നിയമസഭയിൽ വി.എസ്-മുരളീധരൻ വാക്പോര്
text_fieldsതിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കോൺഗ്രസ് നേതാവ് കെ. മുരളീധരനും തമ്മിൽ വാക്പോര്. ഇരുവരും തമ്മിലുള്ള വാക്പോര് ഭരണ-പ്രതിപക്ഷ എം.എൽ.എമാർ ഏറ്റുപിടിച്ചത് വലിയ ബഹളത്തിന് ഇടയാക്കി. ബഹളം നിയന്ത്രണാതീതമായതോടെ സഭാ നടപടികൾ സ്പീക്കർ താൽകാലികമായി നിർത്തിവെച്ചു.
ടൈറ്റാനിയം കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എളമരം കരീം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നൽകിയിരുന്നില്ല. വിഷയത്തിൽ ഇടപെട്ട് നടത്തിയ പ്രസംഗത്തിനിടെയാണ് ബുധനാഴ്ച നടത്തിയ ‘കിങ്ങിണികുട്ടൻ’ പരാമർശത്തിന് തുടർച്ചയായി വി.എസ് മുരളീധരനെ കടന്നാക്രമിച്ചത്.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ ഉമ്മൻചാണ്ടി സർക്കാരിനെ പുകഴ്ത്തിയ മുരളീധരനെ കെ. കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ ചാട്ടവാർ കൊണ്ട് അടിച്ചേനെ എന്ന് വി.എസ് പറഞ്ഞു. ചാരക്കേസിൽ കരുണാകരനെ പ്രതിക്കൂട്ടിൽ നിർത്തിയ ഉമ്മൻചാണ്ടിക്കൊപ്പമാണ് മുരളീധരനിപ്പോൾ. മുരളീധരൻ ‘എ’ ഗ്രൂപ്പിൽ ചേക്കേറിയെന്ന് കോൺഗ്രസ് ഉപശാലയിൽ സംസാരമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വി.എസ് തന്നെ കുറിച്ച് ബുധനാഴ്ച നടത്തിയ ‘കിങ്ങിണികുട്ടൻ’ പരാമർശം സ്വന്തം മകന് ചേർന്നതാണെന്ന് മുരളീധരൻ തിരിച്ചടിച്ചു. വി.എസിന്‍റെ മകന് ചേരുന്ന തൊപ്പി തന്‍റെ തലയിൽ വെക്കേണ്ടെന്നും പ്രതിപക്ഷ നേതാവിന്‍റെ പദവിക്ക് ചേർന്ന സംസാരമാണ് നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തര പ്രമേയത്തെ കുറിച്ചുള്ള പ്രസംഗത്തിൽ വേറെ വിഷയമല്ല സംസാരിക്കേണ്ടതെന്നും മുരളീധരൻ വ്യക്തമാക്കി.
ഇതോടെ മുരളീധരനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി. വി.ഡി സതീശന്‍റെ നേതൃത്വത്തിൽ ഭരണപക്ഷവും രംഗത്തെത്തിയതോടെ 10.40ന് സഭാ നടപടികൾ സ്പീക്കർ താൽകാലികമായി നിർത്തിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.