എസ്.പി സുകേശനെതിരായ റിപ്പോര്‍ട്ട്: അന്വേഷണസംഘത്തെ തീരുമാനിച്ചില്ല
text_fieldsതിരുവനന്തപുരം: വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ്-ഒന്ന് എസ്.പി ആര്‍. സുകേശനെതിരായ ഗൂഢാലോചന കേസില്‍ അന്വേഷണസംഘത്തെ തീരുമാനിച്ചില്ല. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്‍െറ നേതൃത്വത്തില്‍ അന്വേഷണം ഉണ്ടാകുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. എന്നാല്‍, എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന്‍ നേരിട്ട് അന്വേഷിക്കണമെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാടെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍, ഇക്കാര്യത്തില്‍ ആനന്ദകൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. തന്‍െറ മേല്‍നോട്ടത്തില്‍ ഐ.ജിതന്നെ അന്വേഷിച്ചാല്‍ മതിയെന്നാണ് അദ്ദേഹത്തിന്‍െറ അഭിപ്രായമെന്നറിയുന്നു. ബാര്‍ കോഴക്കേസ് സര്‍ക്കാറിനെതിരാക്കാന്‍ സുകേശനും ബാര്‍ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശും ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. സുകേശന്‍ എസ്.പി റാങ്കിലെ ഉദ്യോഗസ്ഥനായതിനാല്‍ അതിനുമുകളിലെ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ വേണം അന്വേഷിക്കാന്‍. അതിനാല്‍ ഐ.ജി ശ്രീജിത്ത്തന്നെ അന്വേഷിക്കാനാണ് സാധ്യത. എന്നാല്‍, ഓപറേഷന്‍ ബിഗ് ഡാഡിയുമായി ബന്ധപ്പെട്ട കേസുകളും സംസ്ഥാനത്തെ റവന്യൂഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കേസുകളും ശ്രീജിത്തിന്‍െറ മേല്‍നോട്ടത്തിലാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തില്‍ ശ്രീജിത്ത് പുതിയ അന്വേഷണം ഏറ്റെടുക്കുമോയെന്നും വ്യക്തമല്ല.
സുകേശനെതിരായ ആരോപണത്തില്‍ കഴമ്പില്ളെന്ന വിലയിരുത്തലും ഉദ്യോഗസ്ഥര്‍ക്കുണ്ട്. മന്ത്രിമാര്‍ക്കെതിരെ പുതിയ കോഴആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍, മാധ്യമശ്രദ്ധ തിരിക്കാനുള്ള റിപ്പോര്‍ട്ടാണ് ശങ്കര്‍ റെഡ്ഡി സമര്‍പ്പിച്ചതെന്നും വിലയിരുത്തപ്പെടുന്നു. സുകേശനെതിരായ അന്വേഷണം കീറാമുട്ടിയാണ്. അന്വേഷണം ഏറ്റെടുത്താല്‍ സര്‍ക്കാറിന്‍െറ താല്‍പര്യം സംരക്ഷിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടിവരുമെന്നും ഉദ്യോഗസ്ഥര്‍ കരുതുന്നു. അന്വേഷണദൗത്യത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് ഉദ്യോഗസ്ഥരില്‍ പലരും ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.