പൊതുമരാമത്ത് വകുപ്പില്‍ ബില്‍ മാറുന്നതില്‍ തിരിമറി; കര്‍ശന നടപടിയെടുക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
text_fieldsതിരുവനന്തപുരം: പൊതുമരാമത്ത് കരാറുകാരുടെ ബില്‍ മാറുന്നതില്‍ വ്യാപക തിരിമറി. ക്രമപ്രകാരം ബില്‍ മാറാനുള്ള മുന്‍ഗണനാപട്ടിക അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന ഒത്തുകളിക്കെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്. ഇഷ്ടക്കാരായ കരാറുകാര്‍ക്ക് ബില്‍ നേരത്തേ മാറിയെടുക്കാനും ‘മാസപ്പടി’ നല്‍കാത്തവരെ തഴയാനുമാണ് മുന്‍ഗണനാപട്ടിക അട്ടിമറിക്കുന്നത്. അഴിമതിക്കാരായ എന്‍ജിനീയറിങ്, മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ ഒത്തുകളിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കി. മുന്‍ഗണനാപട്ടിക അട്ടിമറിക്കലുമായി ബന്ധപ്പെട്ട പരാതികള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് മന്ത്രി വിഷയത്തില്‍ ഇടപെട്ടത്.
മുന്‍കാലങ്ങളില്‍ അഴിമതി സംബന്ധിച്ച പരാതികള്‍ മന്ത്രി ഓഫിസില്‍ ലഭിച്ചാല്‍ മറുപടി നല്‍കാന്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥനോടുതന്നെ ആവശ്യപ്പെടുന്ന കീഴ്വഴക്കമാണുണ്ടായിരുന്നത്. മിക്കപ്പോഴും അഴിമതിക്കാരുടെ കൈയില്‍ എത്തുന്ന പരാതി പുറംലോകം കാണില്ല. നടപടി കൈക്കൊള്ളാതെ ഫയല്‍ ക്ളോസ് ചെയ്തശേഷം, ലഭ്യമായ പരാതി വ്യാജമായിരുന്നെന്ന് മന്ത്രിയെ ധരിപ്പിക്കും. ഇതോടെ അഴിമതി അടഞ്ഞ അധ്യായമാകും. ഇതിന് അറുതിവരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ആദ്യപടിയായി, അഴിമതിക്കാര്‍ക്കെതിരായ പരാതി സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ തീരുമാനമായി. ഇവര്‍ ആരോപണവിധേയരോട് കാരണം ആരായുകയും അവരുടേതായ നിലക്ക് സ്വതന്ത്രപരിശോധന നടത്തുകയും ചെയ്യും. ആവശ്യമെങ്കില്‍ ഓഫിസ് ഇന്‍സ്പെക്ഷന്‍ ഉള്‍പ്പെടെ നടപടികളും കൈക്കൊള്ളും.
ഇങ്ങനെ ചെയ്താല്‍ പരാതികള്‍ മുക്കാനാകില്ല. ഓരോ പരാതിയിലും കര്‍ശനനടപടിയുണ്ടായാല്‍ അഴിമതി തടയാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. പരീക്ഷണാടിസ്ഥാനത്തില്‍ പത്തനംതിട്ട എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ (റോഡുകളും പാലങ്ങളും) ഓഫിസുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ അന്വേഷിക്കാന്‍ മന്ത്രി ഉത്തരവിട്ടു. ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.