വരികളും ഈണവും പാതിവഴിയിലിട്ട് ഷാന്‍...
text_fieldsതൃശൂര്‍: കരിഞ്ഞുണങ്ങിയിടത്ത് നിന്നും വീണ്ടും തളിര്‍ത്തു; പൂത്തുലയുമെന്ന് നിനച്ചിരിക്കെ പൊഴിഞ്ഞ് കരിഞ്ഞുണങ്ങി. പാട്ടിന്‍െറ പൂമരമായിരുന്ന സംഗീത സംവിധായകന്‍ ജോണ്‍സണ്‍ കടന്നു പോയതു പോലെ മകള്‍ ഷാനും വരികളും ഈണവും അപൂര്‍ണമാക്കി യാത്രയായി. ജോണ്‍സണ്‍ പാതിവഴിയില്‍ നിര്‍ത്തിയ സംഗീതം പൂരിപ്പിച്ച് തുടങ്ങിയ ഷാന്‍, അച്ഛന്‍െറയടുത്തേക്ക് മടങ്ങി. ഒരു പാട്ടിന്‍െറ റെക്കോഡിങ് പൂര്‍ണമാക്കാനിരിക്കെയാണ് ഷാന്‍ വിട പറയുന്നത്. മകള്‍ ഷാന്‍ കൂടി വിട പറയുമ്പോള്‍ മലയാള സംഗീത ശാഖയില്‍ ജോണ്‍സന്‍െറ നഷ്ടമുണ്ടാക്കിയ വിടവിന് അകലമേറുകയാണ്.
ഒ.എന്‍.വി. കുറുപ്പും ജോണ്‍സണും ചേര്‍ന്നൊരുക്കിയ നാലുവരി പാട്ടിന്‍െറ തുടര്‍ച്ച ചിട്ടപ്പെടുത്തിയാണ് ഷാന്‍ സംഗീത സംവിധായികയുടെ മേലങ്കിയണിഞ്ഞത്. ആദ്യഗാനം പാടാനത്തെിയത് ജോണ്‍സണ്‍ ഗാനങ്ങളുടെ പ്രിയശബ്ദം കൂടിയായ ചിത്ര. അച്ഛന്‍െറ മകളാവുകയല്ല, അച്ഛന്‍െറ പ്രതീക്ഷക്കൊത്തുയരുന്ന ശിഷ്യയാകണമെന്ന തന്‍െറ ആഗ്രഹം തൃശൂരില്‍ ജോണ്‍സനെ അനുസ്മരിച്ച ചടങ്ങില്‍ ഷാന്‍ പങ്കുവെച്ചിരുന്നു.
അച്ഛന്‍ മൂളിയ പാട്ടുകളായിരുന്നു ചെറുപ്പം മുതല്‍ ഷാനിന് കൂട്ട്. ഗിത്താറിന് ചുറ്റും ഓടിക്കളിച്ച കുഞ്ഞു ഷാനിന് മുതിര്‍ന്നപ്പോള്‍ അച്ഛന്‍െറ വഴിക്കപ്പുറത്തേക്ക് ചിന്തിക്കാനുണ്ടായിരുന്നില്ല. എങ്കിലും, നിര്‍ബന്ധത്തിന് വഴങ്ങിയാണ് സംഗീതത്തില്‍ നിന്നും വേറിട്ടൊരു ജോലിയില്‍ പ്രവേശിച്ചത്. ‘എനിക്കത് കഴിയില്ളെന്ന് അച്ഛനും അറിയാമായിരുന്നിരിക്കണം. പക്ഷേ, അച്ഛന്‍െറ സ്നേഹ നിര്‍ബന്ധത്തിന് മുന്നില്‍ എനിക്ക് വാശി കാണിക്കാനാവില്ല’ -ഷാന്‍ ഒരിക്കല്‍ പറഞ്ഞു.
