ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം: സംസ്ഥാനത്ത് കരട് ചട്ടമായി
text_fieldsമലപ്പുറം: 2013ലെ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്‍െറ ഭാഗമായി സംസ്ഥാനത്ത് കരട് ചട്ടം പുറപ്പെടുവിച്ചു. പുതിയ ഭക്ഷ്യ കമീഷന്‍ രൂപവത്കരിക്കുമെന്ന് ചട്ടം വ്യക്തമാക്കുന്നു. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സബ്സിഡിക്ക് അര്‍ഹരായ കുടുംബങ്ങളെ കേന്ദ്രസര്‍ക്കാറിന്‍െറ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാകും തെരഞ്ഞെടുക്കുക. ഇവര്‍ മാസം 35 കിലോഗ്രാം ഭക്ഷ്യ ധാന്യങ്ങള്‍ക്ക് അര്‍ഹരായിരിക്കും. അന്ത്യോദയ അന്നയോജന വിഭാഗത്തിലെ (എ.എ.വൈ) കുടുംബങ്ങള്‍ ഈ വിഭാഗത്തില്‍ തന്നെ തുടരും. ആശ്രയ പദ്ധതിയില്‍പെട്ടവര്‍, ശാരീരികമായും മാനസികമായും ഭിന്നശേഷിയുള്ളവര്‍, ഓട്ടിസം ബാധിച്ചവര്‍, വരുമാനമില്ലാത്ത വിധവകള്‍, എയ്ഡ്സ്, കാന്‍സര്‍ ബാധിതര്‍, ഡയാലിസിസ് ചെയ്യുന്ന രോഗികള്‍, മറ്റുള്ളവരെ ആശ്രയിച്ചു മാത്രം കഴിയുന്ന ഗുരുതര രോഗം ബാധിച്ചവര്‍ എന്നിവരും പദ്ധതിയില്‍ ഉള്‍പ്പെടും. സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍, എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെയും ബാങ്കിലെയും ജീവനക്കാര്‍, സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച് പെന്‍ഷന്‍ പറ്റുന്നവര്‍, ആദായ നികുതി നല്‍കുന്നവര്‍, 40 ഹെക്ടറില്‍ കൂടുതല്‍ ഭൂമി കൈവശമുള്ള പട്ടിക വര്‍ഗങ്ങളല്ലാത്തവര്‍, 600 സി.സിയില്‍ കൂടുതലുള്ള നാലുചക്ര വാഹനം സ്വന്തമായുള്ള കുടുംബങ്ങള്‍, 1000 സ്ക്വയര്‍ഫീറ്റില്‍ കൂടുതല്‍ വിസ്തൃതിയുള്ള വീടൊ ഫ്ളാറ്റോ ഉള്ളവര്‍, മാസം 25000 രൂപയില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്ന കുടുംബങ്ങള്‍ എന്നിവര്‍ ഈ പട്ടികയില്‍ നിന്ന് പുറത്താകും.
അര്‍ഹരായവരുടെ മുന്‍ഗണനാ പട്ടിക അഞ്ച് വര്‍ഷംകൂടുമ്പോള്‍ പരിഷ്കരിക്കും. മുന്‍ഗണനാ പട്ടികയില്‍ പെടാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുകയും നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യും. സര്‍ക്കാര്‍ ജീവനക്കാരാണ് തെറ്റായ വിവരങ്ങള്‍ നല്‍കുന്നതെങ്കില്‍ വകുപ്പുതല നടപടി സ്വീകരിക്കും. മുന്‍ഗണനാ പട്ടിക താലൂക്ക് സപൈ്ള ഓഫിസിലെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തുകയും ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ 10 ദിവസം നല്‍കുകയും ചെയ്യും.
പൊതുവിതരണ സമ്പ്രദായത്തെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ പ്രത്യേക കാള്‍ സെന്‍ററും ഹെല്‍പ് ലൈനുകളും സ്ഥാപിക്കും. പുറമെ ജില്ലാ പരാതി പരിഹാര ഓഫിസറെയും നിയമിക്കും. സിവില്‍ സപൈ്ളസ് വകുപ്പിലെ സപൈ്ള ഓഫിസറില്‍ കുറയാത്ത റാങ്കിലുള്ളവരെയാണ് പരാതി പരിഹാര ഓഫിസറായി നിയമിക്കുക.
സംസ്ഥാന ഫുഡ് കമീഷന്‍െറ കീഴിലായിരിക്കും പരാതി പരിഹാര ഓഫിസര്‍. റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍, അസി. താലൂക്ക് സപൈ്ള ഓഫിസര്‍, താലൂക്ക് സപൈ്ള ഓഫിസര്‍ എന്നിവര്‍ ഇദ്ദേഹത്തിന് കീഴില്‍ പ്രവര്‍ത്തിക്കും. ഭക്ഷ്യ കമീഷന്‍ ചെയര്‍പേഴ്സന് ഗവ. സെക്രട്ടറിക്ക് തുല്യമായ ശമ്പളം ലഭിക്കുമ്പോള്‍ അംഗങ്ങള്‍ക്ക് അരലക്ഷം രൂപയാണ് മാസശമ്പളം നിശ്ചയിച്ചിരിക്കുന്നത്. പുറമെ യാത്രാബത്തയുമുണ്ടാകും.
ഭക്ഷ്യ മന്ത്രി ചെയര്‍മാനും വകുപ്പ് സെക്രട്ടറി കണ്‍വീനറുമായി 18 അംഗ സംസ്ഥാന വിജിലന്‍സ് കമ്മിറ്റിയും ജില്ലാ കലക്ടര്‍ ചെയര്‍മാനായി ജില്ലാതല വിജിലന്‍സ് കമ്മിറ്റിയും രൂപവത്കരിക്കും. ജില്ലയിലെ പാര്‍ലമെന്‍റ് അംഗങ്ങള്‍, സര്‍ക്കാര്‍ നിയോഗിക്കുന്ന മൂന്ന് എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഓരോ അംഗങ്ങള്‍, ഉപഭോക്തൃ സംരക്ഷണ സംഘടനകളുടെ രണ്ട് പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടതായിരിക്കും ജില്ലാതല വിജിലന്‍സ് കമ്മിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.