സുകേശനെതിരായ ക്രൈംബ്രാഞ്ച് റിപ്പോർട്ട് പൂഴ്ത്തിയിട്ടില്ല – രമേശ് ചെന്നിത്തല
text_fieldsആലപ്പുഴ: ബാർ കോഴ കേസ് അന്വേഷിച്ച വിജിലൻസ് എസ്.പി ആര്‍ സുകേശനെതിരായ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് പൂഴ്ത്തിയെന്ന വാര്‍ത്ത തെറ്റെന്ന് മന്ത്രി രമേശ് ചെന്നിത്തല. സുകേശനെതിരായ റിപ്പോര്‍ട്ട് ഒക്ടോബര്‍ ഒന്നിന് തനിക്ക് കിട്ടിയിരുന്നു. എന്നാൽ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ടായിരുന്നില്ല. റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ സുകേശനെ ശാസിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. സുകേശനെതിരായ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയെന്ന ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുകേശനെതിരെ ക്രൈംബ്രാഞ്ച് ഒരു വർഷം മുമ്പ് നൽകിയ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയെന്ന വിവരം ഇന്ന് പുറത്തുവന്നിരുന്നു. മാണിക്ക് അനുകൂലമായേക്കാവുന്ന റിപ്പോർട്ട് പൂഴ്ത്തിയെന്നാണ് ആഭ്യന്തര വകുപ്പിനെതിരായ ആരോപണം. അന്വേഷണത്തിലും തുടർനടപടികളും ഗൂഢാലോചനയുണ്ടെന്ന് മാണി പരസ്യമായി ആരോപിച്ചിട്ടും ധനമന്ത്രിസ്ഥാനം രാജിവെക്കും വരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് പരിഗണിക്കപ്പെട്ടില്ല. ഒടുവിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും ആരോഗ്യ മന്ത്രി വി.എസ് ശിവകുമാറിനും എതിരെ ബിജു രമേശ് കോഴയാരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് അന്വേഷണത്തിന്‍റെ സാധുത ചോദ്യംചെയ്യുന്ന പഴയ റിപ്പോർട്ട് പുറത്തായത്.
ബാർ കേസിൽ ഗൂഢാലോചനയുടെ ചുരുളഴിയുകയാണെന്നും സത്യം ഉടൻ പുറത്തുവരുമെന്നും കേരളാ കോൺഗ്രസ് എം ചെയർമാനും മുൻ മന്ത്രിയുമായ കെ.എം മാണി പ്രതികരിച്ചിരുന്നു. ക്രൈംബ്രാഞ്ച് റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയ സംഭവത്തിൽ പ്രതികരിക്കാനില്ലെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.