അച്ഛന്‍െറ വിയോഗമുണ്ടാക്കിയ വേദനയില്‍ നിന്നും സംഗീതോപാസനയിലൂടെ അച്ഛനത്തെന്നെ വീണ്ടെടുക്കുകയായിരുന്നു ആ പെണ്‍കുട്ടി. അച്ഛനു പിന്നാലെ അനുജനെയും വിധി ജീവിതത്തില്‍ നിന്ന് തട്ടിയെടുത്തപ്പോള്‍ ഒരിക്കല്‍ കൂടി തളര്‍ന്നു. അമ്മയോടൊത്ത് വീണ്ടും ജീവിതം തിരിച്ചു പിടിക്കാനുള്ള കഠിന ശ്രമമായിരുന്നു പിന്നീട്. പാട്ടുകള്‍ ജനകീയമായി നിന്ന കാലത്താണ് രോഗബാധിതനായി ജോണ്‍സണ്‍ പിന്‍വലിഞ്ഞത്. വിഷാദരോഗത്തില്‍ നിന്ന് കരകയറാന്‍ ഏറെ പ്രയാസപ്പെട്ടു. രോഗാവസ്ഥയിലെല്ലാം കുടുംബത്തിനൊപ്പം തന്നെയായിരുന്നു. തിരിച്ച് സംഗീതലോകത്ത് സജീവമാകാനിരിക്കെയാണ് 2011ല്‍ വിധി തട്ടിയെടുത്തത്. വാഹനാപകടത്തില്‍ അനുജന്‍ നഷ്ടപ്പെട്ടു.
ദുരിതം വിടാതെ പിന്തുടര്‍ന്ന ജീവിതം. അതിന് ഷാനിലൂടെ സംഗീതം ദിവ്യൗഷധമാവുകയായിരുന്നു. മകള്‍ പിന്നണി ഗായികയായും സംഗീത സംവിധായികയായും വളരാന്‍ തുടങ്ങിയപ്പോള്‍ ജോണ്‍സന്‍െറ കുടുംബം ജീവിതം തിരിച്ചുപിടിക്കുകയാണെന്ന് സംഗീതലോകം ആശ്വസിച്ചു. തൃശൂരിലെ ജോണ്‍സണ്‍ സംഗീത നിശകളിലെല്ലാം ഷാന്‍ പാടുകയും സംഗീത ലോകത്തെ അച്ഛന്‍െറ ഇരിപ്പിടത്തോട് ചേര്‍ന്ന് ഒരിടം കണ്ടത്തെുകയും ചെയ്തു. തൃശൂരിലെ ചലച്ചിത്ര സംവിധായകരും നടീനടന്മാരും സംഗീതജ്ഞരുമെല്ലാം ചേര്‍ന്ന് സംഗീതനിശകള്‍ നടത്തി. അതിലെ വരുമാനം ദുരിതക്കയത്തിലാണ്ട ജോണ്‍സന്‍െറ കുടുംബത്തിന് താങ്ങായി.
പക്ഷേ, വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ജോണ്‍സണ്‍ പോയതു പോലെ വരികളും ഈണങ്ങളും വഴിയിലിട്ടാണ് ഷാനിന്‍െറ യാത്ര. വെള്ളിയാഴ്ച പൂര്‍ത്തിയാക്കേണ്ട റെക്കോഡിങ് മുഴുമിപ്പിക്കാനായില്ല. ക്രിസ്തീയ ആല്‍ബത്തിനു വേണ്ടി ഈണമിട്ട ഗാനങ്ങള്‍ അമ്മയെ കേള്‍പ്പിച്ചത് ഉറക്കത്തില്‍നിന്നും ഉണര്‍ത്തിയാണ്. ഭര്‍ത്താവിനും മകനും പിന്നാലെ ആ മകളും ഉറക്കത്തിലേക്ക്, ഇനി അമ്മ റാണി മാത്രം ബാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.