ഓട്ടോ-ടാക്സി നിരക്കും കുറക്കണമെന്ന് ആവശ്യം
text_fieldsകോഴിക്കോട്: ആഗോളവിപണിയില്‍ പെട്രോള്‍-ഡീസല്‍ വില കുറഞ്ഞ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഓര്‍ഡിനറി ചാര്‍ജ് ഒരുരൂപ കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തെങ്കിലും ഓട്ടോ-ടാക്സി നിരക്ക് സംബന്ധിച്ച് ഒന്നും പറയാതിരുന്നത് യാത്രക്കാര്‍ക്ക് തിരിച്ചടിയായി. ഏറെക്കാലത്തെ ആവശ്യത്തിനുശേഷമാണ് ബസ്ചാര്‍ജില്‍ കുറവുവരുത്താന്‍ സര്‍ക്കാര്‍ തയാറായത്. സ്വകാര്യ ബസ് ഉടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ സ്വകാര്യ ബസ് ചാര്‍ജും കുറക്കുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഓട്ടോ-ടാക്സി ചാര്‍ജ് സംബന്ധിച്ച് ഒരു പരമാര്‍ശവും നടത്തിയില്ല.
2014 ഒക്ടോബര്‍ ഒന്നിനാണ് ഓട്ടോ-ടാക്സി നിരക്ക് വര്‍ധിപ്പിച്ചത്. ഓട്ടോകളുടെ മിനിമം നിരക്ക് 20 രൂപയായും ഏഴു സീറ്റ് വരെയുള്ള മോട്ടോര്‍ കാബുകളുടെ നിരക്ക് 150 രൂപയുമായാണ് വര്‍ധനയുണ്ടായത്. 2012 നവംബര്‍ 30 മുതല്‍ ഇത് യഥാക്രമം 15ഉം 100ഉം രൂപയായിരുന്നതാണ് വര്‍ധിപ്പിച്ചത്. ചാര്‍ജ് വര്‍ധനക്കുശേഷം 15 രൂപയോളമാണ് കുറഞ്ഞത്. മാത്രമല്ല, വിലവര്‍ധന മിക്കപ്പോഴുമുണ്ടാവുന്നത് പെട്രോളിനാണ്. ഇതിന്‍െറ പേരിലാണ് ടാക്സികള്‍ ചാര്‍ജ് വര്‍ധന ആവശ്യപ്പെടാറുള്ളത്. എന്നാല്‍, ഭൂരിപക്ഷം ഓട്ടോകളും പെട്രോളില്‍നിന്ന് ഡീസലിലേക്ക് മാറിയതോടെ ടാക്സികള്‍ക്ക് സര്‍വിസുകള്‍ ലാഭകരമായി. മാത്രമല്ല, ഗുണനിലവാരമുള്ള വാഹനങ്ങള്‍ക്ക് 30 മുതല്‍ 35 വരെ കി.മീ. ഇന്ധനക്ഷമതയും ലഭിക്കുന്നുണ്ട്.
വാഹനങ്ങളുടെ ഇന്ധനക്ഷമതയും ഗുണനിലവാരവും വര്‍ധിക്കുകയും പെട്രോള്‍-ഡീസല്‍ വില കുറയുകയും ചെയ്താല്‍ ചാര്‍ജ് കുറക്കാമെന്നാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷന്‍ നിര്‍ദേശിച്ചിരുന്നത്. ഇക്കാര്യം നിയമസഭയില്‍ ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടിയായി ഫെബ്രുവരി എട്ടിന് ഗതാഗതമന്ത്രി വ്യക്തമാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് സാഹചര്യത്തിലാണ് സ്വകാര്യബസുകളെയും ഓട്ടോ ടാക്സികളെയും ഒഴിവാക്കി ചാര്‍ജ് കുറക്കല്‍ കെ.എസ്.ആര്‍.ടി.സിയില്‍ മാത്രം ചുരുക്കിയത് എന്നാണ് വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.