ടി.പി ശ്രീനിവാസന്‍റെ സുരക്ഷ: അസിസ്റ്റന്‍റ് കമീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്
text_fieldsതിരുവനന്തപുരം: ടി.പി ശ്രീനിവാസന് സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച പറ്റിയ സംഭവത്തിൽ ഫോർട്ട് അസിസ്റ്റന്‍റ് കമീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്. അസിസ്റ്റന്‍റ് കമീഷണർ സുധാകരപിള്ളയോടാണ് ദക്ഷിണ മേഖല ഐ.ജി വിശദീകരണം തേടിയിട്ടുള്ളത്. സംഭവത്തിൽ അഞ്ച് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് നിർദേശം. ശ്രീനിവാസന് സുരക്ഷ ഉറപ്പാക്കുന്നതിന് അസിസ്റ്റന്‍റ് കമീഷണർക്ക് വീഴ്ച പറ്റിയെന്ന് ഡി.ജി.പി ടി.പി സെൻകുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. കൃത്യവിലോപം, മനുഷ്യാവകാശ ലംഘനം എന്നിവ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥനോട് വിശദീകരണം തേടണമെന്ന് നിർദേശിച്ച സാഹചര്യത്തിലാണ് ഐ.ജിയുടെ നടപടി.
സർക്കാർ വാഹനത്തിലെത്തിയ ശ്രീനിവാസന് സുരക്ഷ ഉറപ്പാക്കാൻ അസിസ്റ്റന്‍റ് കമ്മീഷണർ അപ്പോൾ തന്നെ ശരിയായ നിർദേശങ്ങൾ നൽകേണ്ടതും നടപടികൾ സ്വീകരിക്കേണ്ടതുമായിരുന്നു. അതുണ്ടായില്ല. മാത്രമല്ല, അദ്ദേഹത്തെ സമരക്കാർ ഉപദ്രവിക്കുന്നതു കണ്ടിട്ടും സമീപമുണ്ടായിരുന്ന പോലീസുദ്യോഗസ്ഥർ ഇടപെടാൻ ശ്രമിച്ചില്ലെന്നും ഡി.ജി.പി പോസ്റ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വെള്ളിയാഴ്ച ആഗോള വിദ്യാഭ്യാസ സംഗമത്തിൽ പങ്കെടുക്കാൻ കോവളത്തെത്തിയ ശ്രീനിവാസനെ യാതൊരു പ്രകോപനവും കൂടാതെ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റ് ജെ.എസ് ശരത് കരണത്ത് അടിക്കുകയായിരുന്നു. മുഖത്തേറ്റ അടിയുടെ ആഘാതത്തിൽ നിലത്തു വീണ ശ്രീനിവാസന് എഴുന്നേൽക്കാൻ സഹായിക്കുകയോ സംരക്ഷണം ഒരുക്കാനോ സമീപത്തുണ്ടായിരുന്ന പൊലീസുകാർ ശ്രമിച്ചില്ല.
ഇതേതുടർന്ന് അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സംഭവം നോക്കി നിന്ന രണ്ട് എസ്.ഐമാരെയും മൂന്ന് പൊലീസുകാരെയും തൃശൂർ പൊലിസ് അക്കാദമിയിലേക്ക് നിർബന്ധ പരിശീലനത്തിന് അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.