2050 ഹയര്‍സെക്കന്‍ഡറി ജൂനിയര്‍ അധ്യാപകരെ സീനിയറാക്കാന്‍ ശിപാര്‍ശ
text_fieldsതിരുവനന്തപുരം: 2014ല്‍ പുതുതായി അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലേക്ക് അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ ശിപാര്‍ശ. 166 പുതിയ ഹയര്‍സെക്കന്‍ഡറികളിലേക്കാണ് തസ്തിക സൃഷ്ടിക്കാന്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ശിപാര്‍ശ സമര്‍പ്പിച്ചത്. അഞ്ച് വര്‍ഷം പൂര്‍ത്തിയായിട്ടും പ്രമോഷന്‍ ലഭിക്കാത്ത 2050 ഹയര്‍സെക്കന്‍ഡറി ജൂനിയര്‍ അധ്യാപകരെ സീനിയറാക്കാനുള്ള ശിപാര്‍ശയും സര്‍ക്കാറിന് കൈമാറിയിട്ടുണ്ട്.
പുതുതായി അനുവദിച്ച എയ്ഡഡ് ഹയര്‍സെക്കന്‍ഡറികളില്‍ 856 സീനിയര്‍ അധ്യാപക തസ്തികയും 972 ജൂനിയര്‍ തസ്തികയുമാണ് ശിപാര്‍ശ ചെയ്തത്. 216 ലാബ് അസിസ്റ്റന്‍റ് തസ്തികക്കും ശിപാര്‍ശ നല്‍കി. ഇതിനായി ആകെ 83,39,01216 രൂപയുടെ ബാധ്യതയാണ് കണക്കാക്കിയിരിക്കുന്നത്. പുതിയ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറികളിലേക്ക് 245 സീനിയര്‍ അധ്യാപക തസ്തികയും 314 ജൂനിയര്‍ അധ്യാപക തസ്തികയും 50 ലാബ് അസിസ്റ്റന്‍റ് തസ്തികയും സൃഷ്ടിക്കാനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിന് 25,02,39876 രൂപയുടെ ബാധ്യതയാണ് കണക്കാക്കിയിരിക്കുന്നത്.
അഞ്ച് വര്‍ഷം പൂര്‍ത്തിയായ ജൂനിയര്‍ തസ്തികയിലുള്ളവരെ സീനിയറാക്കണമെന്ന് നേരത്തേ ലബ്ബാ കമ്മിറ്റി ശിപാര്‍ശയുണ്ടായിരുന്നു. വര്‍ഷങ്ങളായി ഇത് നടപ്പാക്കിയിട്ടില്ല. ജൂനിയര്‍ തസ്തികയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയ 989 പേരാണുള്ളത്. ഇവരെ സീനിയറാക്കി ഉയര്‍ത്താന്‍ 22786560 രൂപയുടെ സാമ്പത്തിക ബാധ്യതയാണ് കണക്കാക്കിയിരിക്കുന്നത്. ആറ് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ 989ന് പുറമെ 332 പേര്‍ കൂടിയുണ്ട്. ഇവരെക്കൂടി സീനിയറാക്കാന്‍ 30435840 രൂപയുടെ ബാധ്യതയുണ്ടാവും.
ഇതിനുപുറമെ അഞ്ച് വര്‍ഷം മാത്രം പൂര്‍ത്തിയാക്കിയവര്‍ 729 പേരുമുണ്ട്. ഇവര്‍ക്കായി വരുന്ന അധികബാധ്യത 47232000 രൂപയാണ്. രണ്ട് ശിപാര്‍ശയും വൈകാതെ മന്ത്രിസഭയുടെ പരിഗണനക്കത്തെിയേക്കും. അതേസമയം 2014ല്‍ പുതിയ ഹയര്‍സെക്കന്‍ഡറികള്‍ അനുവദിച്ചതിന് പുറമെ നല്‍കിയ അധിക ബാച്ചുകളിലേക്ക് ആവശ്യമായ തസ്തികകളുടെ എണ്ണം ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് ശേഖരിച്ചുവരികയാണ്. നിലവില്‍ ഈ ഹയര്‍സെക്കന്‍ഡറികളില്‍ ഉള്ള തസ്തികകളുടെ എണ്ണം സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹയര്‍സെക്കന്‍ഡറി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.