ഉമ്മൻചാണ്ടിക്കെതിരെ വി.എസ്; സഭയിൽ ബഹളം; ഇന്നത്തേക്ക് പിരിഞ്ഞു
text_fieldsതിരുവനന്തപുരം: സരിതയെ ശരിക്കുമറിഞ്ഞ നേതാവാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന വി.എസ് അച്യുതാനന്ദന്‍റെ പരാമർശം നിയമസഭയിൽ ബഹളത്തിലും സഭ നിർത്തിവെക്കലിലും കലാശിച്ചു. സോളാർ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയും ആര്യാടന്‍ മുഹമ്മദും രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന്‍റെ ചര്‍ച്ചാ വേളയിലാണ് വി.എസിന്‍റെ കടന്നാക്രമണമുണ്ടായത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
ക്ലിഫ് ഹൗസിന്‍റെ അടുക്കളയില്‍ വരെ കയറാന്‍ സരിതക്ക് അനുവാദമുണ്ടായിരുന്നുവെന്ന് വി.എസ് പറഞ്ഞു. മുഖ്യമന്ത്രിയും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത പ്രാര്‍ഥനാ യോഗത്തില്‍ പോലും സരിത പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ഭാര്യയെ ശുശ്രൂഷിക്കാന്‍ സരിതക്ക് അനുവാദമുണ്ടായിരുന്നു. ഉമ്മൻചാണ്ടിക്കൊപ്പം പ്രതിപക്ഷനേതാവായി ഇരിക്കുന്നതിൽ ലജ്ജയുണ്ട്. ജനങ്ങളോടുള്ള ഉത്തരവാദിത്തം കൊണ്ടാണ് ഗതികേട് സഹിച്ച് സഭയിൽ ഇരിക്കുന്നത്. നുണകളിൽ ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ആളാണ് മുഖ്യമന്ത്രി. നാണക്കേട് എന്ന വാക്കിന്‍റെ അർഥമറിയില്ലെങ്കിൽ ശബ്ദതാരാവലി നോക്കണമെന്നും വി.എസ് പറഞ്ഞു. ഇതിന് ശേഷം മുഖ്യമന്ത്രിയുടെ മകനായ ചാണ്ടി ഉമ്മനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോൾ ഭരണപക്ഷം ബഹളമുണ്ടാക്കി പ്രസംഗം തടസപ്പെടുത്തി. പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു.
സരിതയുടെ ഭാഗികമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം അടിയന്തിരപ്രമേയം കൊണ്ടുവന്നതെന്ന് നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. സി.പി.എം സരിതയ്ക്ക് 10 കോടി നല്‍കിയെന്ന് ഒരു പ്രസിദ്ധീകരണത്തിലെ വെളിപ്പെടുത്തൽ ഭരണപക്ഷം എന്തുകൊണ്ടാണ് ആയുധമാക്കാത്തതെന്ന് പ്രതിപക്ഷം ചിന്തിക്കണം. ഒരു കേസിലെ പ്രതി പറയുന്നത് മുഴുവൻ വിശ്വസിച്ച് മുന്നോട്ടുപോയാൽ നാണംകെടും. ബിജു രാധാകൃഷ്ണന്‍റെ മൊഴി കേട്ട് സി.ഡിക്ക് പിന്നാലെ പോയവർ നാണം കെട്ടില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അധികാരത്തിൽ തുടരാനുള്ള അവകാശം നഷ്ടമായിരിക്കുകയാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ടുള്ള പ്രസംഗത്തിൽ കോടിയേരി പറഞ്ഞു. സരിതയുടെ ആരോപണത്തിെൻറ പേരിൽ മുഖ്യമന്ത്രിക്കതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടത് രണ്ടു മാസത്തേക്ക് മാത്രമാണ് ഹൈകോടതി സ്റ്റേ ചെയ്തത്. സ്റ്റേയുടെ വെൻറിലേറ്ററിൽ കഴിയുന്ന സർക്കാരാണ് ഇത്. സ്റ്റേ മാറ്റിയാൽ സർക്കാർ ക്ലോസാവും. സാങ്കേതികത്വം പറഞ്ഞ് മുഖ്യമന്ത്രി അധികാരത്തിൽ കടിച്ചു തൂങ്ങുകയാണെന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. നിയമസഭയിലും കമീഷന് മുന്നിലും വൃത്യസ്തമായ വിശദീകരണങ്ങളാണ് മുഖ്യമന്ത്രി നൽകിയത്. ഖജനാവിന് നഷ്ടമുണ്ടാക്കിയിട്ടില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അപ്പോള്‍ ഒരു സര്‍ക്കാരുദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയാല്‍ എങ്ങനെയാണ് തെറ്റാകുന്നത്. അഴിമതി നിരോധന നിയമം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ബാധകമല്ലേയെന്നും കോടിയേരി ചോദിച്ചു. സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലല്ല, ഈ സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായിരുന്നവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
സോളാര്‍ കേസിലെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു മന്ത്രിക്കെതിരെയും കേസില്ല എന്ന് അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഉദ്യോഗസ്ഥരുടെ മൊഴികള്‍ എല്ലായ്പോഴും സത്യസന്ധമാകണമെന്നില്ല. മൊഴികള്‍ അവരുടെ അഭിപ്രായങ്ങളാകാം. അതിനാല്‍ കമീഷന്‍ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടിയന്തര പ്രമേയ നോട്ടീസിന് മേല്‍ അവതാരണാനുമതി തേടി പ്രസംഗം നടത്താന്‍ സ്പീക്കര്‍ പ്രത്യേക അധികാരം ഉപയോഗിച്ച് അനുമതി നല്‍കി. സ്പീക്കറുടെ നടപടിക്ക് എതിരെ ഭരണപക്ഷവും രംഗത്ത് എത്തി. നോട്ടീസ് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത് ഏത് ചട്ടപ്രകാരമെന്ന് ഭരണപക്ഷം ചോദിച്ചു.
രാവിലെ സഭ ചേര്‍ന്നപ്പോള്‍ തന്നെ നിയമസഭയില്‍ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. മുഖ്യമന്ത്രി രാജിവെക്കുക എന്ന് എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളവും മുദ്രാവാക്യം വിളിയും ആരംഭിച്ചു.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് 50 മിനിറ്റ് നിർത്തിവെച്ച സഭ പുനരാരംഭിച്ചെങ്കിലും സോളാർ ഇടപാട് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളി തുടർന്ന സാഹചര്യത്തിൽ ഇന്നത്തേക്ക് പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.