ടൈറ്റാനിയം കേസ്: അന്വേഷണപുരോഗതി റിപ്പോര്‍ട്ട് മാര്‍ച്ച് 19നകം ഹാജരാക്കണം
text_fieldsതിരുവനന്തപുരം: ടൈറ്റാനിയം കേസിലെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് മാര്‍ച്ച് 19നകം ഹാജരാക്കാന്‍ വിജിലന്‍സ് ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ ഉത്തരവിട്ടു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന വിജിലന്‍സ് കോടതി വിധിക്കെതിരെ മുന്‍ വ്യവസായ സെക്രട്ടറി ടി. ബാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ്കോടതി അന്വേഷണപുരോഗതി തേടിയത്.
ടി. ബാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹരജിയില്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി.കെ. ഇബ്രാഹീംകുഞ്ഞ് ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവാണ് റദ്ദാക്കിയത്. ഇതേതുടര്‍ന്ന് അന്വേഷണം നിലച്ച മട്ടായി. എന്നാല്‍, ബാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളിയതോടെ എഫ്.ഐ.ആര്‍ റദ്ദ് ചെയ്ത ഇടക്കാല ഉത്തരവ് നിലനില്‍ക്കില്ളെന്ന് ചൂണ്ടിക്കാട്ടി ടൈറ്റാനിയം മുന്‍ ജീവനക്കാരനായ ജയന്‍ വിജിലന്‍സ് കോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു.
ടൈറ്റാനിയം മാലിന്യ പ്ളാന്‍റ് സ്ഥാപിച്ചതില്‍ 360 കോടിയുടെ അഴിമതി ആരോപിച്ച് 2006ല്‍ സര്‍ക്കാറിലും വിജിലന്‍സ് കോടതിയിലും രണ്ട് പരാതിയാണ് ലഭിച്ചത്. ടൈറ്റാനിയം മുന്‍ ജീവനക്കാരായ സുനില്‍, സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവരാണ് ആദ്യം പരാതി സമര്‍പ്പിച്ചത്. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും വിജിലന്‍സ് കോടതി ഇത് ശരിവെക്കുകയും ചെയ്തു. തുടര്‍ന്ന് അന്വേഷണം മന്ദഗതിയിലായി. 2011ല്‍ ടൈറ്റാനിയം മുന്‍ ജീവനക്കാരനായ ജയന്‍ കോടതിയെ സമീപിച്ചു. നിലവില്‍ അന്വേഷണം നടക്കുന്നതിനാല്‍ ജയന്‍െറ ഹരജി തള്ളണമെന്ന നിലപാട് വിജിലന്‍സ് സ്വീകരിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. നിലവില്‍ നടക്കുന്ന അന്വേഷണത്തോടൊപ്പം ജയന്‍ സമര്‍പ്പിച്ച ഹരജിയിലെ ആരോപണങ്ങളും അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിടുകയായിരുന്നു.
മാലിന്യനിര്‍മാര്‍ജന പ്ളാന്‍റ് സ്ഥാപിച്ചതിലുണ്ടായ അപാകതയിലൂടെ പൊതുഖജനാവിന് 80 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടത്തെിയത്. മാലിന്യനിര്‍മാര്‍ജന പ്ളാന്‍റ് സ്ഥാപിച്ചതിലുണ്ടായ പാളിച്ചകള്‍ക്ക് ഏതാനും ജീവനക്കാര്‍ക്കെതിരെ മാത്രമാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടിക്ക് ശിപാര്‍ശ ചെയ്തത്. ഇത് തള്ളിയായിരുന്നു മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 2014 സെപ്റ്റംബര്‍ 14ന് വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.