സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്തി
text_fieldsമൊത്തശമ്പളം 22,000 രൂപ വരെ (ഒന്‍പത് ശതമാനം ക്ഷാമബത്ത ഉള്‍പ്പെടെ)യുള്ള ജീവനക്കാര്‍ക്ക് 3,500 രൂപ നിരക്കില്‍ ബോണസ് നല്‍കാന്‍ മന്ത്രിസഭായോഗം തിരുമാനിച്ചു. 18,870 രൂപയില്‍ കൂടുതല്‍ പ്രതിമാസ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് ഉല്‍സവബത്തയായി 2,400 രൂപ അനുവദിക്കാനും തിരുമാനിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായധനം അനുവദിക്കുന്നതിന്റെ അധികാരപരിധി ഉയര്‍ത്തി. മുഖ്യമന്ത്രിക്ക് മൂന്ന് ലക്ഷം രൂപവരെ ധനസഹായം അനുവദിക്കാം. നിലവില്‍ ഒരു ലക്ഷം രൂപയായിരുന്നു. റവന്യൂമന്ത്രിക്ക് 25,000 രൂപ വരെ അനുവദിക്കാം. നിലവില്‍ 5000 രൂപയായിരുന്നു
ജില്ലാകലക്ടര്‍ക്ക് 10,000 രൂപ വരെ അനുവദിക്കാം.
റോഡ്‌യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന ഹൈവേകളും പ്രധാനജില്ലാ റോഡുകളും സ്‌റ്റേറ്റ് ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം ഹൈവേ ആയി പ്രഖ്യാപിച്ച് സംരക്ഷിച്ച് ഉത്തരവിറക്കും. വളര്‍ന്നു വരുന്ന ക്രിക്കറ്റ് താരമായ ജയലക്ഷ്മി ദേവ് എസ്. ജെയുടെ കുടുംബത്തിന് ചിറയിന്‍കീഴ് പഴയകുന്നുമ്മല്‍ വില്ലേജില്‍ മൂന്ന് സെന്റ് ഭൂമി പതിച്ചു നല്‍കും.
ഗുലാത്തി ഇന്‍സ്റ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ സ്റ്റഡീസിന്റെ ഡയറക്ടറായി പ്രൊഫ. ഡി. നാരായണനെ നിയമിച്ചു.
കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് ബോര്‍ഡ് സ്വതന്ത്ര അംഗങ്ങളായി അഞ്ചു പേരെ നിയമിച്ചു. ഡോ. ഡി. ബാബുപോള്‍, (മുന്‍ ധനകാര്യ സെക്രട്ടറി), പ്രൊഫ. സി.പി. ചന്ദ്രശേഖര്‍ (Prof. Centre for Economics Studies and Planning), പ്രൊഫ. സുശീല്‍ ഖന്ന, (Prof. Economics and Finance, IIIM, Kolkotha), സലിം ഗംഗാധരന്‍, മുന്‍ റീജിണല്‍ ഡയറക്ടര്‍, ആര്‍.ബി.ഐ, തിരുവനന്തപുരം, ജെ.എന്‍. ഗുപ്ത, SEBI മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും സ്റ്റേക് ഹോള്‍ഡേഴ്‌സ് എംപവര്‍മെന്റ് സര്‍വ്വീസസ് മാനേജിങ് ഡയറക്ടറായും നിയമിച്ചു.
ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും തുടര്‍നടപടിക്കുമായി സെക്രട്ടറിയേറ്റിലെ സാമൂഹ്യനീതി വകുപ്പില്‍ ഒരു ജോയിന്റ് സെക്രട്ടറി ഉള്‍പ്പെടെ എട്ട് തസ്തികള്‍ സൃഷ്ടിച്ചു. കോണ്‍ഫിഡന്‍ഷ്യന്‍ അസിസ്റ്റന്റ്, സെക്ഷന്‍ ഓഫീസര്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് എന്നിവരുടെ ഓരോ തസ്തികയും അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്നിവരുടെ രണ്ട് വീതം തസ്തികളുമാണ് സൃഷ്ടിച്ചത്.
പത്താം ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌ക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 12 മുതല്‍ 18 വരെ തിരുവനന്തപുരം കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട-മണക്കാട് വരെയുളള പ്രദേശത്തെ ഉത്സവ മേഖലയായി മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.