പിണറായിക്കെതിരെ കെ. ബാബു
text_fieldsപോക്കറ്റടിക്കാരന്‍റെ 'കള്ളന്‍ കള്ളന്‍' വിളി
- കെ. ബാബു
എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആ മന്ത്രിസഭയില്‍ മാണിമാരും ബാബുമാരും ഉണ്ടാകില്ലെന്ന പിണറായി വിജയൻെറ മേനിനടിക്കല്‍ ഉത്സവപറമ്പിലെ പോക്കറ്റടിക്കാരൻറ "കള്ളന്‍ കള്ളന്‍" വിളിയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. കട്ടമുതലുമായി ഓടിരക്ഷപ്പെടുമ്പോഴുള്ള പെരുംകള്ളന്മാരുടെ ഈ തന്ത്രം ജനങ്ങള്‍ തിരിച്ചറിയും. കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ കുംഭകോണത്തിൻറെ മുഖ്യസൂത്രധാരകനായി പ്രതിക്കൂട്ടില്‍ നില്ക്കുന്ന പിണറായി വിജയന് മാന്യമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ അധിക്ഷേപിക്കാന്‍ എന്ത് ധാര്‍മ്മികതയാണുള്ളത്? രണ്ടുവര്‍ഷം മാത്രം വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ പോലും അണക്കെട്ടുകള്‍ തുരന്നു അതിൽനിന്നും എന്തെങ്കിലും തരപ്പെടുത്താനാകുമോ എന്ന് നോക്കിയ 'പുണ്യാളനാണ്' പിണറായി വിജയന്‍. കേരളം രൂപം കൊണ്ടശേഷമുള്ള എല്ലാ കുംഭകോണ ആരോപണങ്ങള്‍ ചേര്‍ത്തു വച്ചാലും ലാവ്ലിന്‍ അഴിമതിയില്‍ പിണറായി വിജയനെ ചൂഴ്ന്നു നില്ക്കുന്ന ആരോപണത്തോളം വലുതല്ല. ആ 'പരമയോഗ്യനാണ്' പറയുന്നത് മാണിമാരും ബാബുമാരും എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ഉണ്ടാകില്ലെന്ന്. എത്ര പരിഹാസ്യമാണിത് !
ലാവ്ലിന്‍ ഇടപാടില്‍ പിണറായി വിജയന് രണ്ടുകോടി രൂപ വീട്ടില്‍ കൊണ്ടു പോയി കൊടുക്കുവാന്‍ എസ്.എന്‍.സി ലാവലിന്‍ ഏജന്‍റായ ദിലീപ് രാഹുലൻെറ ഒപ്പം പോയ സുഹൃത്തും ചെന്നൈയിലെ വ്യവസായിയുമായ ദീപക്കിൻറെ മൊഴി കേരളം മറന്നിട്ടില്ല. പിണറായി വിജയനോളം അഴിമതിയുടെ ദുര്‍ഗന്ധം വമിക്കുന്ന മറ്റൊരു നേതാവ് ഇന്ന് കേരളത്തില്‍ ജീവിച്ചിരിപ്പില്ല എന്നതല്ലേ യഥാര്‍ത്ഥ്യം. ഇത് സ്വന്തം പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ തന്നെ ആരോപിക്കുന്നതാണ്. ബാബുവിനെയും മാണിയെയും പോലുള്ളവര്‍ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ഉണ്ടാകില്ലെന്ന് പറയുന്ന അഴിമതിയുടെ കുലപതിയായ പിണറായി വിജയന് എൻെറ പേരിൻെറ ആദ്യ അക്ഷരം ഉച്ചരിക്കാനുള്ള യോഗ്യതപോലുമില്ല. സമൂഹത്തില്‍ ഏറ്റവും കെട്ടതും നാറുന്നതും മാത്രം പേറി നടക്കുക എന്നത് ചിലരുടെ ദുശ്ശീലമാണ്. അതുകൊണ്ടാണ് സരിതയും ബിജു രമേശും മറ്റും അദ്ദേഹത്തിൻെറ മാര്‍ച്ചിനു മാര്‍ഗദര്‍ശികളായി ചൂട്ടുപിടിക്കുന്നത്. തട്ടിപ്പുകാരി സരിതയെ മാതൃകാ വ്യവസായ സംരംഭകയാക്കാനാണ് സി.പി.എം ശ്രമം. സരിതയിലൂടെ, ബിജു രമേശിലൂടെ മുഖ്യമന്ത്രി കസേരയില്‍ എത്താമെന്നാണ് പിണറായി വിജയന്‍ സ്വപ്നം കാണുന്നത്.
