അയ്യപ്പന്മാർ മൂലം സ്ത്രീകൾക്ക് ശബരിമലയിൽ കയറാനാകില്ലെന്ന് പറഞ്ഞിട്ടില്ല-ടി.എൻ സീമ
text_fields
തിരുവനന്തപുരം: അയ്യപ്പഭക്തന്മാരുടെ ശാരീരിക മാനസിക നിയന്ത്രണങ്ങള്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ തടസ്സമാകുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സി.പി.എം നേതാവ് ടി.എൻ. സീമ. പ്രസംഗത്തിനിടക്ക് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണന്‍റെ വാചകങ്ങൾ താൻ ഉദ്ധരിക്കുകയായിരുന്നു. ഇത് താൻ പറഞ്ഞതാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ടി.എൻ സീമ പറഞ്ഞു.
തന്‍റേതെന്ന പേരിൽ അസത്യങ്ങളും അസംബന്ധങ്ങളും പ്രചരിപ്പിച്ചു കൊണ്ട് ഹിന്ദുക്കളുടെ മൊത്തം സംരക്ഷകരായി ചമയുകയാണ് ചിലർ. അയ്യപ്പ ഭക്തന്മാരെ കുറിച്ചോ അവരുടെ ശാരീരിക മാനസിക നിയന്ത്രണങ്ങളെ കുറിച്ചോ ഒരു ആക്ഷേപവും എനിക്കില്ല, സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അതാണ് തടസ്സമെന്ന വാദവും എനിക്കില്ല; എന്നാല്‍ അങ്ങനെയൊരു വാദം ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിനുണ്ട്. അദ്ദേഹം അയ്യപ്പ ഭക്തന്മാരെ കുറിച്ചു പറഞ്ഞ ആക്ഷേപങ്ങളും സംബന്ധിച്ചു ഇത്രയും ദിവസം നിശബ്ദത പാലിച്ചവര്‍ ഇപ്പോള്‍ എന്നെ വിമര്‍ശിക്കാന്‍ കാണിക്കുന്ന അത്യുത്സാഹത്തിന്‍റെ രാഷ്ട്രീയം ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകുമെന്നും കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് എന്‍റെ പേരില്‍ അസത്യങ്ങളും അസംബന്ധങ്ങളും പ്രചരിപ്പിച്ചു കൊണ്ട് ഉറഞ്ഞു തുള്ളുന്ന ഹിന്ദുക്കളുടെ മൊത്തം സംരക്ഷകരായി ചമയുന്ന ചിലര്‍. അത് കേട്ടു വിശ്വസിച്ചു പോയ നിരപരാധികളും അറിയാന്‍.
26 ന് വനിതാ സാഹിതിയും വിമന്‍സ് കോളേജിലെ മാതൃകവും ചേര്‍ന്നു സംഘടിപ്പിച്ച ‘സ്ത്രീകളുടെ ക്ഷേത്ര പ്രവേശനം-കീഴ്വഴക്കങ്ങളും അവകാശങ്ങളും’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഞാന്‍ നടത്തിയ പ്രസംഗത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലെ അദ്ദേഹത്തിന്‍റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചിരുന്നു.( അതിന്‍റെ ലിങ്ക് കൊടുക്കുന്നു.) അയ്യപ്പ ഭക്തന്മാരുടെ മനോ നിയന്ത്രണത്തെ കുറിച്ചു അവഹേളിക്കുന്ന തരത്തില്‍ ആ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. ആ വാചകങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് ആ നിലപാടുകളെ വിമര്‍ശിക്കുകയാണ് ഞാന്‍ ചെയ്തത്. ആ അഭിമുഖത്തിലെ നിരവധി പരാമര്‍ശങ്ങളെ കുറിച്ചു ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഒരു വാചകം മാത്രം അടര്‍ത്തി എടുത്തു തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വാര്‍ത്ത ആദ്യം നല്‍കിയത് കേരള കൌമുദിയാണ്. അത് കണ്ടു ഹാലിളകി എന്നെ ആക്ഷേപിക്കാന്‍ തയ്യാറായവര്‍ ആരും തന്നെ മറ്റു പത്രങ്ങള്‍ പരിശോധിക്കാനോ ഞാനെന്താണ് പറഞ്ഞതെന്ന് മനസിലാക്കാനോ ശ്രമിച്ചില്ല.
അയ്യപ്പ ഭക്തന്മാരെ കുറിച്ചോ അവരുടെ ശാരീരിക മാനസിക നിയന്ത്രണങ്ങളെ കുറിച്ചോ ഒരു ആക്ഷേപവും എനിക്കില്ല, സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അതാണ് തടസ്സമെന്ന വാദവും എനിക്കില്ല; എന്നാല്‍ അങ്ങനെയൊരു വാദം ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിനുണ്ട്. ആഗസ്റ്റ് ഒന്നാം തിയതി പ്രസിദ്ധീകരിച്ച ആ അഭിമുഖവും അതില്‍ അയ്യപ്പ ഭക്തന്മാരെ കുറിച്ചു പറഞ്ഞ ആക്ഷേപങ്ങളും സംബന്ധിച്ചു ഇത്രയും ദിവസം നിശബ്ദത പാലിച്ചവര്‍ ഇപ്പോള്‍ എന്നെ വിമര്‍ശിക്കാന്‍ കാണിക്കുന്ന അത്യുത്സാഹത്തിന്‍റെ രാഷ്ട്രീയം ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും.
ഇടതുപക്ഷ സര്‍ക്കാരിനെയും കമ്മ്യൂണിസ്റ്റ്കാരെയും വിശ്വാസികളുടെ ശത്രുക്കളാക്കാന്‍ നടത്തുന്ന വര്‍ഗീയ വാദികളുടെ കുതന്ത്രങ്ങള്‍ക്ക് ആരും വില കല്പ്പിക്കില്ല. പിന്നെ, ആര്‍ എസ് എസുകാര്‍ക്ക് പ്രിയങ്കരനായ ദേവസ്വം ബോര്‍ഡ് പ്രസിഡന്ടിനെ വിമര്‍ശിച്ചതിന്‍റെ പ്രതികാരമായിട്ടാണ് എന്‍റെ നേരെയുള്ള ആക്രമണമെങ്കില്‍ അയ്യപ്പ ഭക്തരുടെ ശത്രുക്കള്‍ ആരാണെന്ന് എല്ലാവര്‍ക്കും ബോധ്യമാകും.
ഇന്ത്യന്‍ ഭരണ ഘടന ഉറപ്പു നല്‍കുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍.മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ടുള്ള കോടതി വിധിയെ സ്വാഗതം ചെയ്തു കൊണ്ടാണ് ഞാനും ആ സംവാദം ഉത്ഘാടനം ചെയ്ത പി കെ ശ്രീമതി ടീച്ചറും എല്ലാം സംസാരിച്ചത്. കീഴ്വഴക്കങ്ങള്‍ ഓരോ കാലത്തായി മനുഷ്യര്‍ തന്നെ സൃഷ്ടിച്ചതാണ്. അത് കാലാനുസൃതമായി മാറണം എന്നത് തന്നെയാണ് ഞങ്ങളുടെ അഭിപ്രായം.
ഞാന്‍ ശബരിമലയില്‍ പോകുന്നു എന്നും പറഞ്ഞു ഒരു പോസ്റ്റും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അവിടത്തെ കീഴ്വഴക്കമനുസരിച്ച് ശബരിമലയില്‍ പോകാനുള്ള പ്രായം എനിക്കായി. പക്ഷെ, പോകാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് അറിയിച്ചു കൊള്ളുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.