കേരള സാഹിത്യോത്സവം: മാധ്യമനൈതികതയുടെ ഇഴകീറി സംവാദം
text_fieldsകോഴിക്കോട്: കേരള സാഹിത്യോത്സവത്തിന്‍െറ സമാപനദിവസം ‘മാധ്യമങ്ങളുടെ വര്‍ത്തമാനം’ എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. വര്‍ത്തമാനകാലത്ത് മാധ്യമങ്ങള്‍ നേരിടുന്ന അപചയങ്ങളെക്കുറിച്ച് മാധ്യമരംഗത്തെ പ്രമുഖര്‍ സംസാരിച്ചു. എല്ലാത്തിനും ഉപരിയായി മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും കാലാതീതമായി നിലകൊള്ളുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
അനലോഗ് ടെക്നോളജിയില്‍നിന്ന് ഡിജിറ്റല്‍ ടെക്നോളജിയിലേക്ക് മാധ്യമങ്ങള്‍ മാറിയതോടെ അവയുടെ സ്വഭാവവും മാറിയിരിക്കുകയാണ്. ഇതുവരെ വാര്‍ത്തയുടെ ആഴത്തിന് പ്രാധാന്യം നല്‍കിയിരുന്നുവെങ്കില്‍ ഇപ്പോള്‍ വാര്‍ത്തയുടെ പരപ്പിലാണ് ശ്രദ്ധയെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പി. ശശികുമാര്‍ അഭിപ്രായപ്പെട്ടു. പുതുതലമുറയെ കൈകാര്യം ചെയ്യുകയെന്നതാണ് മാധ്യമങ്ങളുടെ വലിയ പ്രശ്നം. ലാഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വിപണിയുല്‍പന്നം മാത്രമായി മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. സ്കൂള്‍ കാലഘട്ടത്തില്‍തന്നെ മാധ്യമങ്ങളെ വായിക്കാന്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തിന്‍െറ മൂന്നു തൂണുകള്‍ക്കും സംഭവിച്ച അപചയം നാലാം തൂണായ മാധ്യമലോകത്തിനും സംഭവിക്കുന്നുണ്ടെന്ന് ‘മാധ്യമം’ എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. എന്നാലും സാമൂഹികമാധ്യമങ്ങളുടെ രംഗപ്രവേശം ശുഭപ്രതീക്ഷയാണ് നല്‍കുന്നത്. മാനവികതയും നൈതികതയും തകര്‍ക്കാന്‍ ശ്രമം നടക്കുണ്ട്. നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാധ്യമങ്ങളും ശ്രമിക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങളുടെ ഇടപെടലുകളിലൂടെ ഈ അവസ്ഥയെ മറികടക്കാന്‍ പുതുതലമുറ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ കണ്ടുപരിചയിച്ച മാധ്യമശീലം മാറുമെങ്കിലും മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തനവും ഭാവിയിലും നിലനില്‍ക്കുമെന്നും മാധ്യമപ്രവര്‍ത്തകന്‍ നീലന്‍ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളുള്ള നരകമാണ് മാധ്യമങ്ങളില്ലാത്ത സ്വര്‍ഗത്തെക്കാള്‍ നല്ലതെന്ന് എന്‍.പി. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളുള്ള നരകം എന്നെങ്കിലും സ്വര്‍ഗമാകും. എന്നാല്‍, മാധ്യമങ്ങളില്ലാത്ത സ്വര്‍ഗം എന്നും സ്വര്‍ഗമായി തുടരില്ല. എ.കെ. അബ്ദുല്‍ ഹക്കീം ചര്‍ച്ച നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.