സ്വാശ്രയ മെഡിക്കല്‍: രണ്ട് കോളജുകള്‍ അപേക്ഷ സ്വീകരിക്കല്‍ അവസാനിപ്പിച്ചു
text_fieldsതിരുവനന്തപുരം: സര്‍ക്കാറുമായുള്ള ചര്‍ച്ചക്കുപോലും കാത്തിരിക്കാതെ, അംഗീകാരമില്ലാത്ത പ്രോസ്പെക്ടസ് ഉപയോഗിച്ച് തിരുവനന്തപുരം വട്ടപ്പാറ എസ്.യു.ടി, കൊച്ചി അമൃത മെഡിക്കല്‍ കോളജ് എന്നീ സ്വാശ്രയ കോളജുകള്‍ എം.ബി.ബി.എസ് പ്രവേശത്തിനുള്ള അപേക്ഷ സ്വീകരിക്കല്‍ അവസാനിപ്പിച്ചു.
പ്രവേശത്തിന്‍െറയും ഫീസ് നിര്‍ണയത്തിന്‍െറയും മേല്‍നോട്ട ചുമതലയുള്ള ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ നിരീക്ഷണത്തില്‍ പ്രവേശനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈകോടതി വിധി ഉണ്ടായിരിക്കെയാണ് ഇത്. എസ്.യു.ടിയുടെ പ്രോസ്പെക്ടസ് കഴിഞ്ഞ 23ന് കമ്മിറ്റി തള്ളിയിരുന്നു.
അമൃത മെഡിക്കല്‍ കോളജിനോട് പ്രോസ്പെക്ടസ് ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ കമ്മിറ്റി നോട്ടീസ് നല്‍കിയിരുന്നെങ്കിലും കല്‍പിത സര്‍വകലാശാല പദവിയുടെ പേരില്‍ കോളജ് അധികൃതര്‍ തള്ളി.
ഈമാസം 22 മുതല്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങിയ എസ്.യു.ടി മെഡിക്കല്‍ കോളജ് അപേക്ഷ സ്വീകരിക്കുന്നത് ശനിയാഴ്ച അവസാനിപ്പിച്ചു.
സെപ്റ്റംബര്‍ ഒന്നിന് മെറിറ്റ് പട്ടിക പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ മൂന്നിന് ആദ്യ അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധീകരിക്കുകയും ഒമ്പതിനകം പ്രവേശംനടത്തുകയും ചെയ്യും. 14ന് രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കുകയും 28നകം പ്രവേശംപൂര്‍ത്തിയാക്കുകയും ചെയ്യും. പത്ത് ലക്ഷം രൂപയാണ് ഏകീകൃത ഫീസായി നിശ്ചയിച്ചിരിക്കുന്നത്. 15 ലക്ഷം രൂപ പലിശരഹിത നിക്ഷേപമായും നല്‍കണം. അമൃതയില്‍ അപേക്ഷിക്കാനുള്ള അവസാനതീയതി കഴിഞ്ഞ 26 ആയിരുന്നു.
സെപ്റ്റംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ കൗണ്‍സലിങ് നടത്തും. പത്ത് ലക്ഷം രൂപയാണ് ഇവിടെ ഏകീകൃത ഫീസ്. 40000 ഡോളര്‍ ആണ് എന്‍.ആര്‍.ഐ ക്വോട്ടയിലെ ഫീസ്. അമൃതയില്‍ ഡെന്‍റല്‍ പ്രവേശത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതും അവസാനിപ്പിച്ചിട്ടുണ്ട്. പ്രവേശ നടപടികള്‍ സംബന്ധിച്ച് സര്‍ക്കാറുമായി സ്വാശ്രയ കോളജ് മാനേജ്മെന്‍റുകള്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തുന്നുണ്ട്.
ഞായറാഴ്ച കൊച്ചിയില്‍ ചേരാനിരുന്ന മാനേജ്മെന്‍റ് അസോസിയേഷന്‍െറ യോഗം ട്രെയിന്‍ അപകടത്തില്‍ ഗതാഗതം താറുമാറായതോടെ മാറ്റി. അസോസിയേഷന്‍െറ യോഗം ഞായറാഴ്ച സര്‍ക്കാറുമായുള്ള ചര്‍ച്ചക്ക് മുമ്പ് രാവിലെ ഒമ്പതരക്ക് തിരുവനന്തപുരത്ത് ചേരും. സ്വാശ്രയ ഡെന്‍റല്‍ കോളജ് അസോസിയേഷന്‍ ഭാരവാഹികളും തിങ്കളാഴ്ച സര്‍ക്കാറുമായി ചര്‍ച്ച നടത്തുന്നുണ്ട്.
ഏകീകൃത ഫീസ് എന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ സര്‍ക്കാറുമായി സഹകരിക്കാന്‍ തയാറാണെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് പി. കൃഷ്ണദാസ് പറഞ്ഞു. ക്രോസ് സബ്സിഡി ഇനി അനുവദിക്കാനാകില്ല. ജയിംസ് കമ്മിറ്റി തള്ളിയ പ്രോസ്പെക്ടസിന് ഉടന്‍ അംഗീകാരം നല്‍കണമെന്നും ഫീസ് ഘടനയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ആരോഗ്യ സര്‍വകലാശാല കോളജുകളുടെ അംഗീകാരം പിന്‍വലിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുമെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.