അഴിമതിക്കെതിരെ ഉറച്ചുനിന്നതാണ് ഉമ്മൻചാണ്ടിയുമായുള്ള ബന്ധം തകരാൻ കാരണം –ചെറിയാൻ ഫിലിപ്പ്
text_fieldsതിരുവനന്തപുരം: അഴിമതിക്കെതിരായ തെൻറ ഉറച്ച നിലപാടാണ് ഉമ്മൻചാണ്ടിയുമായി കുട്ടിക്കാലം മുതലുള്ള ബന്ധം തകരാനുളള മുഖ്യകാരണമെന്ന് ചെറിയാൻ ഫിലിപ്പ്. മുൻ കോൺഗ്രസ് നേതാവും നിലവിൽ സിപിഎം സഹയാത്രികനുമായ ചെറിയാൻ ഫിലിപ് ഫേസബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 1994 ഒക്ടോബറില്‍ ജീരകപ്പാറയിലെ വനം കൊള്ളക്കെതിരെ പ്രതികരിച്ചതിന് തന്നെ 'എ' ഗ്രൂപ്പില്‍ നിന്നും ഉമ്മന്‍ ചാണ്ടി പുറത്താക്കി. അക്കാലം മുതല്‍ തന്നെ ഉമ്മന്‍ ചാണ്ടി അഴിമതിക്കാരായ ഒരു ഉപജാപക സംഘത്തിെൻറ തടവറയിലായിരുന്നു. ആദ്യകാലങ്ങളില്‍ തന്നെ പ്രോത്സാഹിപ്പിക്കുകയും രക്ഷകര്‍തൃ സ്ഥാനം വഹിക്കുകയും ചെയ്ത ഉമ്മന്‍ ചാണ്ടിയെ തള്ളിപ്പറയാന്‍ മനസ് അനുവദിച്ചില്ല. ഒടുവിൽആത്മാഭിമാനത്തിന് മുറിവേറ്റതു കൊണ്ടാണ് കോൺഗ്രസ് വിടുകയും പുതുപ്പള്ളിയില്‍ മത്സരിക്കുകയും ചെയ്തതെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
ഉമ്മന്‍ ചാണ്ടിക്ക് തന്നോടുള്ള ശത്രുതക്ക് കാരണം ഇപ്പോഴും പുറത്തു പറയാന്‍ ഇഷ്ടപ്പെടുന്നില്ലെന്നു പറഞ്ഞാണ് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിെൻറ പൂർണരൂപം
അഴിമതിക്കെതിരായ എന്റെ ഉറച്ച നിലപാടാണ് കുട്ടിക്കാലം മുതലുള്ള ഉമ്മൻ ചാണ്ടിയുമായുള്ള ദീർഘകാല ബന്ധം തകരാനുള്ള മുഖ്യകാരണം. 1994 ഒക്ടോബറിൽ ജീരകപ്പാറയിലെ വനം കൊള്ളക്കെതിരെ പ്രതികരിച്ചതിന് എന്നെ 'എ' ഗ്രൂപ്പിൽ നിന്നും ഉമ്മൻ ചാണ്ടി പുറത്താക്കി. ജീരകപ്പാറയിലെ വനമേഖല സന്ദർശിച്ച ഞാൻ വനം കൊള്ളയെ പറ്റി അന്വേഷിക്കണമെന്ന് കോഴികോട് വെച്ച് ആവശ്യപ്പെട്ടിരുന്നു. പിന്നീടു 'എ' ഗ്രൂപ്പ് ഉന്നതതല യോഗത്തിൽ ഞാൻ ഇക്കാര്യം ഉന്നയിച്ചപ്പോൾ വനം മന്ത്രി കെ പി വിശ്വനാഥൻ എന്നോട് കയർത്തു. ഉമ്മൻ ചാണ്ടി തുടർന്ന് സംസാരിക്കാൻ എന്നെ അനുവദിച്ചില്ല. എനിക്ക് ഇറങ്ങിപോകേണ്ടി വന്നു. അതിനു ശേഷം 'എ' ഗ്രൂപ്പിന്റെ ഒരു യോഗത്തിലും എന്നെ ഉമ്മൻ ചാണ്ടി ക്ഷണിച്ചിട്ടില്ല. അക്കാലം മുതൽ തന്നെ ഉമ്മൻ ചാണ്ടി അഴിമതിക്കാരായ ഒരു ഉപജാപക സംഘത്തിന്റെ തടവറയിലായിരുന്നു . . എല്ലാ കാര്യങ്ങളും എ കെ ആന്റണിയെ പലപ്പോഴായി ധരിപ്പിച്ചെങ്കിലും അദ്ദേഹം നിസ്സഹായനായിരുന്നു. ആന്റണി ദില്ലിയിൽ പോയത് മുതൽ പകരക്കാരനായി ഗ്രൂപ്പ് നേതാവായി മാറിയ ഉമ്മൻ ചാണ്ടിയെ പിണക്കാൻ ആന്റണി ഇഷ്ടപ്പെട്ടിരുന്നില്ല. ആന്റണിയുമായുള്ള വ്യക്തിബന്ധം ഞാൻ തുടർന്നെങ്കിലും 1994 മുതൽ കോണ്ഗ്രസ് വിടുന്ന 2001 വരെ ഒരു ഗ്രൂപ്പിലും ഉണ്ടായിരുന്നില്ല. ഒട്ടേറെ തിക്താനുഭവങ്ങൾ ഉണ്ടായെങ്കിലും ആറു വർഷം ദു;ഖം കടിച്ചമർത്തിയാണ് ജീവിച്ചത്. ആദ്യകാലങ്ങളിൽ എന്നെ ഏറെ പ്രോത്സാഹിപ്പിക്കുകയും രക്ഷകർതൃ സ്ഥാനം വഹിക്കുകയും ചെയ്തിരുന്ന ഉമ്മൻ ചാണ്ടിയെ തള്ളിപ്പറയാൻ മനസ് അനുവദിച്ചില്ല, ഒടുവിൽ, ആത്മാഭിമാനത്തിന് മുറിവേറ്റതു കൊണ്ടാണ് കോണ്ഗ്രസ് വിടുകയും പുതുപ്പള്ളിയിൽ മത്സരിക്കുകയും ചെയ്തത്. ഉമ്മൻ ചാണ്ടിക്ക് എന്നോടുള്ള ശത്രുതക്ക് കാരണം ഇപ്പോഴും പുറത്തു പറയാൻ ഇഷ്ടപ്പെടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.