കിഴക്കേകോട്ട തീപിടിത്തം: സംസ്ഥാന വ്യാപകമായി ഫയര്‍ ഓഡിറ്റിങ് നടത്തും
text_fieldsതിരുവനന്തപുരം: കിഴക്കേകോട്ട രാജധാനി ബില്‍ഡിങ്ങില്‍ ഞായറാഴ്ചയുണ്ടായ തീപിടിത്തത്തിന്‍െറ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി ഫയര്‍ ഓഡിറ്റിങ് നടത്താന്‍ തീരുമാനം. ഡി.ജി.പി ഡോ. ജേക്കബ് തോമസ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസസ് മേധാവി ആയിരുന്ന കാലത്ത് തുടങ്ങിയ ഓഡിറ്റിങ് രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
കിഴക്കേകോട്ട ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ ഇതു പുനരാരംഭിക്കാനാണ് ഫയര്‍ഫോഴ്സ് മേധാവി എ. ഹേമചന്ദ്രന്‍െറ നിര്‍ദേശം. തിരുവനന്തപുരത്ത് ചാല കമ്പോളം, പത്മനാഭസ്വാമിക്ഷേത്രത്തിന്‍െറ 500 മീറ്റര്‍ ചുറ്റളവിലെ പ്രദേശങ്ങള്‍, എറണാകുളം ബ്രോഡ്വേ എന്നിവിടങ്ങളിലാകും ഓഡിറ്റിങ് നടത്തുക. ഈ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തലാണ് പ്രധാനലക്ഷ്യം. അനധികൃത നിര്‍മാണങ്ങള്‍ നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടായേക്കും. അതേസമയം, സുരക്ഷയുമായി ബന്ധപ്പെട്ട് കര്‍ശനവ്യവസ്ഥകള്‍ കൊണ്ടുവരാനും ആലോചനയുണ്ട്. അതീവസുരക്ഷാമേഖലയായ പത്മനാഭസ്വാമിക്ഷേത്രത്തിന്‍െറ സുരക്ഷക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കുന്നകാര്യവും ആലോചിക്കും.
തിരുവനന്തപുരം ഡിവിഷനല്‍ ഓഫിസര്‍ നൗഷാദിന്‍െറ നേതൃത്വത്തിലാണ് തലസ്ഥാനത്ത് പരിശോധന നടത്തുക. ജേക്കബ് തോമസിന്‍െറ കാലത്ത് കോഴിക്കോട് മിഠായിത്തെരുവില്‍ ഫയര്‍ഓഡിറ്റിങ് നടത്തിയിരുന്നു. ഓഡിറ്റിങ് മറ്റുജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിനിടെയാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയത്. ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച ഫയര്‍ഫോഴ്സ് ആസ്ഥാനത്ത് ഉന്നതതലയോഗം ചേരും. ഫയര്‍ഫോഴ്സിന്‍െറ ‘സ്റ്റാന്‍ഡേഡ് ഓപറേറ്റിങ് പ്രൊസീജ്യര്‍’ പരിഷ്കരണവും യോഗത്തില്‍ ചര്‍ച്ചയാകും.
കെട്ടിടങ്ങളിലെ ദുരന്തങ്ങള്‍ നേരിടാനുള്ള അടിസ്ഥാന തത്ത്വങ്ങളാണ് ഇതിലുള്ളത്. സാധാരണ ഗതിയിലുള്ള തീപിടിത്തങ്ങള്‍ നേരിടാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമേ നിലവില്‍ പ്രൊസീജ്യറിലുള്ളൂ. ബഹുനില കെട്ടിടങ്ങളിലെ വന്‍തീപിടിത്തം, കെമിക്കല്‍ ദുരന്തങ്ങള്‍ എന്നിവ നേരിടാന്‍ സേന ഇനിയും സജ്ജമായിട്ടില്ല. ഈ സാഹചര്യത്തിലാണ് പരിഷ്കരണങ്ങള്‍ നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.