസ്.ഐ പി. സദാനന്ദന്‍ പറഞ്ഞു.
അതേസമയം, കെ.എം. ബഷീറിനെതിരെ ഫേസ്ബുക്കിലും വാട്സ്ആപിലും വിമര്‍ശത്തിന്‍െറ പൊങ്കാലയാണ്. അനുമതിയില്ലാതെ സ്ത്രീയുടെ വിഡിയോ എടുത്ത് പോസ്റ്റ് ചെയ്തതിനെതിരെയാണ് പ്രധാന വിമര്‍ശം. എന്നാല്‍, ഇതിന് കേസെടുത്താല്‍ പൊലീസും എയര്‍ഹോസ്റ്റസും കുടുങ്ങുമെന്നാണ് ബഷീര്‍ തന്‍െറ പോസ്റ്റില്‍ പറയുന്നത്.
50,000 അടി ഉയരത്തില്‍ നടന്ന സംഭവമായതിനാല്‍ പൊലീസിന് കേസെടുക്കാന്‍ അധികാരമില്ളെന്നാണ് തനിക്ക് നിയമോപദേശം കിട്ടിയത്. ഡി.ജി.സി.എക്ക് മാത്രമേ ഇതില്‍ നിയമനടപടികള്‍ സ്വീകരിക്കാനാവൂ. ഇവിടെ പൊലീസും എയര്‍ഹോസ്റ്റസും പുലിവാല്‍ പിടിച്ചേക്കുമെന്നാണ് പോസ്റ്റ്. അതിനുള്ള കാരണങ്ങളും വിശദീകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.