കേരളത്തില്‍ എ.സി ലോ ഫ്ളോര്‍ ബസുകള്‍ വീല്‍ചെയര്‍ സൗഹൃദമാവുന്നു
text_fieldsമലപ്പുറം: കെ.യു.ആര്‍.ടി.സിക്ക് കീഴില്‍ കേരളത്തില്‍ ഓടുന്ന എല്ലാ എ.സി ലോ ഫ്ളോര്‍ ബസുകളും ഇനി വീല്‍ചെയര്‍ സൗഹൃദമാകും. ഇതുസംബന്ധിച്ച അറിയിപ്പുകള്‍ ബുധനാഴ്ച മുതല്‍ ബസുകളില്‍ പതിച്ചുതുടങ്ങി. ഈ ബസുകളിലെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും പ്രത്യേക നിര്‍ദേശവും പരിശീലനവും നല്‍കിയിട്ടുണ്ട്. മലപ്പുറം കേന്ദ്രമായി ഭിന്നശേഷിയുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ പാലിയേറ്റീവ് എന്ന സംഘടന മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. എ.സി ലോഫ്ളോര്‍ ബസുകളില്‍ വീല്‍ചെയറുമായി അനായാസം ബസിനകത്തേക്ക് കയറാനുള്ള സംവിധാനം നിലവിലുണ്ടെങ്കിലും കേരളത്തില്‍ ഇത് ഉപയോഗപ്പെടുത്തിയിരുന്നില്ല. ജീവനക്കാര്‍ക്ക് ഇതുസംബന്ധിച്ച് അറിയിപ്പും പരിശീലനവും ലഭിക്കാത്തതായിരുന്നു കാരണം. എന്നാല്‍, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലടക്കം ലോഫ്ളോര്‍ ബസുകളില്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്. മലപ്പുറത്ത് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ളക്സിന്‍െറ തറക്കല്ലിടല്‍ ചടങ്ങില്‍ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമുള്ള വേദിയിലാണ് ഈ വിഷയം ചൂണ്ടിക്കാട്ടി ഗ്രീന്‍ പാലിയേറ്റീവ് പ്രവര്‍ത്തകര്‍ നിവേദനം നല്‍കിയത്. ‘വീല്‍ചെയര്‍ സൗഹൃദ കേരളം’ എന്ന കാമ്പയിനിലേക്ക് പ്രതീക്ഷയേകുന്ന ചുവടുവെപ്പാണിതെന്ന് ഗ്രീന്‍ പാലിയേറ്റീവ് ചെയര്‍മാന്‍ ജസ്ഫര്‍ കോട്ടക്കുന്ന് ‘മാധ്യമ’ത്തോട് പറഞ്ഞു.
ബസിന്‍െറ മധ്യഭാഗത്തുള്ള വാതിലിനോട് ചേര്‍ന്നാണ് വീല്‍ചെയര്‍ കയറ്റാനും ഇറക്കാനുമുള്ള പ്രത്യേക പ്ളാറ്റ്ഫോം ഉള്ളത്. ഡ്രൈവര്‍ സ്വിച്ച് അമര്‍ത്തുന്നതോടെ ബസ് ബോഡി മൊത്തം താഴുകയും മധ്യഭാഗത്തെ പ്ളാറ്റ്ഫോം റോഡിലേക്ക് ഇറക്കിവെക്കുകയുമാണ് ചെയ്യുക. ഇതിലൂടെ വീല്‍ചെയര്‍ അകത്തേക്ക് കയറ്റാനും ഇറക്കാനുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.