സ്വാശ്രയ മെഡിക്കല്‍: സര്‍ക്കാറിന് പിടികൊടുക്കാതെ അമൃത
text_fieldsതിരുവനന്തപുരം: മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശം സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കണമെന്ന ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ നിര്‍ദേശം അമൃത കല്‍പിത സര്‍വകലാശാല തള്ളി. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെയും കല്‍പിത സര്‍വകലാശാലകളിലെയും പ്രവേശം ഇത്തവണ നീറ്റ് റാങ്ക് പട്ടികയില്‍ നിന്നായിരിക്കണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ ഇവിടങ്ങളിലെ മുഴുവന്‍ സീറ്റുകളിലേയും അലോട്ട്മെന്‍റ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് പരിഗണിക്കണമെന്നും നിര്‍ദേശിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റി നല്‍കിയ നോട്ടീസാണ് അമൃത കല്‍പിത സര്‍വകലാശാല തള്ളിയത്. സ്വന്തം നിലക്ക് പ്രവേശം നടത്തുന്നതിന് അമൃത മെഡിക്കല്‍ കോളജ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
അമൃത കല്‍പിത സര്‍വകലാശാലയായും കീഴിലുള്ള സ്ഥാപനങ്ങളും കേന്ദ്ര നിയമത്തിന്‍െറ പരിധിയില്‍ വരുമെന്ന് കോയമ്പത്തൂരിലെ സര്‍വകലാശാല ആസ്ഥാനത്തുനിന്ന് ജയിംസ് കമ്മിറ്റിക്കയച്ച മറുപടിയില്‍ പറയുന്നു. എന്നാല്‍ സംസ്ഥാന നിയമത്തിന്‍െറ പരിധിയില്‍ വരില്ല. അതിനാല്‍ ജയിംസ് കമ്മിറ്റി പുറപ്പെടുവിച്ച നോട്ടീസ് പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. നിയമവശം പരിശോധിച്ച് മറുപടി നല്‍കാനാണ് ജയിംസ് കമ്മിറ്റിയുടെ തീരുമാനം.
പ്രോസ്പെക്ടസ്, പ്രവേശനടപടികള്‍ വ്യക്തമാക്കുന്ന രേഖകള്‍ എന്നിവ ഹാജരാക്കണമെന്നായിരുന്നു ജയിംസ് കമ്മിറ്റി ആവശ്യപ്പെട്ടത്.
നിയമോപദേശത്തിനുശേഷം വിശദമറുപടി നല്‍കാം എന്നാണ് കോളജ് അധികൃതര്‍ ആദ്യം അറിയിച്ചത്. തുടര്‍ന്ന് സര്‍വകലാശാല ആസ്ഥാനത്തുനിന്ന് അയച്ച മറുപടിയിലാണ് നിര്‍ദേശം തള്ളുന്നതായി വ്യക്തമാക്കുന്നത്. നൂറ് സീറ്റുകളാണ് കൊച്ചിയിലെ അമൃത മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിനുള്ളത്. ബി.ഡി.എസിന് 60 സീറ്റുകളും. കല്‍പിത സര്‍വകലാശാല പദവിയില്‍ സ്വന്തം നിലയില്‍ പരീക്ഷ നടത്തി പ്രവേശം നടത്തുന്നതായിരുന്നു ഇവരുടെ രീതി. നീറ്റ് പട്ടികയില്‍നിന്ന് പ്രവേശം നടത്തേണ്ടവയുടെ പട്ടികയില്‍ സ്വകാര്യ കല്‍പിത സര്‍വകലാശാലകളും വന്നതോടെ അമൃതക്കും ഇത് ബാധകമായി. എന്നാല്‍ നീറ്റ് പട്ടികയില്‍നിന്ന് സ്വന്തംനിലക്ക് പ്രവേശം നടത്തുന്നതിന് ഇവരുടെ വെബ്സൈറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സ്വകാര്യ കല്‍പിത സര്‍വകലാശാലയിലെ മുഴുവന്‍ എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്കും അലോട്ട്മെന്‍റ് നടത്താന്‍ പ്രവേശ പരീക്ഷാ കമീഷണര്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത് വകവെക്കാതെയാണ് ഈ നീക്കം. ആഗസ്റ്റ് 26വരെയാണ് അപേക്ഷിക്കാനുള്ള സമയം. സെപ്റ്റംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ പ്രവേശ കൗണ്‍സലിങ് നടത്തും. മെഡിക്കലില്‍ മെറിറ്റ്, മാനേജ്മെന്‍റ് സീറ്റുകളില്‍ പത്ത് ലക്ഷമാണ് ഏകീകൃത ഫീസായി വെബ്സൈറ്റില്‍ പറയുന്നത്. എന്‍.ആര്‍.ഐ ക്വോട്ടയില്‍ 40000 ഡോളറുമാണ് ഫീസ്. ഡെന്‍റലിന് ഏകീകൃത ഫീസ് അഞ്ച് ലക്ഷവും എന്‍.ആര്‍.ഐ ഫീസ് 17000 ഡോളറുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.