ഇടതുവലത് മുന്നണികളുടെ പ്രീണനരാഷ്ട്രീയം അവസാനിപ്പിക്കും –അമിത് ഷാ
text_fieldsകോട്ടയം: കേരളത്തില്‍ ഇടതുവലത് മുന്നണികളുടെ പ്രീണനരാഷ്ട്രീയം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ അവസാനിപ്പിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാനം മാറിമാറി ഭരിക്കുന്ന ഇരുമുന്നണിയുടെയും വോട്ടുബാങ്ക് രാഷ്ട്രീയവും ഈ തെരഞ്ഞെടുപ്പോടെ ഇല്ലാതാകും. നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് നീതി ഉറപ്പുവരുത്തുന്ന ഭരണമാകും ബി.ജെ.പി നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയോടനുബന്ധിച്ച് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ കേരളം അന്ധകാരത്തിലും അക്രമരാഷ്ട്രീയത്തിലും അമരും. വലതുപക്ഷം വരുമ്പോള്‍ അഴിമതിയില്‍ നശിക്കും. സോളാര്‍ ഉള്‍പ്പെടെ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കേരളത്തില്‍ നടന്നത് കോടികളുടെ അഴിമതിയാണ്.
കോണ്‍ഗ്രസ് ദേശീയനയത്തില്‍ നടത്തുന്ന അതേ അഴിമതി സംവിധാനമാണ് കേരളത്തിലും നടപ്പാക്കുന്നത്. ടൈറ്റാനിയം, വിദ്യാഭ്യാസം, പൊതുമരാമത്ത് അടക്കം സുപ്രധാനവകുപ്പുകളെല്ലാം അഴിമതിയില്‍ മുങ്ങി. ഇരുമുന്നണിയും മാറിമാറി ഭരിച്ചിട്ടും കേരളത്തിലെ സാധാരണക്കാര്‍ക്ക് എന്തു പ്രയോജനം കിട്ടിയെന്ന് ചിന്തിക്കണം.കേരളത്തിന് ഭാരതത്തിന്‍െറ ഭൂപടത്തില്‍ സ്ഥാനം ലഭിക്കണമെങ്കില്‍ ബി.ജെ.പി അധികാരത്തില്‍ എത്തണം. അധികാരത്തില്‍ എത്തിച്ചാല്‍ റബര്‍ അടക്കം കാര്‍ഷികമേഖല നേരിടുന്ന മുഴുവന്‍ പ്രതിസന്ധികള്‍ക്കും ശാശ്വതപരിഹാരമാകും.
കേരളത്തില്‍ ബി.ജെ.പിക്ക് മികച്ച സാധ്യതകളാണുള്ളതെന്നും അമിത് ഷാ പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷം കേരളം ആരു ഭരിക്കുമെന്ന് തീരുമാനിക്കാനുള്ള സുവര്‍ണാവസരത്തിന് രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ ജനം അവസരം പാഴാക്കില്ളെന്നാണ് തന്‍െറ വിശ്വാസമെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.ജില്ലാ പ്രസിഡന്‍റ് എന്‍. ഹരി അധ്യക്ഷതവഹിച്ചു. ജാഥാക്യാപ്റ്റന്‍ കുമ്മനം രാജശേഖരന്‍, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി എച്ച്. രാജ്, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ, ഒ. രാജഗോപാല്‍, അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എം. വേലായുധന്‍, ശോഭ സുരേന്ദ്രന്‍, പി.സി. തോമസ്, എന്‍.ടി. രമേശ്, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, കെ.പി. ശ്രീശന്‍, അല്‍ഫോന്‍സ് കണ്ണന്താനം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.എറണാകുളത്തുനിന്ന് ചേര്‍ത്തല കുമരകം വഴി റോഡ് മാര്‍ഗമാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ കോട്ടയത്ത് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.