സ്വന്തം അഭിപ്രായത്തില്‍ എത്ര സമയം അദ്ദേഹം ഉറച്ചു നിൽക്കുമെന്ന് പറയാനാകില്ല. വിഴിഞ്ഞം തുറമുഖം ഇവിടെ അനുവദിക്കുകയില്ലെന്ന് ആക്രോശിച്ച പിണറായി വിജയന്‍, പിന്നീട് അത് മാറ്റി പറഞ്ഞത് കേരളം കണ്ടതാണ്. ടി.പി ശ്രീനിവാസനെ പൊതുനിരത്തില്‍ തല്ലിവീഴ്ത്തിയതിനെ ആദ്യം ന്യായീകരിക്കാന്‍ ഒരു ഉളുപ്പുമില്ലാതെ രംഗത്തിറങ്ങിയതും ഇതേ പിണറായി വിജയന്‍ തന്നെയല്ലേ? പിന്നീടു ജനരോഷം ഉയര്‍ന്നപ്പോള്‍ അതിലും മാറ്റം വരുത്താന്‍ നിര്‍ബന്ധിതനായി. നികൃഷ്ടജിവി എന്ന് വിളിച്ചു അധിക്ഷേപിച്ച ബിഷപ്പിൻെറ അരമനയില്‍ അദ്ദേഹം കയറിയിറങ്ങുന്നതും കേരളം കണ്ടതാണ്. അപക്വത അദ്ദേഹത്തിൻെറ രാഷ്ട്രീയ ജീവിതത്തിൻെറ മുഖമുദ്രയാണ്.
വ്യവസായം നടത്താന്‍ എത്തുന്നവരോട് പണം പറ്റുന്ന ആളായി മുഖ്യമന്ത്രി മാറിയെന്ന പിണറായിവിജയൻെറ ആരോപണം ക്രിമിനല്‍ സ്വഭാവമുള്ള തട്ടിപ്പുകാരിയായ സരിതയെ വെള്ളപൂശുന്നതാണ്. സരിത തട്ടിപ്പുകാരിയാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പിണറായിവിജയനെ വേദനിപ്പിച്ചുവെന്നാണ് ഇത് തെളിയിക്കുന്നത്. വ്യവസായം നടത്താന്‍ എത്തുന്നവരോട് പണം പറ്റുന്ന ആളായി മുഖ്യമന്ത്രി മാറിയെന്ന ആരോപണം കൂടുതല്‍ യോജിക്കുന്നത് സി.പി.എം നേതാക്കള്‍ക്കാണ്.എല്‍.ഡി.എഫ് അധികാരത്തില്‍ ഇരുന്നപ്പോള്‍ രണ്ടുകോടി രൂപ ലോട്ടറി രാജാവ് സാൻറിയാഗോ മാര്‍ട്ടിനില്‍ നിന്ന് കീശയിലാക്കിയവരെയാണ് പിണറായി വിജയന്‍ വെള്ള പൂശുന്നതെന്നത് ആര്‍ക്കാണ് മറക്കാന്‍ കഴിയുക?
