കള്ളക്കേസില്‍ ജയിലിലടച്ച മലയാളിക്ക് 11.50 ലക്ഷം നഷ്ടപരിഹാരം
text_fieldsകോയമ്പത്തൂര്‍: കഞ്ചാവ് കടത്തിയതായി കള്ളക്കേസ് ചമച്ച് ജയിലിലടക്കപ്പെട്ട മലയാളിക്ക് 11.50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മധുര ഹൈകോടതി ബെഞ്ച് തമിഴ്നാട് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കൊല്ലം സ്വദേശി അനു മോഹനാണ് ചെയ്യാത്ത കുറ്റത്തിന് ജയില്‍വാസമനുഭവിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്.
2006 ഫെബ്രുവരി ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. തിരുനല്‍വേലി എന്‍ജിനീയറിങ് കോളജില്‍ പഠിക്കുന്ന സഹോദരന്‍ അരുണിനെ സന്ദര്‍ശിക്കാന്‍ ടാക്സി കാറില്‍ വരവെ തെങ്കാശിക്ക് സമീപം തമിഴ്നാട് പൊലീസിലെ നാര്‍ക്കോട്ടിക് വിഭാഗം തടഞ്ഞു നിര്‍ത്തി. കാറിനകത്ത് മയക്കുമരുന്ന് സൂക്ഷിച്ചതായി ആരോപിച്ച പൊലീസ് അനുമോഹനെ കസ്റ്റഡിയിലെടുത്ത് കൈയാമം വെച്ച് ഹോട്ടലില്‍ പാര്‍പ്പിച്ചു.
രണ്ടു ലക്ഷം രൂപ കൈക്കൂലി തന്നാല്‍ മോചിപ്പിക്കാമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, ഒരു തെറ്റും ചെയ്യാത്തതിനാല്‍ പണം തരാനാവില്ളെന്ന് അനുമോഹന്‍ വ്യക്തമാക്കി. തുടര്‍ന്ന് കാറില്‍ നിന്ന് 25 കിലോ കഞ്ചാവ് പിടികൂടിയതായി കേസ് രജിസ്റ്റര്‍ ചെയ്ത് തിരുനല്‍വേലി ജയിലിലടക്കുകയായിരുന്നു. 2009ല്‍ കേസന്വേഷണം കോടതി നിര്‍ദേശപ്രകാരം ലോക്കല്‍ പൊലീസില്‍നിന്ന് സി.ബി.സി.ഐ.ഡിക്ക് കൈമാറി. പിന്നീട് മധുര നാര്‍കോട്ടിക് പ്രത്യേക കോടതി വ്യക്തമായ തെളിവുകളില്ലാത്ത സാഹചര്യത്തില്‍ പ്രതിയെ വെറുതെ വിടുകയായിരുന്നു. തുടര്‍ന്നാണ് അനുമോഹന്‍ മധുര ഹൈകോടതി ബെഞ്ചില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹരജി ഫയല്‍ ചെയ്തത്. ഇതിലാണ് ജസ്റ്റിസ് കെ.കെ. ശശിധരന്‍ നഷ്ടപരിഹാരം നല്‍കാന്‍ തമിഴ്നാട് സര്‍ക്കാറിന് ഉത്തരവിട്ടത്. 230 ദിവസം ജയിലില്‍ കഴിഞ്ഞ ഹരജിക്കാരന് ദിവസവും 5,000 രൂപ കണക്കാക്കിയാണ് കോടതി 11.50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ഈ തുക കോടതിയില്‍ ഹരജി ഫയല്‍ ചെയ്ത 2010 ഏപ്രില്‍ 21 മുതല്‍ ഒമ്പത് ശതമാനം പലിശ സഹിതം നല്‍കാനും കോടതി വിധിച്ചു.
മയക്കുമരുന്ന് നിരോധന നിയമം പൊലീസ് ദുരുപയോഗപ്പെടുത്തി നിരപരാധികളെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതായ ആരോപണം ശരിവെക്കുന്നതാണ് ഈ കേസെന്നും കോടതി വിലയിരുത്തി. പൊലീസിനെ നിശിതമായി വിമര്‍ശിക്കുന്നതാണ് കോടതിയുടെ വിധിന്യായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.