സർക്കാർ ഒാഫീസുകളിലെ ഒാണാഘോഷം : പിണറായിക്കെതിരെ കുമ്മനം
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി സമയത്ത് പൂക്കളം ഒരുക്കേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ . മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു കൊണ്ട് 24 മണിക്കൂർ സ്തംഭനത്തിന് ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രി ഓണപ്പൂക്കളം ഇടുന്നതിന്റെ പേരിൽ ഒരു മണിക്കൂർ നഷ്ടമാകുന്നതിനെപ്പറ്റി വേവലാതി കൊള്ളുന്നത് അത്ര നിഷ്കളങ്കമാണെന്ന് പറയാനാവില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കുമ്മനം രാജശേഖരൻ പറയുന്നു.
മാധ്യമങ്ങളുടെ കയ്യടി കിട്ടാൻ ചില പ്രസ്താവനകൾ ഇറക്കാനേ പിണറായ വിജയന് കഴിയൂ. സ്വന്തം പാർട്ടി നയിക്കുന്ന യൂണിയനിലെ ഉദ്യോഗസ്ഥ പ്രഭുക്കൾ പറയുന്നത് മാത്രമേ സെക്രേട്ടറിയറ്റിൽ നടക്കൂ എന്നതാണ് വാസ്തവമെന്നും കുമ്മനം പറയുന്നു. സാധാരണക്കാർ നരകിക്കരുത് എന്ന് മുഖ്യമന്ത്രിക്ക് ആഗ്രഹമുണ്ടെങ്കിൽ ആദ്യം നിലയ്ക്ക് നിര്‍ത്തേണ്ടത് സ്വന്തം പാർട്ടി നേതാക്കൻമാരെയാണ്. അല്ലാതെ ദേശീയ ഉത്സവമായ ഓണാഘോഷത്തിന്റെ നന്മയെ ഇല്ലാതാക്കി നാടിന്റെ ഐക്യം തകർക്കലല്ല എന്ന് വിമർശിച്ച് കൊണ്ടാണ് കുമ്മനത്തിെൻറ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
(ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ രൂപം)
'സർക്കാർ ഓഫീസുകളുടെ പ്രവർത്തനം കൃത്യമായി നടക്കുക എന്നാൽ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ യഥാസമയം തീർപ്പുണ്ടാക്കുക എന്നാണർത്ഥം. അതിനു നാനാ തരത്തിലുള്ള ഇടപെടലും ജാഗ്രതയും വേണ്ടതുണ്ട്.'മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ ആദ്യ ഭാഗമാണിത്. സർക്കാർ ഓഫീസുകളിൽ ഓണാഘോഷം നടക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഈ അഭിപ്രായ പ്രകടനം. സാധാരണക്കാർക്ക് കിട്ടേണ്ട സർക്കാർ സേവനം വൈകുന്നതിലുള്ള മുഖ്യമന്ത്രിയുടെ ഉത്കണ്ഠയാണ് ഈ വരികളിൽ കാണുന്നതെന്ന് ആദ്യ വായനയിൽ തോന്നിയേക്കാം. എന്നാൽ അത്തരമൊരു നിഗമനത്തിൽ എത്തുന്നതിന് മുൻപായി ഈ പ്രസ്താവനക്ക് തൊട്ടുമുൻപ് മുഖ്യമന്ത്രി ഇട്ട മറ്റൊരു പോസ്റ്റ് കൂടി വായിക്കേണ്ടതുണ്ട്.
സെപ്തം 2ന് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടക്കാൻ പോകുന്ന അഖിലേന്ത്യാ പണിമുടക്കിന് പിന്തുണ അഭ്യർത്ഥിച്ചു കൊണ്ടുള്ള പ്രസ്താവനയാണിത്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു കൊണ്ട് 24 മണിക്കൂർ സ്തംഭനത്തിന് ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രി ഓണപ്പൂക്കളം ഇടുന്നതിന്റെ പേരിൽ ഒരു മണിക്കൂർ നഷ്ടമാകുന്നതിനെപ്പറ്റി വേവലാതി കൊള്ളുന്നത് അത്ര നിഷ്കളങ്കമാണെന്ന് പറയാനാവില്ല.
തലചായ്ക്കാൻ ഒരു കൂര വെക്കാൻ രണ്ടു സെന്റ് ഭൂമിക്കു വേണ്ടി നെയ്യാറ്റിൻകര അരുമാനൂർ സ്വദേശി ചെല്ലമ്മയെന്ന വൃദ്ധ ദിവസങ്ങളോളം മുഖ്യമന്ത്രിയുടെ ഓഫീസ് കയറിയിറങ്ങി നരകിച്ച സംഭവം പുറത്തു വന്നത് രണ്ടു ദിവസങ്ങൾ മുൻപാണ്. 80 വയസ്സുള്ള ചെല്ലമ്മയുടെ ആവശ്യം നിറവേറിയില്ല എന്ന് മാത്രമല്ല അവരുടെ കയ്യിൽ നിന്ന് അപേക്ഷ വാങ്ങാൻ പോലും ഇതേ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാർ തയ്യാറായില്ല എന്നത് ഞെട്ടലോടെയാണ് നാം കേട്ടത്. മാധ്യമങ്ങളുടെ കയ്യടി കിട്ടാൻ ചില പ്രസ്താവനകൾ ഇറക്കാനേ പിണറായ വിജയന് കഴിയൂ. സ്വന്തം പാർട്ടി നയിക്കുന്ന യൂണിയനിലെ ഉദ്യോഗസ്ഥ പ്രഭുക്കൾ പറയുന്നത് മാത്രമേ സെക്രട്ടറിയേറ്റിൽ നടക്കൂ എന്നതാണ് വാസ്തവം. അതിന്റെ ഉദാഹരണമാണ് ഈ സംഭവം.
ഈ ദുഷ്പ്രഭുക്കൻമാരെ നിയന്ത്രിക്കാൻ പിണറായി വിജയന് ആർജ്ജവമുണ്ടോ? ജോലി സമയത്ത് സമരം ചെയ്യും ! ജോലി സമയത്ത് പാർട്ടി ഫണ്ട് പിരിക്കും ! ജോലി സമയത്ത് യൂണിയൻ പ്രവർത്തനം നടത്തും ! ജോലിക്ക് താമസിച്ചെത്തും തോന്നുമ്പോൾ തിരികെ പോകും ! ആരുണ്ട് ചോദിക്കാൻ?
ഇതാണ് ഈ യൂണിയൻ നേതാക്കളുടെ മനോഭാവം.
ഇത് അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് സേവനം എത്തിക്കലാണ് പിണറായി ചെയ്യേണ്ടത്. സാധാരണക്കാർ നരകിക്കരുത് എന്ന് മുഖ്യമന്ത്രിക്ക് ആഗ്രഹമുണ്ടെങ്കിൽ ആദ്യം നിലയ്ക്ക് നിര്‍ത്തേണ്ടത് സ്വന്തം പാർട്ടി നേതാക്കൻമാരെയാണ്. അല്ലാതെ ദേശീയ ഉത്സവമായ ഓണാഘോഷത്തിന്റെ നന്മയെ ഇല്ലാതാക്കി നാടിന്റെ ഐക്യം തകർക്കലല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.