സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ മെറിറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന് സര്‍ക്കാര്‍
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശത്തിലെ അനിശ്ചിതത്വം തുടരുന്നതിനിടെ മെറിറ്റ് സീറ്റിന്‍െറ കാര്യത്തില്‍ വിട്ടുവീഴ്ചയില്ളെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി മന്ത്രി കെ.കെ. ശൈലജ വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. തുടര്‍നടപടികള്‍ കോടതി നിര്‍ദേശം കൂടി പരിഗണിച്ചാവും പൂര്‍ത്തിയാക്കുക. മെഡിക്കല്‍, ഡെന്‍റല്‍ ഫീസ് ഏകീകരണം യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവെച്ചതാണെന്ന് കൂടിക്കാഴ്ചയില്‍ മന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിലും ഇക്കാര്യം ചര്‍ച്ചയായി. അതേസമയം, വ്യാഴാഴ്ച ഹൈകോടതിയില്‍ മാനേജ്മെന്‍റുകള്‍ നല്‍കിയ കേസ് പരിഗണിക്കാനിരുന്ന ബെഞ്ച് പിന്മാറിയതോടെ വെള്ളിയാഴ്ച മറ്റൊരു ബെഞ്ച് കേസ് പരിഗണിക്കും. കോടതി നിര്‍ദേശമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മുഴുവന്‍ സീറ്റുകളും ഏറ്റെടുത്തുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദ് ചെയ്യണമെന്നാണ് മാനേജ്മെന്‍റുകളുടെ ആവശ്യം. കൂടുതല്‍ കോളജുകള്‍ വ്യാഴാഴ്ച കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇതിനിടെ, അംഗീകാരത്തിനായി എട്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ സമര്‍പ്പിച്ച പ്രോസ്പെക്ടസ് ജസ്റ്റിസ് ജയിംസ് കമ്മിറ്റി തള്ളി. അപാകതകള്‍ തിരുത്തി വീണ്ടും നല്‍കാനാണ് നിര്‍ദേശം. സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച 50 ശതമാനം മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ ക്വോട്ടകളിലെ പ്രവേശത്തെക്കുറിച്ച് മൗനം പാലിക്കുന്നതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് നിരാകരിച്ചത്. പെരിന്തല്‍മണ്ണ എം.ഇ.എസ്, ഒറ്റപ്പാലം പി.കെ. ദാസ്, കോഴിക്കോട് മലബാര്‍, കൊല്ലം അസീസിയ, തിരുവനന്തപുരം എസ്.യു.ടി, എറണാകുളം ശ്രീനാരായണ, ഡി.എം. വയനാട്, കൊല്ലം ട്രാവന്‍കൂര്‍ എന്നിവയുടെ പ്രോസ്പെക്ടസാണ് തള്ളിയത്.
സര്‍ക്കാര്‍ ഉത്തരവ് മാനിക്കാതെ 16 സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ ഇതിനകം പ്രവേശ നടപടികളിലേക്ക് കടന്നിട്ടുണ്ട്. അവശേഷിക്കുന്ന കോളജുകളും അടുത്ത ദിവസങ്ങളില്‍ അപേക്ഷ ക്ഷണിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് പി. കൃഷ്ണദാസ് അറിയിച്ചു.
കോളജുകള്‍ കോടതിയെ സമീപിച്ചതോടെ അലോട്ട്മെന്‍റ് തല്‍ക്കാലം തുടങ്ങേണ്ടെന്ന നിലപാടിലാണ് പ്രവേശ പരീക്ഷാ കമീഷണര്‍. പ്രവേശവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വിശദമായ ഉത്തരവ് ഇറക്കിയിരുന്നു. പ്രശ്നം നിയമപോരാട്ടത്തിലേക്ക് നീണ്ടതോടെ നടപടികള്‍ കാത്തിരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. സെപ്റ്റംബര്‍ 30നകം പ്രവേശം പൂര്‍ത്തിയാക്കണമെന്നത് സര്‍ക്കാറിനെ കുഴക്കുന്നുണ്ട്. നിലവിലെ അനിശ്ചിതത്വം വിദ്യാര്‍ഥികളിലും രക്ഷാകര്‍ത്താക്കളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ പ്രവേശ നടപടികള്‍ ആരംഭിച്ചതോടെ പലരും അവിടത്തെ സാധ്യതകളും ആരാഞ്ഞുതുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.