കഴിഞ്ഞ 25 വര്‍ഷമായി ജനപ്രതിനിധിയായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും വലിയ തട്ടകത്തില്‍ നിന്നാണ്. സമാരാധ്യരായ കമ്മ്യുണിസ്റ്റ് നേതാക്കള്‍ അവരുടെ നിസ്വാര്‍ത്ഥ ജീവിതം കൊണ്ട് കെട്ടിപ്പടുത്ത പ്രസ്ഥാനമുള്ള കണ്ണൂരിലെ പാര്‍ട്ടികോട്ടകളില്‍ മത്സരിച്ചല്ല തിണ്ണമിടുക്ക് കാട്ടേണ്ടത്. ആ കോട്ടകള്‍ ഈ തെരഞ്ഞെടുപ്പില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുന്നത് കാണാന്‍ പോകുകയാണ്.
അധികാര ദുരമൂത്ത പിണറായി വിജയന് ഏതു ചെകുത്താനെ കൂട്ടുപിടിച്ചായാലും മുഖ്യമന്ത്രി പദത്തിലത്തെണം. അതിനായി ആസൂത്രണം ചെയ്തിരിക്കുന്ന ഇവന്‍റ് മാനേജ്മെൻറ് ഷോയാണ് യു.ഡി.എഫ് നേതാക്കള്‍ക്ക് എതിരെ നടക്കുന്ന ഈ വ്യക്തിഹത്യകള്‍. അതിൻറെ തിരക്കഥ തയ്യാറാക്കി കൊടുത്തിരിക്കുന്നത് വൻറ് മാനേജ്മെന്‍റ് കമ്പനിയാണ്. വിവാദങ്ങള്‍ക്ക് പിന്നാലേ പോകേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. ഈ തേജോവധ രാഷട്രീയവുമായി സി.പി.എം പൊയ്ക്കോട്ടേ. ഞങ്ങള്‍ക്കതില്‍ തെല്ലും പരിഭ്രാന്തിയില്ല. ജനങ്ങളുടെ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങളിലാണ് ഞങ്ങള്‍ ശ്രദ്ധ ഊന്നുന്നത്. ഈ മന്ത്രിസഭയുടെ കര്‍ക്കശമായ ചില നടപടികള്‍ മൂലം നഷ്ടം സംഭവിക്കുകയും ജയിലില്‍ കിടക്കേണ്ടിവരുകയും ചെയ്തവരും ജയിലില്‍ പോകുമെന്ന് ഭയക്കുന്നവരുമാണ് ഇപ്പോള്‍ ഞങ്ങള്‍ക്കെതിരെ രംഗത്തിറങ്ങിയിട്ടുള്ളത്. അവര്‍ക്ക് സര്‍ക്കാര്‍ കീഴടങ്ങിയില്ലെങ്കില്‍ മന്ത്രിമാരെ അവഹേളിക്കും. ജനങ്ങള്‍ക്ക് അത് തിരിച്ചറിയാനാകും.
ഇത്തരത്തില്‍ അഴിഞ്ഞാടുന്നവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന മുന്നണിയാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ എന്താകും സംസ്ഥാനത്തിൻെറ അവസ്ഥ? കേരളത്തിലെ യു.ഡി,എഫ് വിരുദ്ധ രാഷ്ട്രീയയത്തിൻെറ തലപ്പത്ത് വെറുക്കപ്പെട്ടവരെയും മദ്യരാജാക്കന്മാരെയും അവരോധിച്ചതില്‍ സി.പി.എം പിന്നീട് പശ്ചാത്തപിക്കേണ്ടിവരും. കേരള വികസനവുമായി ബന്ധപ്പെട്ട് പഠന കോണ്‍ഗ്രസ് നടത്തി മേനിനടിച്ച സി.പി.എം ഇപ്പോള്‍ അതെല്ലാം വലിച്ചെറിഞ്ഞിരിക്കുകയാണ്. ഈ ധര്‍മ്മയുദ്ധത്തില്‍ മഹാഭാരതത്തിലെ ഉത്തരനെ പോലെ പിണറായി വിജയന്‍ ഓടി ഒളിക്കേണ്ടിവരുന്നത് കേരളജനതക്ക് കാണേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.