പൂട്ടിയ ബാറുകൾ തുറക്കാമെന്ന് എൽ.ഡി.എഫ് ഉറപ്പ് നൽകി; ബിജുരമേശിന്‍റെ ശബ്ദരേഖ പുറത്ത്
text_fieldsതിരുവനന്തപുരം: ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍, പൂട്ടിയ 418 ബാറുകള്‍ തുറക്കാമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കിയെന്ന ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശിന്‍െറ ശബ്ദരേഖ പുറത്ത്. കൊച്ചിയില്‍ നടന്ന അസോസിയേഷന്‍ യോഗത്തില്‍ ബിജു രമേശ് അംഗങ്ങളോട് പറയുന്ന സംഭാഷണമാണ് ചാനലുകളിലൂടെ പുറത്തുവന്നത്. ബാറുകള്‍ തുറക്കാമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. പിണറായിയോട് സംസാരിച്ചിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. ഇക്കാര്യത്തില്‍ വി.എസിന്‍െറ സമ്മതം കൂടി വേണം. വി.എസ് കൂടി സമ്മതിച്ചാല്‍ സര്‍ക്കാറിനെ താഴെയിടാന്‍ സഹായിക്കാമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കിയതായും ബിജു പറയുന്നുണ്ട്.
ബാര്‍ കോഴക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി ആര്‍. സുകേശന്‍ സര്‍ക്കാറിനെതിരാണെന്ന് ബിജു പറയുന്ന ഭാഗവും ഇതിലുണ്ട്. സുകേശന്‍ സര്‍ക്കാറിനെതിരാണ്. നാലുമന്ത്രിമാരുടെ പേരുകൂടി വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജു രമേശ് കോടതിയില്‍ തെളിവായി നല്‍കിയ സീഡിയിലാണ് ഈ സംഭാഷണങ്ങളുള്ളത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് സുകേശനും ബിജു രമേശും സര്‍ക്കാറിനെതിരെ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്. ഇരുവര്‍ക്കുമെതിരെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, തന്‍െറ സീഡി സര്‍ക്കാറിന്‍െറ താല്‍പര്യങ്ങള്‍ക്കനുസൃതമായി എഡിറ്റുചെയ്തിട്ടുണ്ടെന്നും വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും ബിജു രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു. ബാര്‍ ഉടമകളെ സത്യം പറയാന്‍ പ്രേരിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തത്. കെ. ബാബുവിന്‍െറ പേര് പറയാന്‍ പ്രേരിപ്പിച്ചത് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ ഒരു മന്ത്രിയാണെന്നും ബിജു രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.