ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ പരാതിയില്‍ യൂനിയന്‍ നേതാവിന് സസ്പെന്‍ഷന്‍
text_fieldsമലപ്പുറം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ പരാതിയില്‍ യൂനിയന്‍ നേതാവിന് സസ്പെന്‍ഷന്‍. മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സുലഭയുടെ പരാതിയില്‍ മലപ്പുറം എല്‍.എ (ജനറല്‍) ഓഫിസിലെ സ്പെഷല്‍ റവന്യൂ ഇന്‍സ്പെക്ടറും ജോയന്‍റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ എച്ച്. വിന്‍സന്‍റിനെയാണ് ലാന്‍ഡ് റവന്യൂ കമീഷണര്‍ സസ്പെന്‍ഡ് ചെയ്തത്.
തിങ്കളാഴ്ച മലപ്പുറത്ത് നേരിട്ടത്തെി തെളിവെടുപ്പ് നടത്തിയ ലാന്‍ഡ് റവന്യു കമീഷണര്‍ എം.സി. മോഹന്‍ദാസ് ബുധനാഴ്ച തന്നെ സസ്പെന്‍ഷന് ഉത്തരവിടുകയായിരുന്നു. ഇന്‍ഫര്‍മേഷന്‍ ഓഫിസറോട് അപമര്യാദയായി പെരുമാറിയതിനാണ് സസ്പെന്‍ഷനെന്ന് വ്യക്താക്കിയ ഉത്തരവില്‍ എത്ര കാലത്തേക്കാണ് നടപടിയെന്ന് പറയുന്നില്ല.
അതേസമയം, സസ്പെന്‍ഷന്‍ നടപടിയില്‍ ജോയന്‍റ് കൗണ്‍സില്‍ പ്രതിഷേധിച്ചു. ജനുവരി 12ന് ഒരുവിഭാഗം സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിന് നോട്ടീസ് നല്‍കുന്നതിന്‍െറ ഭാഗമായി നടന്ന പ്രകടനത്തില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസിലെ ടൈപ്പിസ്റ്റായ സതീഷ് പങ്കെടുത്തതിനെ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചോദ്യം ചെയ്തതാണ് സംഭവത്തിന്‍െറ തുടക്കം.
സര്‍ക്കാറിനെതിരെ സമരം നടത്തിയത് ചോദ്യം ചെയ്തതിനെതിരെ സതീഷ് പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഡിസംബര്‍ 22ന് എച്ച്. വിന്‍സന്‍റ് അന്വേഷിക്കാന്‍ ചെന്നപ്പോഴാണ് വാക്കേറ്റം നടന്നത്. ഇതുസംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കവെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന ജില്ലാതല ലോക്കല്‍ കമ്മിറ്റിക്കും വകുപ്പ് മന്ത്രിക്കും ഓഫിസര്‍ പരാതി നല്‍കി.
ജില്ലാതല ലോക്കല്‍ കമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ജാമ്യത്തില്‍ ഇറങ്ങിയ ഉടനെയാണ് വിന്‍സന്‍റിനെതിരെ വകുപ്പുതല നടപടിയും ഉണ്ടായിരിക്കുന്നത്. മന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ലാന്‍ഡ് റവന്യൂ കമീഷണര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. സംഘടനാ പ്രവര്‍ത്തനം നടത്തിയതിന് ലാന്‍ഡ് റവന്യൂ കമീഷണര്‍ സ്വീകരിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് ജോയന്‍റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയകുമാരന്‍ നായര്‍ പറഞ്ഞു.
മുന്‍കൂട്ടി ആസൂത്രണം ചെയ്ത് വിന്‍സന്‍റിനോട് വ്യക്തിവിരോധം തീര്‍ക്കുകയാണ് ലാന്‍ഡ് റവന്യൂ കമീഷണര്‍ ചെയ്തതെന്നും ഇതിനെതിരെ കമീഷണറുടെ ഓഫിസിലും മലപ്പുറം കലക്ടറേറ്റിലും പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.