റെസ്റ്റ്ഹൗസില്‍ പണം നല്‍കാതെ സി.ബി.ഐ ഉദ്യോഗസ്ഥരുടെ താമസം: വിശദീകരണം തേടി
text_fieldsതൃശൂര്‍: പൊതുമരാമത്ത് റെസ്റ്റ്ഹൗസില്‍ പണമടക്കാതെ എട്ടരവര്‍ഷം സി.ബി.ഐ ഉദ്യോഗസ്ഥര്‍ താമസിച്ചതിലൂടെ ഖജനാവിനുണ്ടായ നഷ്ടം തിരിച്ചടക്കാത്തത് സംബന്ധിച്ച് എറണാകുളം കലക്ടറോടും എറണാകുളം പൊതുമരാമത്ത് ബില്‍ഡിങ് വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയറോടും തൃശൂര്‍ വിജിലന്‍സ് കോടതി വിശദീകരണം തേടി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് ജഡ്ജി എസ്.എസ്. വാസന്‍െറ ഉത്തരവ്. മാര്‍ച്ച് അഞ്ചിന് വിശദീകരണം നല്‍കാനാണ് നിര്‍ദേശം.
എറണാകുളം പൊതുമരാമത്ത് റെസ്റ്റ്ഹൗസിലെ 19, 20 നമ്പര്‍ മുറികളില്‍ 1999 ഫെബ്രുവരി 16 മുതല്‍ 2007 ഒക്ടോബര്‍ 18 വരെ 3,165 ദിവസം സി.ബി.ഐ ഉദ്യോഗസ്ഥര്‍ സൗജന്യമായി താമസിച്ചെന്നാണ് പരാതി. ഇത് നിയമവിരുദ്ധമാണെന്നും ഈ ഇനത്തില്‍ 9,49,500 തിരിച്ചടക്കണമെന്നും ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് ജോമോന്‍ പരാതി നല്‍കിയിരുന്നു.
തുക തിരിച്ചടക്കാന്‍ മന്ത്രി ഉത്തരവിട്ടെങ്കിലും തിരിച്ചടച്ചില്ല. ഈ സാഹചര്യത്തിലാണ് വിജിലന്‍സിനെ സമീപിച്ചത്. സി.ബി.ഐ ഉദ്യോഗസ്ഥര്‍ പണമടക്കാതെ താമസിച്ചത് സംബന്ധിച്ച പരാതിയില്‍ 2014 ജൂലൈ 10ന് വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയുടെ റിപ്പോര്‍ട്ടും മാര്‍ച്ച് അഞ്ചിന് ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.