പാലാംകടവില്‍ തെരുവുനായ്ക്കളുടെ പരാക്രമം; അഞ്ചുപേര്‍ക്ക് കടിയേറ്റു
text_fieldsതലയോലപ്പറമ്പ്: മറവന്‍തുരുത്തിലെ പാലാംകടവില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. നാടിനെ ഭീതിയിലാഴ്ത്തി മണിക്കൂറുകളോളം നായ്ക്കള്‍ പരാക്രമം തുടര്‍ന്നു.
മണകുന്നം കണ്ടത്തില്‍ നെസ്രത്ത് (33), പാലാംകടവ് സൗമ്യാഭവനില്‍ പരേതനായ രമണന്‍െറ ഭാര്യ സതി (42), ശ്രീവത്സത്തില്‍ രാധാകൃഷ്ണന്‍െറ ഭാര്യ ശ്രീലത (43), പാടത്തുവീട്ടില്‍ സുരേഷ് (42), കരിവേലിക്കകത്ത് ഹംസയുടെ ഭാര്യ ഫാത്തിമ (53) എന്നിവരെയാണ് കടിച്ചത്. എല്ലാവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ഏഴിനു തുടങ്ങിയ നായയുടെ വിളയാട്ടം ഉച്ചക്ക് 12വരെ തുടര്‍ന്നു.
രാവിലെ ഏഴിനു വാതില്‍ തുറന്ന് പത്രം എടുക്കാന്‍ ഒരുങ്ങുമ്പോഴാണ് നെസ്രത്തിനു കടിയേറ്റത്. വലതുകൈ കടിച്ചുകീറി. ഇവിടെ നിന്ന് ഓടിയ നായ് പാലാംകടവിനടുത്ത് പൊതുടാപ്പില്‍നിന്ന് വെള്ളമെടുത്തുകൊണ്ടിരുന്ന സതിയെ കടിച്ചു. കുതികാല്‍ മുറിഞ്ഞ സതി ഓടി രക്ഷപ്പെടുകയായിരുന്നു. ബസ് ഡ്രൈവറായ ഭര്‍ത്താവിനു ചോറുമായി പോകുകയായിരുന്ന ശ്രീലതയെ നായ് കടിക്കാന്‍ ഒരുങ്ങിയപ്പോള്‍ ചോറ്റുപാത്രംകൊണ്ട് അടിച്ചോടിക്കാന്‍ ശ്രമിച്ചെങ്കിലും റോഡില്‍ വീണുപോയി. റോഡില്‍ അവശയായി കിടന്ന ശ്രീലതയുടെ കീഴ്ചുണ്ട് കടിച്ചുമുറിച്ചു. അവിടെനിന്ന് ഓടിയ നായ് പാല്‍ വാങ്ങാന്‍ പോയ ഫാത്തിമയെ ഓടിച്ചിട്ടു കടിക്കുകയായിരുന്നു. ഇവരുടെ കാലിന്‍െറ ഭാഗം കടികൊണ്ട് വിട്ടുപോയി. പിന്നീട് കുറച്ചുനേരത്തേക്ക് നായയെ കണ്ടില്ല.
നാട്ടുകാര്‍ സംഘടിച്ച് നായയെ തിരഞ്ഞുനടക്കവെ ഉച്ചക്ക് 12ന് പാലാംകടവ് പാലത്തിലൂടെ നടന്നുപോകുകയായിരുന്ന പാടത്തുവീട്ടില്‍ സുരേഷിന്‍െറ ദേഹത്ത് ചാടിക്കയറി കടിക്കുകയായിരുന്നു. കടിയേറ്റ് വീണ സുരേഷിന്‍െറ അടുത്തേക്ക് മറ്റുയാത്രക്കാര്‍ ഓടിവന്നതിനാല്‍ വീണ്ടും കടിക്കാതെ നായ് ഓടി രക്ഷപ്പെട്ടു. നൂറിലധികം നായ്ക്കളാണ് പാലാംകടവില്‍ അലഞ്ഞുനടക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.