വക്കം കൊലപാതകം: കനത്ത സുരക്ഷയിൽ പ്രതികളെ തെളിവെടുപ്പ് നടത്തി
text_fieldsചിറയിന്‍കീഴ്: വക്കത്ത് യുവാവിനെ അടിച്ച് കൊന്ന കേസിൽ പ്രതികളെ തെളിവെടുപ്പ് നടത്തി. ജനരോഷം ഭയന്ന് കനത്ത പോലീസ് സുരക്ഷയിലാണ് രാവിലെ എട്ടോടെ മിന്നല്‍ തെളിവെടുപ്പ് നടത്തിയത്. വക്കം മാര്‍ത്താണ്ഡം കുട്ടി സ്മാരകത്തിന് സമീപം വലിയവീട്ടില്‍ സഹോദരങ്ങളായ സതീഷ് (22), സന്തോഷ് (23), വക്കം കുഞ്ചാല്‍വിളാകം വീട്ടില്‍ ഉണ്ണിക്കുട്ടന്‍ എന്ന വിനായക് (21), വക്കം അണയില്‍ കുത്തുവിളാകം വീട്ടില്‍ കിരണ്‍കുമാര്‍ (22) എന്നിവരാണ് കേസിലെ പ്രതികൾ. സംഭവം നടന്ന വക്കം റെയില്‍വെ ഗേറ്റ് പരിസരം, മര്‍ദ്ദനത്തിന് ഉപയോഗിച്ച കല്ല്, ഇടിക്കട്ട, തടിക്കഷ്ണം എന്നിവ ഒളിപ്പിച്ച സ്ഥലം എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. സംഭവവുമായി ബന്ധപ്പെട്ട് മൊത്തം ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഞായറാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. നിലയ്ക്കാമുക്ക് ഭാഗത്തുനിന്ന് വക്കത്തേക്ക് ബൈക്കില്‍ വന്ന ഷെബീറിനെയും ഉണ്ണികൃഷ്ണനെയും തോപ്പിക്കവിളാകം റെയില്‍വേ ഗേറ്റിന് സമീപത്തുവെച്ച് നാലംഗസംഘം തടഞ്ഞ് കാറ്റാടിക്കഴ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് ഷെബീര്‍ മരിച്ചത്. ഉണ്ണികൃഷ്ണന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റി.
ബാലു എന്ന ഉണ്ണികൃഷ്ണന് ഗിഫ്റ്റ് വാങ്ങാന്‍ കൂട്ടുപോയതാണ് ഷെബീര്‍. നിലയ്ക്കാമുക്കിലേക്ക് ഇരുവരും ബൈക്കില്‍ പോകുന്നത് പ്രതികളില്‍ ചിലര്‍ കണ്ടിരുന്നു. തുടര്‍ന്ന് തിരികെ വരുമ്പോള്‍ ആക്രമിക്കാന്‍ തയാറായി കാറ്റാടിക്കഴകളുമായി കാത്തുനിന്നു. ബൈക്ക് വരുന്നത് അറിയിക്കാന്‍ തൊട്ടുമുമ്പുള്ള ജങ്ഷനില്‍ ആളെ നിര്‍ത്തിയിരുന്നു. ഫോണ്‍ വഴി വിവരം ലഭിച്ചതനുസരിച്ച് തോപ്പിക്കവിളാകം റെയില്‍വേ ഗേറ്റിനു മുന്നില്‍ തടഞ്ഞ് അടിച്ചുവീഴ്ത്തുകയായിരുന്നു. കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തോപ്പിക്കവിളാകം റെയില്‍വേ ഗേറ്റിനു സമീപത്തുള്ള പ്രതികളുടെ സങ്കേതങ്ങളില്‍ പൊലീസ് പരിശോധന നടത്തി. സംഭവത്തിന്‍െറ മൊബൈലില്‍ പകര്‍ത്തിയ വിഡിയോ ദൃശ്യമാണ് പ്രതികളെ വേഗത്തില്‍ തിരിച്ചറിയാന്‍ സഹായിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.