പറവൂര്‍ പീഡനക്കേസ്: പെണ്‍കുട്ടിയുടെ പിതാവടക്കം മൂന്ന് പ്രതികൾ കുറ്റക്കാർ
text_fieldsകൊച്ചി: പറവൂര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേർ കുറ്റക്കാരെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി. പ്രതിപട്ടികയിലുള്ള രണ്ടു പേരെ ജഡ്ജി മിനി എസ്. ദാസ് വെറുതെവിട്ടു. കുറ്റക്കാർക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.
പതിനൊന്നാം കുറ്റപത്രത്തിൽ ഉൾപ്പെട്ട ഒന്നാം പ്രതിയും പെണ്‍കുട്ടിയുടെ പിതാവുമായ പറവൂര്‍ വാണിയക്കാട് സ്വദേശി സുധീര്‍, നാലാം പ്രതിയും ഇടനിലക്കാരനുമായ കലൂര്‍ മണപ്പാട്ടിപ്പറമ്പ് കോളനിമംഗലത്ത് നൗഷാദ്, അഞ്ചാം പ്രതിയും പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളുമായ ചേന്ദമംഗലം വടക്കുംപുറം വടക്കേകുന്ന് ഹരി എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
2010 ജനുവരിയില്‍ കൊടുങ്ങല്ലൂര്‍ മത്തേല അഞ്ചപ്പാലത്തെ വീട്ടില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ബൈക്കില്‍ പെണ്‍കുട്ടിയെ കൊടുങ്ങല്ലൂരില്‍ എത്തിച്ച പ്രതി പീഡിപ്പിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നു. 32 സാക്ഷികളെയാണ് പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ വിസ്തരിച്ചത്.
പറവൂര്‍ പീഡനം സംബന്ധിച്ച് എല്ലാ കേസിലും പെണ്‍കുട്ടിയുടെ പിതാവായ സുധീർ തന്നെയാണ് ഒന്നാംപ്രതി. സുധീറിനെ 10 കേസുകളിലായി 91 വര്‍ഷം കഠിനതടവിന് കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. കൂടാതെ കേസിലെ രണ്ടാംപ്രതിയായ പെണ്‍കുട്ടിയുടെ അമ്മയെ രണ്ട് കേസിലായി 10 വര്‍ഷം തടവിനും ശിക്ഷിച്ചിട്ടുണ്ട്.
പറവൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസായതിനാല്‍ പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കേണ്ടത്. അവിടെ നിന്നാണ് പറവൂര്‍ കേസ് പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ എത്തുന്നത്. നിലവില്‍ കുറ്റപത്രം സമര്‍പ്പിച്ച 18 കേസില്‍ 11 എണ്ണത്തില്‍ വിധി പ്രഖ്യാപിച്ചിട്ടുണ്ട്.
2009 മെയ് മുതല്‍ 2011 ജനുവരി വരെ പലരും തന്നെ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് പിതാവ് തന്നെ ആദ്യമായി ഒരാള്‍ക്ക് വിറ്റതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. പിന്നീട് വിവിധ ഹോട്ടൽ, ആശുപത്രി, റിസോര്‍ട്ട് എന്നിവിടങ്ങളിലെത്തിച്ച് പലര്‍ക്കായി കാഴ്ചവെച്ചെന്നും പെണ്‍കുട്ടി മൊഴി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.