തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് പാളം തെറ്റി; ഒഴിവായത് വൻ ദുരന്തം
text_fieldsഅങ്കമാലി: തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് (16347) അങ്കമാലിക്ക് സമീപം പാളംതെറ്റി. അങ്കമാലിക്കും ഇരിങ്ങാലക്കുടക്കും ഇടയില്‍ കറുകുറ്റി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. 12 ബോഗികള്‍ ആണ് പാളം തെറ്റിയത്. ഇതിൽ നാലെണ്ണം പൂർണമായി ചെരിഞ്ഞിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. യാത്രക്കാര്‍ക്കാര്‍ക്കും പരിക്കില്ല. പുലര്‍ച്ചെ 2.16 നായിരുന്നു അപകടം. അപകടത്തില്‍പെട്ടവരെ പ്രത്യേക വാഹനത്തില്‍ കൊച്ചിയിലെത്തിക്കും.
ഉച്ചക്ക് മൂന്നു മണിയോടെ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കുമെന്നാണ് റെയിൽവേ അധികൃതർ മാധ്യമങ്ങളെ അറിയിച്ചത്. തെക്കോട്ടുള്ള ഗതാഗതം ഉച്ചക്ക് മൂന്നു മണിയോടെയും വടക്കോട്ടുള്ള ഗതാഗതം തിങ്കളാഴ്ച രാവിലെ ആറു മണിയോടെയും പുനഃസ്ഥാപിക്കാൻ സാധിച്ചേക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ റെയിൽവേയുടെ എൻജിനീയറിങ് അടക്കമുള്ള വിഭാഗങ്ങളെ ഏകോപിപ്പിച്ച് ആരംഭിച്ചു കഴിഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.
മംഗലാപുരം എക്‌സ്പ്രസിലെ യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ട്രെയിൻ അപകടം നടന്ന് മൂന്നു മിനിട്ടുകൾക്ക് ശേഷം തിരുവനന്തപുരം ഭാഗത്തേക്കുള്ള ചെന്നൈ-തിരുവനന്തപുരം സൂപ്പർ എക്സ്പ്രസ് ട്രെയിൻ പോകേണ്ടതായിരുന്നു. എന്നാൽ, അപകട വിവരം അറിഞ്ഞതിനെ തുടർന്ന് ഈ ട്രെയിൻ ചാലക്കുടി സ്റ്റേഷനിൽ പിടിച്ചിടുകയായിരുന്നു. തൃശൂരിൽ നിന്ന് വടക്കോട്ടും എറണാകുളത്ത് നിന്ന് തെക്കോട്ടും മാത്രമാണ് നിലവിൽ ട്രെയിൻ ഗതാഗതം നടക്കുന്നത്.
ഇന്നത്തെ എറണാകുളം-കാരക്കൽ, ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് എന്നിവ പാലക്കാട് നിന്നും തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ്, തിരുവനന്തപുരം-ചെന്നൈ മെയിൽ എന്നിവ തൃശ്ശൂരിൽ നിന്നുമാണ് യാത്ര തുടങ്ങുക. തിരുവനന്തപുരം -മുംബൈ നേത്രാവതി (19.00 പി.എം) കൊച്ചുവേളി-മുംബൈ ഗരീബ് രഥ് (19.15 പി.എം) കൊച്ചുവേളി-പോർബന്തർ (19.30 മണി) മണിക്കും എറണാകുളം-നിസാമുദ്ദീൻ രാത്രി 11 മണിക്കുമായിരിക്കും യാത്ര പുറപ്പെടുക എന്ന് റെയിൽവേ അറിയിച്ചു.
തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ജനശതാബ്ദി (12076) വേണാട് (16302) എക്‌സ്പ്രസുകൾ എന്നിവ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. തൃശ്ശൂര്‍ ഭാഗത്തേക്കു പോകുന്ന ലൈന്‍ 10 മണിക്കൂറും തിരുവനന്തപുരത്തേക്കുള്ള ലൈന്‍ അഞ്ചു മണിക്കൂറും വൈകാന്‍ സാധ്യതയുണ്ട്. ഇന്നലെ പുറപ്പെട്ട അമൃത-നിലമ്പൂര്‍ രാജ്യറാണി (16343/16349) എഗ്മൂര്‍-ഗുരുവായൂര്‍ (16127) എന്നിവയും എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.
റെയില്‍വേ ഹെല്‍പ് ലൈന്‍: തിരുവനന്തപുരം: 0471-2320012, തൃശ്ശൂര്‍: 0471-2429241, എറണാകുളം: 0484-2100317, കറുകുറ്റി: 9447075320
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.