നഷ്ടപരിഹാരത്തുക നല്‍കിയില്ല; റിലയന്‍സ് ഇന്‍ഷുറന്‍സ് ഓഫിസ് ജപ്തി ചെയ്തു
text_fields
പത്തനംതിട്ട: വാഹനാപകട നഷ്ടപരിഹാര കേസിലെ വിധി തുക അടക്കാതിരുന്ന റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ പത്തനംതിട്ട ബ്രാഞ്ച് ഓഫിസ് ജപ്തി ചെയ്തു. കമ്പ്യൂട്ടര്‍, കസേരകള്‍, പ്രിന്‍റര്‍ തുടങ്ങിയവ ജപ്തി ചെയ്ത് പത്തനംതിട്ട വാഹനാപകട നഷ്ടപരിഹാര കോടതിയില്‍ ഹാജരാക്കി.
മാവേലിക്കര കൊഴുവല്ലൂര്‍ കൈതപറമ്പില്‍ വാസുദേവന്‍ നല്‍കിയ നഷ്ടപരിഹാര കേസിലാണ് റിലയന്‍സ് നഷ്ടപരിഹാരം നല്‍കാന്‍ വിധിയുണ്ടായത്. 2011 നവംബര്‍ 21ന് വാസുദേവന്‍ ഓടിച്ച മോട്ടോര്‍ സൈക്ക്ളില്‍ എതിരേ വന്ന കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. നഷ്ടപരിഹാരത്തിനായി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ പ്രതിചേര്‍ത്ത് അഭിഭാഷകരായ മാത്യു ജോര്‍ജ്, അജിതാകുമാരി എന്നിവര്‍ മുഖേന കോടതിയെ സമീപിക്കുകയായിരുന്നു. ഹരജി തീര്‍പ്പാക്കിയ കോടതി 4.53 ലക്ഷം രൂപ നഷ്ടപരിഹാരവും 28,460 കോടതിചെലവും 2012 ഡിസംബര്‍ 22 മുതല്‍ ഒമ്പതു ശതമാനം പലിശയും അടക്കം 6.17 ലക്ഷം രൂപ 30 ദിവസത്തിനുള്ളില്‍ കോടതിയില്‍ കെട്ടിവെക്കുന്നതിന് ഉത്തരവായിരുന്നു.
തുക കെട്ടിവെക്കുന്നതിന് റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് തയാറാകാതെ വന്നതോടെയാണ് ജപ്തി നടത്താന്‍ കോടതി നിര്‍ദേശം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.